പതിനെട്ടാം ദിനം

18

ദുര്‍ഗാ മനോജ്

രാക്ഷസികള്‍ സീതക്ക് ചുറ്റും കൂടിയിരുന്ന് പലവിധത്തില്‍ ഭയപ്പെടുത്തുവാന്‍ തുടങ്ങി. ഒരുത്തി പറഞ്ഞു: ”നല്ല കിളിന്തു ശരീരം! ഞാനിവളെ ഭക്ഷിക്കും എന്നിട്ട് രാജാവിനോട് ഇവള്‍ കൊല്ലപ്പെട്ടു എന്ന് പറയും. രാമനെ ഓര്‍ത്ത് വിലപിക്കുന്ന ഇവള്‍ ചത്താലും രാജാവ് എന്നെ ശിക്ഷിക്കില്ല.”

ഇതുകേട്ട് മറ്റൊരുവള്‍ പറഞ്ഞു: ”ഇവളെ നമുക്ക് കഷണങ്ങളാക്കി എല്ലാവര്‍ക്കും കൂടി പങ്കിട്ട് കഴിക്കാം.” ഇത്തരത്തിലുള്ള പലതരം ഭീഷണികള്‍ കേട്ട് സീതയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. അവള്‍ എന്ത് ചെയ്യുവാനാണ്? രാക്ഷസികള്‍ക്കിടയില്‍ രാവണന്റെ കോട്ടയ്ക്കകത്ത് കടലിന് നടുക്ക്…..! അവളെ രക്ഷിക്കാന്‍ എത്തേണ്ടവര്‍ എത്തുന്നുമില്ല. ആകെ തളര്‍ന്ന സീത പൊടിമണ്ണിലേക്ക് വീണുകിടന്ന് കരഞ്ഞു.

അപ്പോഴും ചുറ്റിലും രാക്ഷസികള്‍ ക്രൂരവചനങ്ങളുമായി അവള്‍ക്ക് പ്രാണവേദന നല്കി.

ഒടുവില്‍ സീത ഏവരും കേള്‍ക്കെപ്പറഞ്ഞു: ”നോക്കുവില്‍ നിങ്ങള്‍ എന്നെ ഏതൊക്കെത്തരത്തില്‍ ദണ്ഡിപ്പിച്ചാലും ഞാന്‍ രാവണന് സ്വന്തമാകില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊന്നുതിന്നാം. പക്ഷേ, എന്നെ തീയില്‍ ചുട്ടാലും ഞാന്‍ രാവണന്റേത് ആകില്ല. ഞാന്‍ ഇവിടെയുണ്ട് എന്നറിഞ്ഞാല്‍ രാമന്‍ കോപംകൊണ്ട് ഇന്നുതന്നെ ലങ്കയെ ചുട്ടെരിക്കും. അവരുടെ കണ്‍മുന്നില്‍പ്പെട്ടാല്‍ ഒരു ശത്രുവും പിന്നെ ബാക്കിയുണ്ടാകില്ല അതോര്‍ത്തോ.”

ഓരോന്ന് പറഞ്ഞ് കരയുമ്പോഴും രാമന്‍ തേടിച്ചെല്ലാത്തതില്‍ സീതക്ക് ആശങ്കയേറിവന്നു. ഒരുപക്ഷേ, രാവണന്‍ അവര്‍ രണ്ടുപേരേയും വധിച്ചിരിക്കുവോ എന്ന ചിന്ത കൂടിവന്നപ്പോള്‍ അവള്‍ സ്വയം ഹത്യ ചെയ്യാം എന്ന് തീരുമാനിച്ചു. സീത പ്രാണത്യാഗത്തിന് തയ്യാറെടുക്കുന്നു എന്നുകേട്ട രാക്ഷസികല്‍ അക്കാര്യം രാവണനെ അറിയിക്കുവാനായി ഓടി. അതിനിടയില്‍ കോപംമൂത്ത മറ്റുചിലര്‍ സീതയെ വീണ്ടും ശകാരിച്ചു. പക്ഷേ, ഇതുകേട്ട് ത്രിജട എന്ന ഒരു രാക്ഷസി വേഗം അവിടെയെത്തി അവിടെക്കൂടിയ രാവണകിങ്കരികളോട്: ”മിണ്ടാതിരിക്ക്, പുലര്‍കാലത്ത് ഞാനൊരു സ്വപ്നം കണ്ടു അത് പ്രകാരം രാമനാല്‍ രാവണന്‍ ആക്രമിക്കപ്പെടും പിന്നെ സീത രാമനൊപ്പം സന്തോഷത്തോടെ ഒത്തുചേരുകയും ചെയ്യും. പുലര്‍കാല സ്വപ്നം ഫലിക്കും എന്ന് കേട്ടിട്ടില്ലേ? ലങ്കക്കും രാവണനും ആപത്ത് വരുന്നു” എന്ന് പറഞ്ഞു.

