പതിനൊന്നാം ദിനം

11

ദുര്‍ഗാ മനോജ്

ഖരദുഷ്ടന്മാര്‍ രാമനാല്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെ എന്ന് നിശ്ചയിച്ച് രാമനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു. രാമന്റെ വിജയം സീതയുടെ സാന്നിദ്ധ്യമാണെന്ന് ചില രാക്ഷസരെങ്കിലും മനസ്സിലാക്കി. രാമനെ തകര്‍ക്കാന്‍ സീതയെ അപഹരിക്കുക. ആ വിദ്യ രാവണന് ഉപദേശിക്കപ്പെട്ടു……………
ഇന്ന് മായാമരീചന്‍ എത്തുകയാണ് രാവണന് സഹായവുമായി

”സഹോദരി നിഷ്ഠൂരമായി അപമാനിക്കപ്പെട്ടിരിക്കുന്നു അതും രണ്ട് മനുഷ്യരാല്‍! പതിനാല് രാക്ഷസരും അവന്റെ കൈയ്യാല്‍ വധിക്കപ്പെട്ടിരിക്കുന്നു! സംഭവിക്കാന്‍ പാടില്ലാത്തവയാണിതൊക്കെ. ഇനി ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ല. രാക്ഷസകുലം അത്ര കഴിവുകെട്ടവരല്ല. ഖരന്‍ നേരിട്ട് ഇതാ പോരിനിറങ്ങുന്നു….”
സഹോദരി ശൂര്‍പ്പണഖയുടെ വിലാപം കേട്ട് വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു തരിപോലും ചിന്തിക്കാതെ മഹാരഥത്തിലേറി, പിന്നെ മഹാപരാക്രമികളായ പതിന്നാലായിരം രാക്ഷസപ്പടയോടും കൂടി രാമലക്ഷ്മണന്മാരെ ”ദാ ഇപ്പോ തീര്‍ത്തുതരാം” എന്ന മട്ടില്‍ പോരിനിറങ്ങി.
പ്രകൃതി ദുര്‍ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി.

