പതിനേഴാം ദിനം

17

ദുര്‍ഗാ മനോജ്

ങ്കാലക്ഷ്മി അനുവാദം നല്കി പിന്‍വാങ്ങിയതോടെ ഹനുമാന്‍ വേഗം ഇടതുകാല്‍ വച്ച് ലങ്കാപുരിയിലേക്ക് കടന്നു. പിന്നെ വിചിത്ര രൂപങ്ങളിലുള്ള അലങ്കരിച്ച സൗധങ്ങള്‍ കണ്ട്, പൂക്കള്‍ വിതറിയ രാജവീഥികളിലൂടെ സഞ്ചരിച്ചു.
രാവണന്റെ ലങ്ക അതിന്റെ പ്രൗഡിയില്‍ ഒന്നിനും തോല്‍പ്പിക്കുവാന്‍ സാധിക്കാത്ത അത്രയും മികച്ചതായിരുന്നു. അകലെ നിന്നും, പൊന്‍കമാനങ്ങളോടുകൂടിയ വിഖ്യാതമായ രാവണഗൃഹം കപിവരന്‍ കണ്ടെത്തി. വെണ്‍താമരകള്‍ നിറഞ്ഞ കിടങ്ങുകള്‍കൊണ്ട് ചുറ്റപ്പെട്ട് കോട്ടകൊത്തളങ്ങളാല്‍ സംരക്ഷിക്കപ്പെട്ട രാവണഗൃഹം! ആയിരക്കണക്കിന് സായുധരായ രാക്ഷസന്മാരാല്‍ ചുറ്റപ്പെട്ട ആ മായാഗൃഹത്തിലേക്ക് സീതാന്വേഷണവുമായി ഹനുമാന്‍ പ്രവേശിച്ചു.

ഇഷ്ടരൂപമെടുക്കാന്‍ കഴിവുള്ള കപി, ലങ്കയിലെ പലനില മാളികകളില്‍ യഥേഷ്ടം സഞ്ചരിച്ചു. വെള്ളികൊണ്ടുള്ള ചിത്രപ്പണികള്‍! പൊന്നുകൊണ്ടുള്ള പടിവാതിലുകള്‍! രാത്രിയിലെ ആ കൊട്ടാരക്കാഴ്ച അത്യധികമായ അത്ഭുതവും സന്തോഷവും ഹനുമാന് നല്കി. പിന്നീട് ഹനുമാന്‍ സ്ത്രീകള്‍ പാര്‍ക്കുക അന്തഃപ്പുരത്തിലാകുമല്ലോ എന്നോര്‍ത്ത് സീതയെ തേടി അന്തഃപ്പുരത്തിലേക്ക് ചെന്നു. അവിടെ രാവണപത്‌നിമാരായ ആയിരം സ്ത്രീകള്‍ പാര്‍ത്തിരുന്നു. അവരില്‍ ചിലരെ രാവണന്‍ തട്ടിക്കൊണ്ടുവന്നതാണെങ്കില്‍ ചിലര്‍ രാവണനില്‍ ആകൃഷ്ടരായി രാവണനെ തേടിവന്നവരാണ്.

രാവണന്റെ അന്തഃപ്പുരം മുഴുവന്‍ ഹനുമാന്‍ അരിച്ചുപെറുക്കി. പക്ഷേ, സീതയെ മാത്രം കണ്ടില്ല. ഒടുവില്‍ ആകെ സങ്കടപ്പെട്ട് ഇനിയെന്ത് വേണ്ടൂ എന്ന് ചിന്തിച്ച് സീതയെ കണ്ടെത്താനായില്ലെങ്കില്‍ മരിക്കുക തന്നെ. വേറെ വഴിയില്ല. എന്നൊക്കെ നിനച്ച് ഇരിക്കുമ്പോഴാണ് രാജഗൃഹത്തിനോട് തൊട്ടടുത്തുള്ള അശോകവനിയില്‍ ഹനുമാന്റെ ദൃഷ്ടി പതിഞ്ഞത്.

ഒരുപക്ഷേ, ഇവിടാകാം സീതയെ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് കണക്കുകൂട്ടി ഹനുമാന്‍ ഒറ്റച്ചാട്ടത്തിന് അശോകവനിയില്‍ എത്തി. നിറയെ പൂത്ത് കായ്ച്ചുകിടക്കുന്ന ഫലവൃക്ഷങ്ങള്‍! ഹനുമാന്‍ ഒരു മരത്തില്‍ നിന്ന് അടുത്തതിലേക്ക് ചാടുമ്പോള്‍ പൂക്കളെമ്പാടും കൊഴിഞ്ഞുവീണു. അങ്ങനെ പൂക്കളില്‍ മുങ്ങി പൂക്കളുടെ സുഗന്ധം പേറി ഹനുമാന്‍, ഉറങ്ങുന്ന പക്ഷികളെ ഉണര്‍ത്തി അശോകവനിയിലൂടെ സഞ്ചരിച്ചു. ഒടുവില്‍ കണ്ടു! അഴുക്കുപുരണ്ട മഞ്ഞച്ചേല ചുറ്റി. ഉപവാസം കൊണ്ട് ശോഷിച്ച് ദീനയായി അനേകം രാക്ഷസികളാല്‍ ചുറ്റപ്പെട്ട് വെളുത്തപക്ഷത്തിന്റെ തുടക്കത്തിലെ ചന്ദ്രരേഖപോലെ മൈഥിലി!