ഇതിനിടയില്‍ അത്യന്തം ദുഃഖത്തിലാണ്ട സീത സ്വയം മരിക്കുവാന്‍ നിശ്ചയിച്ചു. പക്ഷേ, എങ്ങനെ? ഒടുവില്‍ തന്റെ നീണ്ട മുടിക്കെട്ടില്‍ തന്നെ ജീവിതം തീര്‍ക്കാം എന്ന് തീരുമാനത്തിലെത്തി. എന്നാല്‍ അപ്പോള്‍ പല ശോഭനങ്ങളുമായ ശകുനങ്ങള്‍ കാണുവാന്‍ തുടങ്ങി. സീതയുടെ നീണ്ട ഇടത്തേക്കണ്ണ് തുടിച്ചു. പിന്നെ ഇടത്തേകയ്യും ഇടത്തേ തുടയും തുടിച്ചു. നല്ലകാലം വരുന്നു എന്ന് തിരിച്ചറിഞ്ഞ് സീത തന്റെ ഉദ്യമത്തില്‍ നിന്നും തല്ക്കാലം പിന്‍മാറി.

ഈ സമയം താഴെ നടക്കുന്ന കാഴ്ചകളൊക്കെ കാണുകയായിരുന്നു ഹനുമാന്‍. ആ കപിശ്രേഷ്ഠന്‍ വിചാരിച്ചു ഞാന്‍ സീതയെ കണ്ടു. പക്ഷേ, രാമന്റെ വിശേഷങ്ങള്‍ സീതയെ അറിയിക്കാതെ മടങ്ങിയാല്‍ രാമനുമൊത്തെ തിരികെ വരുമ്പോള്‍ ആ സാധ്വി ജീവനോടെ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും പറയുവാനാകില്ല. ഇനിയിപ്പോള്‍ ഞാന്‍ നേരിട്ട് ചെന്നാല്‍ രാവണന്‍ വേഷംമാറി വന്നതാണ് എന്ന് കരുതി സീത അകറ്റാനും മതി. ഈ ദുര്‍ഘട ഘട്ടത്തിന് എന്താണ് പ്രതിവിധി?

ഒടുവില്‍ ഹനുമാന്‍ ഒന്ന് തീരുമാനിച്ചു. രാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഉച്ചത്തില്‍ സംസാരിക്കുക. അതുകേട്ട് സീതക്ക് വിശ്വാസം ജനിച്ചശേഷം മാത്രം സീതയുടെ അടുത്തേക്ക് ചെല്ലുക. അങ്ങനെ ഹനുമാന്‍ മരത്തിലിരുന്ന് രാമനെക്കുറിച്ച് പറയുവാന്‍ തുടങ്ങി.

