പത്താം ദിനം

10

ദുര്‍ഗാ മനോജ്

അരണ്യകാണ്ഡത്തിലേക്ക് കടക്കുകയാണ് രാമായണ കഥ ഇന്ന്. വനവും അതിലെ താപസരും ഒക്കെ നിറഞ്ഞ മനോഹര ചിത്രം. അതില്‍ ഇടയ്ക്ക് അസ്വസ്ഥതയായി ചില രാക്ഷസര്‍….. രാമന്റെ വനവാസത്തിലെ നീണ്ട കാലഘട്ടം ഇവിടെയാണ് സംഭവിക്കുന്നത്.

ദണ്ഡകാരണ്യത്തിലൂടെ മുന്നേറുമ്പോള്‍ ഏറെ വൈകാതെ സീതാ രാമലക്ഷ്മണന്മാര്‍ക്ക് മുന്നില്‍ ഒരു വിശിഷ്ടമായ തപോവനം തെളിഞ്ഞു കണ്ടു. ഫലവൃക്ഷങ്ങള്‍ നിറഞ്ഞ, ധാരാളം പക്ഷിമൃഗാദികള്‍ നിറഞ്ഞ നിറയെ തെളിനീരുറവകള്‍ കൊണ്ട് സമ്പന്നമായ ഒരാശ്രമ പരിസരം! അത് കണ്ട് ആനന്ദിച്ച അവരെ ആ താപസാശ്രമ മണ്ഡലത്തിലെ ഋഷിമാര്‍ സ്വീകരിച്ചാനയിച്ചു. അവര്‍ അയോധ്യയുടെ ഭരണാധികാരിക്ക് നല്‍കേണ്ടുന്ന എല്ലാ ഉപചാരങ്ങളും രാമനു നല്കി. പിന്നെ ഫലമൂലാദികള്‍ കഴിച്ച് ആ രാത്രിയില്‍ മൂവരും അവിടെ തങ്ങി.
പ്രഭാതത്തില്‍ വീണ്ടും ദണ്ഡകാരണ്യത്തിലൂടെയുള്ള യാത്ര തുടര്‍ന്നു. ഘോരമായ വനപ്രദേശമായിരുന്നു അവര്‍ക്ക് താണ്ടുവാനായി ഉണ്ടായിരുന്നത്.
പെട്ടെന്ന് ഒരു പര്‍വ്വതാകാരനായ വിരാധന്‍ എന്ന നരഭോജി. പെരുത്ത വായും പെരുവയറുമുള്ള അവന്‍ ചോരയില്‍ കുളിച്ച പുലിത്തോല്‍ ഉടുത്തിരിക്കുന്നു. അവന്റെ ശൂലത്തില്‍ കാട്ടിലെ, പലജാതി മൃഗങ്ങളെ കൊരുത്ത് വച്ചിരുന്നു. അവന്‍ ഉഗ്രമായി അലറിക്കൊണ്ട് പാഞ്ഞടുത്ത് സീതയെ പിടിച്ച് അവന്റെ ഒക്കത്തിരുത്തി. എന്നിട്ട രാമലക്ഷ്മണ്‍മാരോട് പറഞ്ഞു, ”തപസു ചെയ്യുവാനായി ഭാര്യയോടൊപ്പം വന്ന നിങ്ങള്‍ അധര്‍മ്മികളാണ്. നിങ്ങളെ തിന്ന് ഇവളെ ഞാന്‍ ഭാര്യയാക്കും.” ഇതുകേട്ട് സീതയെ പിടിച്ചുവച്ച ആ രാക്ഷസനെ തത്ക്ഷണം ഇല്ലാതാക്കുവാന്‍ രാമന്‍ നിശ്ചയിച്ചു അവനു നേരെ അമ്പുകള്‍ അയച്ചു. പക്ഷേ, അവന് അസ്ത്രം കൊണ്ട് മരണം സംഭവിക്കില്ല എന്ന വരം കിട്ടിയിട്ടുണ്ടായിരുന്നു. അസ്ത്രമേറ്റ ആ അസുരന്‍ വേഗം സീതയെവിട്ട് രാമലക്ഷ്മണന്‍മാരെ പിടികൂടി. അപ്പോള്‍ അവര്‍ അവന്റെ രണ്ട് കൈകളും വെട്ടിയിട്ടു. അതോടെ മറിഞ്ഞുവീണ അവന്റെ കഴുത്തില്‍ രാമന്‍ ചവിട്ടിപ്പിടിച്ചു. ഈ തക്കത്തിന് ലക്ഷ്മണന്‍ വലിയൊരു കുഴി തീര്‍ത്ത് വേഗം അവനെ അതിലിട്ടു മൂടി. അതിന്റെ മുകളില്‍ പാറകൊണ്ട് ഒരു കുന്ന് തീര്‍ത്തു. ചത്തു കഴിഞ്ഞപ്പോള്‍ ആ രാക്ഷസന്റെ ആത്മാവ് രാമനു മുന്നില്‍ പ്രത്യക്ഷനായി പറഞ്ഞു ”ഞാന്‍ തുമ്പുരു എന്ന ഗന്ധര്‍വ്വനാണ്. വൈശ്രവണ ശാപം മൂലമാണ് ഞാന്‍ രാക്ഷസനായി പിറന്നത്. ദശരഥ പുത്രന്റെ കൈകളാല്‍ ശാപമോക്ഷം ലഭിക്കും എന്ന് വൈശ്രവണന്‍ അനുഗ്രഹിക്കുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ശാപമോക്ഷം ലഭിച്ചു. അങ്ങേക്ക് വന്ദനം.” വിരാധന് ശാപമോക്ഷം കിട്ടിയതോടെ രാമലക്ഷ്മണന്മാരും സീതയും വേഗം ശരഭങ്ഗ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് യാത്രയായി. രാമന്‍ മഹര്‍ഷിയുടെ ആശ്രമത്തിലെത്തുന്ന സമയം ഇന്ദ്രന്‍ അവിടെ സന്നിഹിതനായിരുന്നു. എന്നാല്‍ രാമന്‍ വരുന്നത് കണ്ട ഇന്ദ്രന്‍ രാമനെ കാണുവാന്‍ സമയമില്ല എന്നുപറഞ്ഞ്  വേഗം അവിടെനിന്നും മാറിപ്പോയി. പക്ഷേ, രാമന്‍ ഇന്ദ്രന്റെ സാന്നിധ്യം അറിഞ്ഞിരുന്നു. മഹര്‍ഷിയോട് അത് ചോദിക്കവേ അദ്ദേഹം, ഇന്ദ്രന്‍ തന്നെ ബ്രഹ്മലോകത്തേക്ക് കൂട്ടുവാനായി വന്നതാണെന്നും അങ്ങയെ കാണുവാനുള്ള ആഗ്രഹംകൊണ്ട് താനത് കുറച്ച് സമയത്തേക്ക് നീട്ടിയതാണ് എന്നുംപറഞ്ഞ് രാമന്റെ അനുഗ്രഹത്തോടെ അഗ്നി ജ്വലിപ്പിച്ച് അതില്‍ മന്ത്രപുരസ്സരം പ്രവേശിച്ചു. പിന്നെ ഒരു കുമാരന്റെ രൂപത്തില്‍ അദ്ദേഹം ബ്രഹ്മലോകം പൂകി.
അതിനുശേഷം രാമലക്ഷ്മണന്മാര്‍ സീതയോടൊപ്പം സുതീഷ്ണാശ്രമത്തില്‍ എത്തി. അവിടെ നിന്ന് ആതിഥ്യം സ്വീകരിച്ചശേഷം വീണ്ടും വാസയോഗ്യമായ പ്രദേശം തേടി യാത്ര തുടര്‍ന്നു.
ഈ യാത്രയ്ക്കിടയില്‍ സീത അകാരണമായി രാക്ഷസന്മാരെ വധിക്കുന്നത് യുക്തമാണോ എന്ന് രാമനോട് സംശയം പ്രകടിപ്പിച്ചു. അതിനുത്തരമായി മുനിമാരെ സംരക്ഷിക്കേണ്ടത് രാജധര്‍മ്മമാണ് എന്നും പ്രത്യേകിച്ചും, രാക്ഷസന്മാരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന താപസരുടെ എണ്ണം കൂടുന്നുവെന്നും, മുനിമാര്‍ ഒരാശ്രയമായി തന്നോട് അവരെ രക്ഷിക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ അവരെ കയ്യൊഴിയുന്നത് ധര്‍മ്മമല്ല എന്നും സീതയോട് പറഞ്ഞ് മനസ്സിലാക്കി.
പിന്നേയും യാത്രതുടര്‍ന്ന് മാണ്ഡകര്‍ണി എന്ന മുനിശ്രേഷ്ഠന്‍ തപസു ചെയ്തിരുന്ന തടാകവും കടന്ന് ധര്‍മമൃത് എന്ന മുനിയുടെ സമീപം എത്തി. പിന്നീടുള്ള പത്ത് വര്‍ഷക്കാലം, ആ വനപ്രദേശത്ത് വിവിധ താപസാശ്രമങ്ങളില്‍ ഒരുകൊല്ലം, ആറ് മാസം, അഞ്ച് മാസം എന്നിങ്ങനെ മൂന്ന് പേരും പാര്‍ത്ത് വന്നു. വീണ്ടും ചുറ്റിക്കറങ്ങി അവര്‍ സുതീഷ്ണാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ വച്ച് അഗസ്ത്യമുനിയെ കാണുവാനുള്ള ആഗ്രഹം രാമന്‍ പ്രകടിപ്പിച്ചു. മുനി, അഗസ്ത്യാശ്രമത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുകയും അങ്ങനെ അഗസ്ത്യാശ്രമത്തില്‍ എത്തിച്ചേരുകയും ചെയ്തു.