ശക്തമായ ഇടിമിന്നല്‍. ആകാശം കടുംചുവപ്പ് മേഘങ്ങള്‍കൊണ്ട് മൂടി. കുറുക്കന്മാര്‍ ഓരിയിട്ടു, വാവിലല്ലാതെ രാഹു സൂര്യനെ ഗ്രസിച്ചു. ദുര്‍ലക്ഷണങ്ങള്‍ കണ്ട് ഖരന്‍ പറഞ്ഞു: ”നോക്കിന്‍ കൂട്ടരേ ഇതൊന്നും കൊണ്ട് ഖരനെ തളര്‍ത്താനാകില്ല. പരാജയം ഇന്നുവരെ അറിയാത്തവനാണ് ഖരന്‍. ഇന്ന് ആ മനുഷ്യപ്പുഴുക്കളെ നിഗ്രഹിച്ച് മടങ്ങിവരും നാം – നിശ്ചയം.” ഇതുകേട്ട് പൂര്‍വ്വാധികം ശക്തിയോടെ വിളക്കിന്റെ പ്രഭയിലേക്ക് പാഞ്ഞടുക്കുന്ന ഈയലുകളെപ്പോലെ രാക്ഷസര്‍ രാമനുനേരെ പാഞ്ഞു.
ഈ സമയം രാമന്‍ ലക്ഷ്മണനോട് പറഞ്ഞു: ”നോക്കൂ അനിയാ…. നീ സീതയെ കാട്ടിലെ മരങ്ങളാല്‍ ചുറ്റപ്പെട്ട ഏതെങ്കിലും ഗുഹയില്‍ സുരക്ഷിതയായി എത്തിച്ച് അവള്‍ക്ക് കാവല്‍ നില്ക്കുക. ഈ രാക്ഷസരെ നിഗ്രഹിക്കുവാന്‍ ഞാന്‍ തന്നെ മതിയാകും.” ജ്യേഷ്ഠന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ വേഗം സീതയെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ച് അവിടെ കാവലായി നിന്നു.
നടക്കുവാന്‍ പോകുന്ന ഭീകരമായ യുദ്ധത്തിന് സാക്ഷ്യം വഹിക്കാന്‍ ആകാശത്ത് ദേവതകളും ഗന്ധര്‍വ്വന്മാരും മുനിമാരും സന്നിഹിതരായി. (അപ്പോഴേക്കും ഖരന്‍ രാമന്റെ മുന്നിലെത്തി.
അഗ്നിതുല്യമായ കവചം ധരിച്ച് വലിയ വില്ലും ശരങ്ങളും എടുത്ത് കൂരിരുട്ടില്‍ ആളിക്കത്തുന്ന തീപോലെ രാമന്‍ തിളങ്ങി.
യുദ്ധം തുടങ്ങി പലതരം ആയുധങ്ങള്‍ മഴപോലെ രാമനുമേല്‍ വര്‍ഷിക്കപ്പെട്ടു. എന്നാല്‍ അവയൊക്കെ ലക്ഷ്യത്തിലെത്തുംമുമ്പ് രാമാസ്ത്രങ്ങളാല്‍ തകര്‍ക്കപ്പെട്ടു. പതിയെ മുറിവേറ്റ് ചത്ത് മലയ്ക്കുന്ന രാക്ഷസരുടെ ശരീരംകൊണ്ട് കാട് നിറഞ്ഞു. രാക്ഷസര്‍ പ്രാണരക്ഷാര്‍ത്ഥം ചിതറിയോടുന്നത് കണ്ട് അവരെ തടഞ്ഞ് ഖരന്‍, തന്റെ സേനാപതി ദൂഷണനെ പോരിനു വിട്ടു. വീരപരാക്രമിയായിട്ടും അവനും രാമനു മുന്നില്‍ അധികമൊന്നും ചെയ്യുവാന്‍ ഉണ്ടായിരുന്നില്ല. അവനും പിന്നെ ഖരന്റെ മറ്റ് പന്ത്രണ്ട് സേനാപതികളും യമലോകം പുല്‍കി……..
പിന്നെ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ടത് ത്രിശിരസ്സ് എന്ന രാക്ഷസനായിരുന്നു. മൂന്ന് ശിരസ്സും നഷ്ടപ്പെട്ട് ഒരു ശിരസ്സും ബാക്കിയില്ലാതെ അവനും വീണു ഭൂമിയില്‍. അതുവരെ മുനിമാരെ ഭക്ഷിച്ച് അഹങ്കരിച്ച് നടന്ന രാക്ഷസര്‍ ഇന്ന് രാമബാണമെറ്റ് ചത്ത് മലയ്ക്കുന്നു! ഇതുകണ്ട് പരിഭ്രാന്തരായ അവശേഷിച്ച രാക്ഷസര്‍ നാലുവഴിക്കും ചിതറിയോടി. ഒടുവില്‍ ഇനി കാത്തിരിക്കുന്നതില്‍ കാര്യമില്ല എന്ന് മനസ്സിലാക്കി ഖരന്‍, രാമനു മുന്നില്‍ പോരിനായെത്തി. മഹാപരാക്രമിയാണ് ഖരന്‍. അവനെ കുറച്ച് കാണുവാന്‍ ആകില്ല. പിന്നെ ദേവകള്‍ സാക്ഷ്യം വഹിച്ചത് അതിഭീകരമായ ഒരു യുദ്ധത്തിനാണ്. ഖരന്‍ അയച്ച അസ്ത്രമേറ്റ് രാമന്റെ ശരീരം ചോരയില്‍ മുങ്ങി. പക്ഷേ, പിന്നീട് രാമന്‍ തൊടുത്ത ആറമ്പുകള്‍ അവന്റെ ശരീരം നുറുക്കി. പിന്നൊരു പതിമൂന്ന് അമ്പുകള്‍ അവന്റെ തേര്‍തകര്‍ത്ത് തേരാളിയെ തകര്‍ത്ത് അവനെ നിസ്സഹായനാക്കി. അപ്പോള്‍ അവന്‍ അവന്റെ ഗദയുമായി ചാടിയിറങ്ങി. ഗദ ആകാശത്തുവച്ചു തന്നെ രാമന്‍ തകര്‍ത്തു. പിന്നെ ആയുധമില്ലാതെ അവന്‍ വലിയൊരു മരം പിഴുതെടുത്ത് രാമനു നേരെ എറിഞ്ഞു. അതും ചെറു കഷണങ്ങളായി ചിതറി. പിന്നെ രാമന്‍ ബ്രഹ്മാസ്ത്രംപോലെയുള്ളതാം തീപോലെ തിളങ്ങുന്നതുമായ അസ്ത്രം അവനുനേരെ ഉപയോഗിച്ചു. അങ്ങനെ ഖരന്‍ നിലംപൊത്തി.
ഇതുകണ്ട് ദേവകള്‍ രാമനു മേല്‍ പൂമഴചൊരിഞ്ഞു. സീത രാമനടുത്തേക്ക് ഓടിവന്ന് ഭര്‍ത്താവിനെ ആലിംഗനം ചെയ്തു. മുനിമാര്‍ രാമനെ വാഴ്ത്തുന്നതുകണ്ട് അഭിമാനത്തോടെ രാമനോടൊപ്പം സീത സന്തോഷത്തോടെ നിന്നു. എല്ലാം കണ്ട് പുഞ്ചിരിച്ച് ജ്യേഷ്ഠനോടൊപ്പം ലക്ഷ്മണനും കൂടി.
ഖരന്റെ കൂട്ടത്തില്‍നിന്നും രക്ഷപ്പെട്ട് ഓടിയ ചില രാക്ഷസര്‍ ഖരവധത്തെക്കുറിച്ച് രാവണനോട് ലങ്കയിലെത്തി പറഞ്ഞു കരഞ്ഞു. ”ആ രാമനെ വധിക്കുക.” അവരുടെ ആവലാതികേട്ട്, ത്രിലോകങ്ങളേയും അധീശത്തിലാക്കി പരമേശ്വരന്റെ പ്രീതിയേറ്റ, ഇന്ദ്രനെ ബന്ധിച്ച പരാക്രമി രാവണന്‍ കാര്യമെന്ത് എന്നറിയാല്‍ തീരുമാനിച്ചു. രണ്ട് മനുഷ്യര്‍ രാക്ഷസരെ കൊല്ലുകയോ? അസംഭവ്യം! ഈ രാക്ഷസര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ഏതായാലും കാര്യങ്ങള്‍ അറിയുവാനായി മാരീചനടുത്തെത്തി. രാക്ഷസര്‍ പറഞ്ഞ കഥകള്‍ക്കിടയില്‍ രാമന് അതിസുന്ദരിയായ ഒരു ഭാര്യയുണ്ട് എന്ന വിവരവും രാവണന്‍ കേട്ടിരുന്നു. അതുകൊണ്ട് രാവണന്‍ മാരീചനോട് രാമന്റെ സുന്ദരിയായ ഭാര്യയെ തട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചോദിച്ചു. രാമന്റെ പ്രാണന്‍ സീതയിലാണെന്നാണ് കേട്ടറിവ്. അങ്ങനെയെങ്കില്‍ സീത നഷ്ടപ്പെട്ടാല്‍ അവനെ വധിക്കാന്‍ പ്രയാസമൊന്നും ഉണ്ടാവുകയില്ല.
ഇതുകേട്ട് മാരീചന്‍ രാവണനോട് പറഞ്ഞു. അങ്ങ് എന്ത് അബദ്ധമാണ് പറയുന്നത്? ഏത് ശത്രുവാണ് അങ്ങേക്ക് രാമപത്‌നിയെ അപഹരിക്കാനുള്ള വിദ്യ ഉപദേശിച്ചത്. അങ്ങ് മടങ്ങുക. അവര്‍ വനവാസം പൂര്‍ത്തിയാക്കി അയോധ്യയിലേക്ക് മടങ്ങട്ടെ. രാമനെ എതിര്‍ക്കുന്നത് അങ്ങേക്ക് ആശാസ്യമല്ല. മാരീചന്റെ വാക്ക് കേട്ട് രാവണന്‍ മടങ്ങി.
പക്ഷേ, രാവണന്റെ ദുര്‍ഗതി അവസാനിക്കുകയല്ല ആരംഭിക്കുകയാണല്ലോ. തിരികെ ലങ്കയിലെത്തിയ രാവണനെ കാത്ത് അവിടെ ശൂര്‍പ്പണഖ കാതും ചെവിയും നഷ്ടപ്പെട്ട് ഘോരഘോരം കരഞ്ഞ് കാത്തിരിക്കുകയായിരുന്നു.