”ആരാണത്? ആരാണ് എന്റെ പ്രിയന്‍ രാമനെക്കുറിച്ച് ഇപ്രകാരം പറയുന്നത്? ആ നാമം കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളം തണുക്കുന്നല്ലോ…..” സീത രാമനെക്കുറിച്ച് ഹനുമാന്‍ പറഞ്ഞതുകേട്ട് ചുറ്റും അന്ധാളിച്ച് നോക്കി. ക്രമേണ സീതയുടെ പരിഭ്രമം മാറി വന്നപ്പോള്‍ അവള്‍ കണ്ട ശിംശപാമരത്തിലിരിക്കുന്ന വാനരനെ. പക്ഷേ, അത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് മനസ്സിലാക്കാനാകാതെ അവള്‍ ഭയന്ന് ബോധമറ്റ് വീണു. വീണ്ടും ബോധം തെളിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍, കണ്ടത് സ്വപ്നമല്ല എന്നും അവള്‍ക്ക് തോന്നി. അവള്‍ പ്രാര്‍ത്ഥിച്ചു ആ വാനരനാല്‍ ചൊല്ലപ്പെട്ടത് സത്യമായ് വരട്ടെ എന്ന്.

ഈ സമയം ഹനുമാന്‍ വിനയത്തോടെ സീതയുടെ മുന്നിലെത്തി. പിന്നെ അവളെ പ്രകീര്‍ത്തിച്ചുകൊണ്ട് രാമന്റെ പ്രിയപത്‌നി സീതതന്നെയല്ലേ എന്ന് ചോദിച്ചു. അതിന് മറുപടിയായി സീത തന്റെ കഥയും പറഞ്ഞു. ഒക്കെ കേട്ട് കഴിഞ്ഞപ്പോള്‍ ഹനുമാന്‍ സീതയോട് ഭയംവേണ്ട എന്നും രാമന്‍ ബാലിയെ വധിച്ച് സുഗ്രീവനുമായി സഖ്യം ചെയ്തുവെന്നും ഇനി അധികം വൈകാതെ രാവണനെ വധിച്ച് സീതയെ രക്ഷിക്കുമെന്നും ഉറപ്പ് നല്കി. ഒപ്പം രാമന്‍ തന്നുവിട്ട രാമനാമം കൊത്തിയ മോതിരം സീതക്ക് നല്കി. പകരമായി സീത തന്റെ ചൂഡാമണി രാമനു നല്കാനായി ഹനുമാന് കൈമാറി. കൂടാതെ രാമന് വിശ്വാസം വരുവാനായി പണ്ട് ഒരു കാക്ക തന്നെ കൊത്തി ഉപദ്രവിച്ചപ്പോള്‍ അതിനെ കൊല്ലുവാനായി പുല്‍നാമ്പിനെ ബ്രഹ്മാസ്ത്രമാക്കി മാറ്റിയ ആള്‍ എന്താണ് രാവണനെ ഇനിയും നിഗ്രഹിക്കാത്തത് എന്നും ചോദിക്കുവാനും സീത ഹനുമാനോട് ആവശ്യപ്പെട്ടു.

തിരികെപ്പോകുവാന്‍ തയ്യാറായ ഹനുമാന്‍ സീതയോട് ചോദിച്ചു: ”ദേവീ, ദേവിക്ക് സമ്മതമെങ്കില്‍ ഇപ്പോള്‍ത്തന്നെ രാമനു മുന്നില്‍ എത്തിക്കുവാന്‍ എനിക്ക് കഴിയും. എത്ര രാക്ഷസരും വന്നോട്ടെ എന്തിന് രാവണന്‍ തന്നെ വന്നോട്ടെ എന്നിരുന്നാല്‍പ്പോലും ദേവിക്ക് ഒരു പോറല്‍പോലുമേല്‍ക്കാതെ രാമസവിധത്തില്‍ ഞാന്‍ എത്തിക്കാം.”

