പതിമൂന്നാം ദിനം

13

ദുര്‍ഗാ മനോജ്

രാമന്‍ ഗോദാവരീ നദിയോടും ചോദിച്ചു ”എവിടെ എന്റെ സീത?” രാവണനെ ഭയന്ന് നദി ഒന്നും മിണ്ടിയില്ല. എല്ലാ മൃഗങ്ങളോടും അതേ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ മൃഗങ്ങള്‍ ആകാശത്തേക്ക് ദൃഷ്ടിപായിച്ച് തെക്കുദിക്കിലേക്ക് പാഞ്ഞു. അതുകണ്ട് ലക്ഷ്മണന്‍ തെക്കുദിക്കിലേക്കാകാം സീതയെ കൊണ്ടുപോയിരിക്കുന്നത് എന്ന് നിനച്ച് ആ വഴി സഞ്ചരിക്കാം എന്ന് രാമനോട് പറഞ്ഞു. കുറച്ചുദൂരം മുന്നോട്ട് പോകവെ സീതയുടെ ചിതറിത്തെറിച്ച ആഭരണങ്ങള്‍ കണ്ടു. അതുകണ്ട് രാമന്‍ രാക്ഷസന്മാര്‍ സീതയെ ഉപദ്രവിച്ചിരിക്കുമോ എന്നുഭയന്ന് വീണ്ടും കരഞ്ഞു. എന്തിനീവണ്ണം തന്നോട് തെറ്റ് ചെയ്തു എന്ന് ചോദിച്ചു. സീതയെ കാട്ടിത്തരാത്തപക്ഷം ഉലകംതന്നെ നശിപ്പിക്കുവാന്‍ രാമന്‍ നിശ്ചയിച്ചു. ഇതുകേട്ട് ലക്ഷ്മണന്‍ അരുതാത്തത് ചെയ്യരുത് എന്നുപറഞ്ഞ് രാമന്റെ ദുഃഖത്തിന് ശമനമുണ്ടാകും എന്ന് ആശ്വസിപ്പിച്ചു. ആരാണ് ദുഃഖമനുഭവിക്കാത്തവരായി ഉള്ളത് എന്നൊക്കെപ്പറഞ്ഞ് രാമനെ അനുനയിപ്പിച്ചു.
ഇതിനിടയില്‍ വെട്ടേറ്റ് മൃതപ്രായനായ ജടായുവിനെ അവര്‍ കണ്ടെത്തി. ജടായുവില്‍ നിന്ന് രാവണനാണ് സീതയെ തട്ടിക്കൊണ്ടുപോയത് എന്ന് രാമന്‍ മനസ്സിലാക്കി. രാമനോട് വിവരങ്ങള്‍ അറിയിച്ച് ആ പക്ഷിശ്രേഷ്ഠന്‍ ജീവന്‍ വെടിഞ്ഞു. തനിക്കുവേണ്ടി തന്റെ പത്‌നിയെ രക്ഷിക്കാന്‍ പോരാടിയ വൃദ്ധനായ ആ പക്ഷിശ്രേഷ്ഠനോടുള്ള ആദരവിനാല്‍ അതിനെ വിധിയാംവണ്ണം ദഹിപ്പിച്ചിട്ട് വേണ്ട ക്രിയകള്‍ എല്ലാം ചെയ്തു.

വീണ്ടും അവര്‍ യാത്ര തുടര്‍ന്നു. കുറേ മുന്നോട്ടുപോയപ്പോള്‍ വയറില്‍ തലയുള്ള, ഒറ്റക്കണ്ണുള്ള ഒരു യോജന നീളമുള്ള കൈകളും ഏത് കാട്ട് മൃഗത്തേയും ആഹാരമാക്കുന്ന വിചിത്ര രൂപിയായ കബന്ധനെ കണ്ടു. അവന്‍ രാമലക്ഷ്മണന്മാരെ ആക്രമിക്കുവാന്‍ വന്നു. എന്നാല്‍ അവന്റെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറി അവന്റെ ശക്തി അവന്റെ കൈകളിലാണെന്ന് കണ്ട് അവ വെട്ടിമാറ്റി രാമലക്ഷ്മണന്മാര്‍. കൈകള്‍ പോയതോടെ കബന്ധന്‍ വീണു. അപ്പോള്‍ അവന്‍ അവന്റെ കഥ പറഞ്ഞു: “ഞാന്‍ പണ്ട് മഹാബലപരാക്രമിയും സുന്ദരനും ആയിരുന്നു. പക്ഷേ, ഈ രൂപവും സ്വീകരിച്ച് ഞാന്‍ കാട്ടിലിറങ്ങി താപസരെ പേടിപ്പിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ”സ്ഥൂലശിരസ്സ്” എന്ന മഹര്‍ഷിയെ ഞാന്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചു. കോപംവന്ന അദ്ദേഹം ഞാന്‍ ഈ രൂപത്തില്‍ തന്നെയാവട്ടെ എപ്പോഴും എന്ന് നിശ്ചയിച്ചു. പിന്നെ ശാപമോക്ഷമായി എന്ന് നിന്റെ കൈകള്‍ രാമന്‍ മുറിക്കുന്നുവോ അന്ന് പഴയരൂപം നിനക്ക് കൈവരും എന്നും പറഞ്ഞു. ”ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു അങ്ങ് രാമനാണ് എന്ന്. ഇനി എന്നെ ദഹിപ്പിക്കുക, സ്വന്തം രൂപം വീണ്ടുകിട്ടിയാല്‍ അങ്ങയുടെ ദുഃഖത്തിന് അറുതിവരുത്തുന്ന എന്തെങ്കിലും സൂചന നല്കാന്‍ എനിക്ക് സാധിച്ചേക്കും.”