”പ്രതാപവാന്‍മാരായ ത്രിഭുവനം ഭരിക്കുന്ന ആങ്ങളമാരുണ്ടീ ശൂര്‍പ്പണഖക്ക്. പക്ഷേ, എന്തു ഫലം. എന്നെ രണ്ട് മനുഷ്യപ്പുഴുക്കള്‍ ഈ വിധമാക്കി. ആ രാമന്‍, അവന്റെ ഭാര്യ ത്രിഭുവനത്തിലും അവളോളം സുന്ദരിയായ ഒരുവളെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ക്ക് ചേരുക രാമനല്ല, രാവണന്‍ തന്നെയാണ്എന്നുകണ്ട് അവളെ എന്റെ ആങ്ങളക്ക് സമ്മാനിക്കുവാന്‍ ശ്രമിച്ച എന്നെ ആ രാമസഹോദരന്‍ വിരൂപയാക്കി. അങ്ങ് സീതയെ തട്ടിയെടുക്കുക. എനിക്ക് നേരിട്ട അപമാനത്തിന് പകരം വീട്ടൂ. സീത നഷ്ടപ്പെട്ടാല്‍ ആ രാമലക്ഷ്മണന്മാരെ വധിക്കാന്‍ പ്രയാസമുണ്ടാകില്ല.”
വീണ്ടും അതേ വാക്ക് ”സീത”. രാവണന്‍ ആകെ ഒന്നിളകി. അത്രയ്ക്ക് സുന്ദരിയെങ്കില്‍ അവള്‍ക്ക് രാവണനേക്കാള്‍ ആരാണ് അനുയോജ്യന്‍ അവള്‍ രാവണന്റെ അന്തഃപ്പുരറാണിയാകും.”
രാവണന്‍ നിശ്ചയിച്ചു. ശൂര്‍പ്പണഖയ്ക്ക് സമാധാനമായി. ഇനി രാവണന്‍ പിന്മാറില്ല. അവള്‍ അടങ്ങി. ഈ സമയം രാവണന്‍ തന്റെ വിമാനത്തില്‍ വാനില്‍ വെള്ളിപുതച്ച മുകില്‍പോലെ ശോഭിച്ചു. താഴെ ഭൂമിയിലെ കാഴ്ചകള്‍കണ്ട് രാവണന്‍ മാരീചന്റെ അടുത്തെത്തി.
വീണ്ടും ദശഗ്രീവന്‍! ഇതെന്താണിത്രപെട്ടെന്ന് അങ്ങ് വീണ്ടും? മാരീചന്‍ ഉപചരിച്ചുകൊണ്ട് രാവണനോട് ചോദിച്ചു.
ഇത്തവണ രാവണന്‍ പിന്‍മാറാനായല്ല മാരീചനടുത്തേക്ക് എത്തിയത്. ”സഹായിക്കണം. ഒരു അപൂര്‍വ്വമായ പുള്ളിമാനായി സീതയുടെ മനം കവരുക. രാമന്‍ മാനിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ സീതയെ കവര്‍ന്ന് ലങ്കയിലേക്ക് മടങ്ങും.”
മാരീചന്‍ അതുകേട്ട് ഒന്ന് നടുങ്ങി. ”കാലന്‍ തന്റെ അടുത്ത് എത്തിയിരിക്കുന്നു. രാമനോട് ഏറ്റുമുട്ടിയാല്‍ ഒന്നുമുണ്ടാകില്ല ബാക്കി. പണ്ട് രാമന്‍ വെറും ബാലകനായിരിക്കെ വിശ്വാമിത്രമുനിയ്‌ക്കൊപ്പം കാട്ടിലെത്തി തന്നെ ഒരു ബാണം കൊണ്ട് നൂറ് യോജന കടലില്‍ പറത്തിക്കളഞ്ഞവനാണ്. എന്റെ അന്ത്യം രാമബാണമേറ്റു തന്നെ.” എന്ന് ചിന്തിച്ച് വ്യസനിച്ച് രാവണനെ ഒന്നുകൂടി ഉപദേശിച്ചു നോക്കി. പക്ഷേ, ഉപദേശിക്കുന്നത് അനുസരിച്ച് രാവണന് വീര്യം കൂടിയതേയുള്ളൂ. ഒടുവില്‍ രാവണന്റെ കൈകൊണ്ടാകട്ടെ എന്നുകരുതി രാവണന്‍ പറഞ്ഞപ്രകാരം മാരീചന്‍ മാനായി മാറുവാന്‍ തീരുമാനിച്ചു.
മാരീചന്‍ ഒരു മായാമൃഗമായി മാറി രാമന്റെ ആശ്രമപരിസരത്തിലെത്തി. നീലക്കല്ലിനൊത്ത കൊമ്പുകള്‍, ചെന്താമരനിറമൊത്ത മുഖം! താമരയല്ലി നിറം, ഇന്ദ്രനീലസമാനമായ കണ്ണുകള്‍, പലതരം രത്‌നങ്ങള്‍പോലെ തിളങ്ങുന്ന പുളളികള്‍. നല്ല സന്ധിബന്ധങ്ങള്‍. അഴകാര്‍ന്ന് തിളങ്ങുന്ന മെയ്യ്…..!

marichan

സീത കാട്ടുപൂക്കള്‍ ശേഖരിക്കുകയായിരുന്നു. അപ്പോള്‍ പവിഴമല്ലിയും അശോകവും പറിച്ച് കൂട നിറയ്ക്കുമ്പോള്‍ കണ്ടു ഒരു മാനിനെ അവള്‍!
അതൊരു വെറും മാനല്ല. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ആ മാനിനെ കണ്ട് ജനകനന്ദിനി വിസ്മയിച്ചുനിന്നു.

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close