ഇതുകേട്ട് സീത പറഞ്ഞു: ”ഹേ കപിശ്രേഷ്ഠാ. അത് എന്തായാലും വേണ്ട. ആകാശമാര്‍ഗ്ഗേ അമിതവേഗത്തില്‍ സഞ്ചരിച്ചാല്‍ ഞാന്‍ താഴെ സമുദ്രത്തില്‍ വീണുപോകാം. രാക്ഷസന്മാരാല്‍ ആക്രമിക്കപ്പെട്ടാലും നീ എന്തൊക്കെ ചെയ്യും? എന്നെ രക്ഷിക്കുമോ, അവരോട് പോരാടുമോ? മാത്രവുമല്ല രാവണനെ വധിച്ച എന്നെ രക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ധര്‍മ്മമാണ്. അദ്ദേഹത്തെ അല്ലാതെ മറ്റൊരു പുരുഷനേയും ഞാന്‍ അറിഞ്ഞുകൊണ്ട് സ്പര്‍ശിക്കില്ല. അതുകൊണ്ട് നീ വേഗം പോയി അദ്ദേഹത്തെ ഇവിടെ എത്തിക്കുവാനുള്ള കാര്യങ്ങള്‍ ചെയ്യുക. വരുവാന്‍ വൈകിയാല്‍ ഞാന്‍ സ്വയം ഇല്ലാതാകും എന്നുകൂടി അറിയിക്കുക. ഇനി വെറും രണ്ട് മാസമേ സമയം രാവണന്‍ തന്നിട്ടുള്ളൂ എന്നുകൂടി രാമനെ ധരിപ്പിക്കുക. അവനു പ്രാതലാകേണ്ടിവരും മുമ്പ് ഞാന്‍ സ്വയം ഇല്ലാതാകും.”

ഇതുകേട്ട് ഹനുമാന്‍ വേഗംതന്നെ സീതയോട് യാത്രാനുമതി വാങ്ങി അവിടെനിന്നും പോകാന്‍ തീരുമാനിച്ചു.
പോകുന്ന പോക്കില്‍ സീത ഇരുന്ന മരം ഒഴിവാക്കി ആ അശോകവനികയാകെ പിഴുതെറിഞ്ഞ് അലങ്കോലമാക്കി ആ വാനരന്‍. ഇതുകണ്ട് രാക്ഷസികള്‍ വിവരം രാവണനെ ധരിപ്പിക്കുവാനായി ഓടി.

കോപംകൊണ്ട് ജ്വലിച്ച രാവണന്‍ ഹനുമാനെ പിടിച്ചുകെട്ടാന്‍ കുറേ രാക്ഷസരെ അയച്ചു. അവരെ നിമിഷങ്ങള്‍ക്കകം കാലപുരിയ്ക്കയച്ചു. പിന്നീടുവന്ന ജംബുമാലിയേയും മന്ത്രിമാരുടെ പുത്രന്മാരേയുമൊക്കെ ഹനുമാന്‍ കൊന്നൊടുക്കി. അതുകഴിഞ്ഞ് രംഗത്തുവന്ന രാവണ സേനാപതികള്‍ക്കും അതേ ഗതി തന്നെ സംഭവിച്ചു. അതോടെ ലങ്കയില്‍ ആകെ ഒരു കുരങ്ങന്‍ സൃഷ്ടിക്കുന്ന ഭീകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭീതിപരന്നു. ചെല്ലുന്നവര്‍ ചെല്ലുന്നവര്‍ മരിച്ചുവീഴുന്നത് കണ്ട് യുദ്ധത്തിന് തയ്യാറെടുത്ത് തന്റെ മുമ്പില്‍ നില്‍ക്കുന്ന അക്ഷകുമാരനെ രാവണന്‍ കണ്ടു. അക്ഷകുമാരന്‍ ഹനുമാന്റെ നേര്‍ക്ക് എത്തി. പിന്നെ നടന്ന യുദ്ധത്തില്‍ വിണ്ടലം ഇരമ്പി കടലുകലങ്ങി. സമാസമം നടന്ന യുദ്ധത്തിന്റെ ഒടുവില്‍ എത്രയുംവേഗം അവനെ വധിക്കണം എന്ന് തീര്‍ച്ചയാക്കി വേഗം അവനെ വധിച്ച് ഒറ്റ ഏറ് വച്ചുകൊടുത്തു. അക്ഷകുമാരനെ വധിക്കുന്നത് കണ്ട ആകാശചാരികളായ മഹര്‍ഷിമാര്‍ വിസ്മയത്തോടെ ഹനുമാനെ നോക്കി.
പിന്നെ ഹനുമാന്‍ അവിടംവിട്ട് പുറത്തേക്ക് പോയി….

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close