at Forest

ഇല്വലന്‍, വാതാപി എന്നീ അസുരന്‍മാരെ വധിക്കുകയും വിന്ധ്യപര്‍വ്വതത്തിന്റെ അഹങ്കാരം ശമിപ്പിക്കുകയും ചെയ്ത അഗസ്ത്യമുനി! അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് ആനന്ദിച്ചു രാമന്‍ പിന്നീട് സ്വസ്ഥമായ താമസത്തിനായി മഹര്‍ഷിയുടെ നിര്‍ദ്ദേശാനുസരണം മനോഹരമായ പഞ്ചവടിയിലേക്ക് യാത്രയായി. അവിടേക്കുള്ള യാത്രാമധ്യേ അച്ഛന്‍ ദശരഥന്റെ സുഹൃത്തായ ജടായു എന്ന പക്ഷിശ്രേഷ്ഠനെ കണ്ടുമുട്ടുകയും ചെയ്തു. പിന്നെ സീതക്ക് കാവലായി രാമലക്ഷ്മണന്മാരുടെ അഭാവത്തില്‍ ഉണ്ടാകുമെന്ന് ജടായു രാമന് വാക്കുകൊടുത്തു. രാമന്റെ നിര്‍ദ്ദേശാനുസരണം ലക്ഷ്മണന്‍ പഞ്ചവടിയില്‍ പര്‍ണ്ണശാല തീര്‍ത്തു. മൂവരും ആനന്ദത്തോടെ അവിടെ കഴിഞ്ഞുവന്നു.

ഹേമന്തമായി. എങ്ങും മഞ്ഞ് പുതച്ച് ദിനരാത്രങ്ങള്‍….. അങ്ങനെയിരിക്കെ ഒരു ദിനം രാവണ സഹോദരിയായ ശൂര്‍പ്പണക എന്ന രാക്ഷസി രാമനെ കാണാനിടയായി. അതീവ സുന്ദരനായ രാമനില്‍ ആകൃഷ്ടനായി അവള്‍ സുന്ദരിയായ യുവതിയുടെ രൂപത്തില്‍ സീതയോടൊപ്പം ഇരിക്കുന്ന രാമന്റെ അടുത്ത് ചെന്നു. പിന്നെ സീതയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. രാമന്‍, താന്‍ ആരാണ് എന്നും എന്തിനായാണ് മൂവരും കാട്ടിലെത്തിയത് എന്നും വിശദീകരിച്ചുവെങ്കിലും അവള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഭാര്യാസമേതനായ തന്നെ ഉപേക്ഷിച്ച് ലക്ഷ്മണന്റെ അടുത്തേക്ക് പോകുവാന്‍ അവളോട് പറഞ്ഞു. ലക്ഷ്മണന്‍ അവളെ കൈക്കൊള്ളാന്‍ തയ്യാറായില്ല. ഒടുവില്‍ ദേഷ്യത്തോടെ സീതയെ നശിപ്പിക്കുവാന്‍ പാഞ്ഞുവന്ന അവളുടെ മൂക്കും ചെവികളും രാമന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ മുറിച്ചു.

soorpanaka
മുറിവേറ്റ അവള്‍ ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് ചോരയില്‍ മുങ്ങി അവളുടെ സഹോദരനായ ഖരന്റെ മുന്നിലെത്തി. പിന്നെ ഖരന്‍ രാമലക്ഷ്മണന്മാരെ കൊല്ലുവാനായി അവന്റെ സൈന്യത്തെ അയച്ചു. അവരെ ഏവരേയും രാമലക്ഷ്മണന്മാര്‍ നിര്‍ദയം വധിച്ചു. ഇത് കണ്ട് ശൂര്‍പ്പണഖ വീണ്ടും ഖരന്റെ മുന്നില്‍ വാവിട്ട് കരഞ്ഞുകൊണ്ട് എത്തി ബോധം കെട്ടുവീണു……….

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close