അങ്ങനെ രാമലക്ഷ്മണന്മാര്‍ കബന്ധനെ ദഹിപ്പിച്ചു. അപ്പോള്‍ അഗ്നിയില്‍ നിന്നും ഒരു സുന്ദരരൂപം ഉയര്‍ന്നുവന്നു. എന്നിട്ട് രാമനോട് പമ്പയിലേക്ക് യാത്ര തുടരാനും അവിടെവച്ച് യോഗിനിയായ ശബരിയുടെ ആതിഥ്യം സ്വീകരിച്ച് പിന്നെ സുഗ്രീവന്‍ എന്നുപേരായ വാനശ്രേഷ്ഠനെ കാണുമെന്നും ഭാര്യ നഷ്ടപ്പെട്ട് സുഗ്രീവനോട് സഖ്യം ചെയ്യുകവഴി രാമന് സീതയെ വീണ്ടെടുക്കാനാകുമെന്നും പറഞ്ഞു.
രാമലക്ഷ്മണന്മാര്‍ പടിഞ്ഞാറ് ദിക്കിലേക്ക് യാത്ര തുടര്‍ന്നു. പമ്പയുടെ തീരത്ത് അവര്‍ എത്തിച്ചേര്‍ന്നു. അവിടെ അവര്‍ക്ക് ശബരിയുടെ ആശ്രമം കണ്ടെത്താനായി. കൈകൂപ്പി ശബരി അവരെ സ്വീകരിച്ചു. വൃദ്ധയായ ആ മഹാതപസ്വി രാമലക്ഷ്മണന്മാരെ ഉപചരിച്ചു. പിന്നെ രാമനെ കണ്ട അനുഗ്രഹത്താല്‍ അഗ്നിയില്‍ ദേഹം വെടിയുവാനുള്ള ആഗ്രഹം അറിയിച്ചു. അങ്ങനെ ആ മഹാതപസ്വിനി തന്റെ ദേഹം വെടിഞ്ഞു.
സ്വന്തം തേജസ്സുകൊണ്ട് സ്വര്‍ഗ്ഗം പുല്‍കിയ ശബരിയുടെ മഹത്വത്തെക്കുറിച്ച് ചിന്തിച്ച് വേണ്ട ഉദകക്രിയകള്‍ ചെയ്തു. രാമന്‍ സുഗ്രീവനെ കാണുവാനായി യാത്ര തുടര്‍ന്നു. മനോഹരമായ പമ്പാതീരത്തുകൂടി ഋഷ്യമൂകപര്‍വ്വതം ലക്ഷ്യമാക്കി അവര്‍ നടന്നു.
ആരണ്യകാണ്ഡം സമാപ്തം

കിഷ്‌കിന്ധാകാണ്ഡം

നോഹരമായ പമ്പാതീരത്തുകൂടി യാത്ര ചെയ്യവേ രാമന്‍ സീതാവിരഹത്താല്‍ കൂടുതല്‍ ദുഃഖിതനായി. സീതയെക്കുറിച്ചോര്‍ത്ത് പലതും പറഞ്ഞ് ദുഃഖിച്ച് സീതയെ കടത്തിക്കൊണ്ടുപോയ രാക്ഷസനാര് എന്ന് ചിന്തിച്ച് രാമന്‍ ഋഷ്യമൂകത്തിനടുത്ത് എത്തി.