ഇവള്‍ തന്നെ സീത. ഹനുമാന്‍ ഉറപ്പിച്ചു. രാമന്‍ പറഞ്ഞ ആഭരണങ്ങള്‍ ചിലത് ആ മേനിയില്‍ കാണാം. ഭംഗിയില്‍ തീര്‍ത്ത കുണ്ഡലങ്ങള്‍ പൂക്കള്‍പോലെ കാതുകളില്‍. രത്‌നവും പവിഴവും പതിപ്പിട്ട ഹസ്താഭരണങ്ങള്‍ ഒക്കെയും. ഇത് രാമന്റെ പ്രിയഭാര്യ തന്നെ. ഈ ദേവിയുടെ മനം രാമനിലും രാമന്റേത് ഇവളിലും ഉറച്ചിരിക്കുന്നു. അതിനാലാണ് ഇവളും ആ ധര്‍മ്മാത്മാവും ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ സീതയെക്കുറിച്ച് ചിന്തിച്ച് ഹനുമാന്‍ ഒന്നുകൂടി അടുത്തേക്ക് കാണുവാന്‍ തക്കവിധം ഇലച്ചാര്‍ത്തുകള്‍ക്കിടയിലേക്ക് ഹനുമാന്‍ സ്ഥാനം പിടിച്ചു.
ഇപ്പോള്‍ക്കാണാം നിരവധികളായ രാക്ഷസികളെ! വികൃതമുഖികള്‍, കരാളകള്‍, ആനക്കാലികള്‍, കറമ്പികള്‍, മദ്യമാംസങ്ങളില്‍ കൊതിപൂണ്ടവര്‍ ഇങ്ങനെ പലവിധ രൂപത്തിലുള്ള രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട സീത!

അങ്ങനെ ആ രാത്രി അവസാനിച്ചു. പ്രഭാകം കിളികളുടെ കളകൂജനത്തിനൊപ്പം ലങ്കയില്‍ അവതരിച്ചു. ഈ സമയം ഉറക്കം വിട്ടുണര്‍ന്ന രാവണന്‍, സീതയുടെ ചിന്ത ഉള്ളില്‍ നിറഞ്ഞ് വേഗം തന്നെ രാക്ഷസീ പരിസേവിതനായി അശോകവനികയില്‍ എത്തി.
രാവണന്റെ വരവുകണ്ട് സീത കൊടുങ്കാറ്റില്‍പ്പെട്ട വാഴപോലെ വിറച്ചു. അവളുടെ മുന്നിലേക്ക് കടന്നുവന്ന രാവണന്‍ മധുരവാക്കുകളിലൂടെ സീതയെ പ്രലോഭിപ്പിച്ചു. ”ലോകത്ത് ഞാന്‍ കീഴടക്കിക്കൊണ്ടുപോന്ന സകല അമൂല്യവസ്തുക്കളും പ്രിയേ ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു. ഈ പൊടിമണ്ണില്‍ ശയിക്കേണ്ടവളല്ല നീ. വരൂ നിന്നെ ഞാന്‍ എന്റെ പ്രഥമപത്‌നീ സ്ഥാനം നല്കാം. മുപ്പാരിലും മികച്ച മങ്കമാര്‍ നിന്നെ പരിചരിക്കും.”

ഇതൊക്കെ കേട്ട് സീത ഒരു പുല്‍ക്കൊടി പറിച്ച് മുന്നിലിട്ടുകൊണ്ട് പറഞ്ഞു. ”രാവണാ നീ ഈ പുല്‍ക്കൊടി ഭേദിച്ച് മുന്നിലേക്ക് വരരുത്. നിന്റെ അന്ത്യം അടുത്തുകഴിഞ്ഞു. എന്തറിഞ്ഞു നീ മൂഢാ? രാമബാണത്തില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ എന്തിനാണു കഴിയുക? രാമലക്ഷ്മണന്‍മാരുടെ ഗന്ധമേറ്റാല്‍ നിനക്ക് പുലിയുടെ മുന്നില്‍പ്പെട്ട പട്ടിയെപ്പോലെ ഓടിഒളിക്കേണ്ടിവരും. നീ രാമശരമേറ്റ് നാശമടയും. നിശ്ചയം.”
സീതയുടെ പരുഷവാക്കുകള്‍ കേട്ട് രാവണന്‍ പറഞ്ഞു. സ്ത്രീകളെ എത്രയേറെ അനുനയിപ്പിക്കുന്നുവോ, അത്രയും അവന്‍ അവര്‍ക്ക് പ്രിയങ്കരനാകും. എന്നാല്‍ നിനക്ക് എന്നോട് അവജ്ഞ കൂടുകയാണല്ലോ. ഏതായാലും ഞാന്‍ നിശ്ചയിച്ച അവധിയില്‍ ഇനിയും രണ്ട് മാസം കൂടി ബാക്കിയുണ്ട്. എന്നിട്ടും നീ എനിക്ക് വിധേയ ആകാത്തപക്ഷം പ്രാതലിന് നിന്നെ വെട്ടിനുറുക്കാന്‍ ഞാന്‍ പാചകക്കാരോട് ഉത്തരവിട്ടിട്ടുണ്ട്.”

പിന്നെ സീതക്ക് ചുറ്റുമുള്ള രാക്ഷസികലോട് അവളെ എത്രയുംവേഗം തനിക്കനുകൂലമാക്കിമാറ്റുവാന്‍ വേണ്ടി പരിശ്രമിക്കുവാന്‍ രാവണന്‍ ആവശ്യപ്പെട്ടു. പിന്നെ അവന്‍ തിരികെ രാക്ഷസികള്‍ക്കൊപ്പം മടങ്ങി.
രാവണവാക്യം കേട്ട രാവണഭൃത്യകള്‍ പലമട്ടില്‍ സീതയെ ഗുണദോഷിച്ചു. പിന്നെ അവളുടെ മനം മാറ്റുവാനുള്ള വിദ്യകള്‍ ആലോചിച്ചു തുടങ്ങി.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close