”വിശിഷ്ടായുധങ്ങള്‍ ധരിച്ച് വീരന്മാരായ രണ്ട് പേര്‍! ജടാവല്‍ക്കലധാരികളെങ്കിലും അവര്‍ സാധാരണ താപസരല്ല! പിന്നെ ആരാണ്? ബാലിയെ ഭയന്ന്, രാജ്യം നഷ്ടപ്പെട്ട് പത്‌നിയെ നഷ്ടപ്പെട്ട് ഋഷിമൂകത്തില്‍ ഒളിച്ച് താമസിക്കുന്ന സുഗ്രീവന് ചിന്ത അടങ്ങിയില്ല. അവര്‍ ബാലിയുടെ ചാരന്മാരാകുമോ….? ചിന്ത കൂടിയപ്പോള്‍ ഹനുമാനോട് സുഗ്രീവന്‍, അവര്‍ ആരാണ് ആഗമനോദ്ദേശ്യം എന്താണ് എന്ന് അറിഞ്ഞുവരുവാന്‍ നിര്‍ദ്ദേശിച്ചു. ഹനുമാന്‍ വാനരവേഷധാരി ബ്രാഹ്മണവേഷത്തില്‍ രാമലക്ഷ്മണന്മാരുടെ സമീപം ചെന്നു. പിന്നെ മധുരമായ വാക്കുകളില്‍ അവര്‍ ആരാണെന്നും എന്തിനായി വന്നതാണെന്നും സുഗ്രീവതോഴനായ താന്‍ അവര്‍ക്ക് എന്ത് സഹായമാണ് ചെയ്ത് തരേണ്ടതെന്നും അന്വേഷിച്ചു.

ഒരു ദൂതനുവേണ്ട സര്‍വ്വ ഗുണങ്ങളും തികഞ്ഞ ഹനുമാന്റെ പെരുമാറ്റം കണ്ട് രാമന് സന്തോഷം തോന്നി. അദ്ദേഹം, തങ്ങള്‍ ദശരഥപുത്രന്മാരാണെന്നും, വനവാസത്തിനിടെ കാട്ടില്‍ വച്ച് പത്‌നി സീതയെ രാവണന്‍ എന്ന രാക്ഷസന്‍ കട്ടുകൊണ്ട് പോയിരിക്കുന്നുവെന്നും പത്‌നിയെ കണ്ടെത്തി അവനെ ഹനിക്കുവാന്‍ സഹായിക്കണം എന്നുംപറഞ്ഞു. സര്‍വ്വര്‍ക്കും ആശ്രയമായ രാമന്‍ ഇന്നിപ്പോള്‍ സുഗ്രീവനെ ആശ്രയിക്കുന്നു എന്ന വാക്കുകള്‍ കൂടി കേട്ടപ്പോള്‍ ഹനുമാന്‍ സ്വന്തം രൂപം ധരിച്ച് രാമലക്ഷ്മണന്മാരെ പുറത്തേറ്റി സുഗ്രീവനു സമീപം എത്തിച്ചു.

രണ്ടുപേരും ഭാര്യ നഷ്ടപ്പെട്ടവര്‍! രാജ്യം നഷ്ടപ്പെട്ടവര്‍! അവര്‍ തമ്മില്‍ സഖ്യം ചെയ്യുവാന്‍ തീരുമാനമായി. സീതയെ കണ്ടെത്തുവാന്‍ സുഗ്രീവനും അദ്ദേഹത്തിന്റെ വാനരപ്പടയും ശ്രമിക്കുമ്പോള്‍ രാമന്‍ സുഗ്രീവന്റെ ജ്യേഷ്ഠനായ ബാലിയെ വധിച്ച് സുഗ്രീവന് നഷ്ടമായ രാജ്യവും പിന്നെ പത്‌നിയേയും തിരികെ ലഭിക്കാന്‍ സഹായിക്കാം എന്ന് സഖ്യം ചെയ്തു.

സുഗ്രീവ സഖ്യം
സുഗ്രീവ സഖ്യം

പിന്നെ, ആകാശമാര്‍ഗേ ഒരു സ്ത്രീയെ തട്ടിയെടുത്ത് പറക്കുന്ന ഒരസുരനെ കണ്ട കാര്യം സുഗ്രീവന്‍ രാമനെ ധരിപ്പിച്ചു. ഒപ്പം അവള്‍ താഴേക്ക് പൊഴിച്ചിട്ട ഉത്തരീയവും ആഭരണങ്ങളും രാമന് കാട്ടിക്കൊടുത്തു. ആ ആഭരണങ്ങളും ഉത്തരീയവും സീതയുടേത് എന്ന് രാമന്‍ തിരിച്ചറിഞ്ഞു. കുണ്ഡലങ്ങളും തോള്‍വളയും തിരിച്ചറിയാനായില്ലെങ്കിലും പാദങ്ങളില്‍ അണിയുന്ന ചിലങ്ക സീതയുടേത് തന്നെയെന്ന് ലക്ഷ്മണനും തിരിച്ചറിഞ്ഞു.

ഇതുകണ്ട് ഏത് അസുരനാണ് സീതയെ അപഹരിച്ചതെങ്കിലും അവന് സര്‍വ്വനാശം അടുത്തു എന്ന് രാമന്‍ പ്രതിജ്ഞ ചെയ്തു.
പിന്നെ സുഗ്രീവനും രാമനും സംഭാഷണം തുടര്‍ന്നു. എങ്ങനെയാണ് ബാലിയുമായി ശത്രുതയായത് എന്ന ചോദ്യത്തിന് ഉത്തരമായി സുഗ്രീവന്‍ ആ കഥ പറയുവാന്‍ തുടങ്ങി ………..

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close