പത്തൊന്‍പതാം ദിനം

19

ദുര്‍ഗാ മനോജ്

”അക്ഷകുമാരന്‍ വധിക്കപ്പെട്ടിരിക്കുന്നു! അതും ഒരു കുരങ്ങന്റെ കൈകൊണ്ട്! എന്ത് അസംബന്ധങ്ങളാണ് ലങ്കയില്‍ സംഭവിക്കുന്നത്? ലങ്കാധിപന്‍ ആകെ ക്ഷോഭിച്ചു. പിന്നെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കണ്ട് ഇന്ദ്രജിത്തിന് വരുത്തി. വേഗം ആ കപിയെ കൊന്ന്, ലങ്കയില്‍ സംഭവിച്ച വിനാശങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ആവശ്യപ്പെട്ടു.

അച്ഛന്റെ ആജ്ഞ ശിരസ്സാവഹിച്ച് അവന്‍ പുറപ്പെട്ടു. അവന്റെ വരവ് കണ്ട് ഹനുമാന്‍ ഒന്ന് അലറി. പിന്നെ നടന്നത് അതിഘോരമായ യുദ്ധമായിരുന്നു. ഒടുവില്‍ സമാസമം എന്നുതോന്നിയ ഘട്ടത്തില്‍ ഇന്ദ്രജിത്ത് ഹനുമാനു നേരെ ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. ഒരു അസ്ത്രത്തിനും തന്നെ നിഗ്രഹിക്കാനാകില്ല എന്ന് അറിവുണ്ടെങ്കിലും ബ്രഹ്മാസ്ത്രത്തെ ഹനുമാന്‍ മാനിക്കുക തന്നെ ചെയ്തു. അങ്ങനെ കപി അമ്പുകളാല്‍ ബന്ധിതനായി എന്ന് കണ്ട് രാക്ഷസര്‍ വേഗം ചുറ്റുംകൂടി ഒരു കയര്‍ എടുത്ത് ബന്ധിച്ചു. മറ്റൊരു ബന്ധനം ബ്രഹ്മാസ്ത്രം പൊറുക്കില്ല. അതോടെ ബ്രഹ്മാസ്ത്രമേറ്റ് ഉണ്ടായ ബന്ധനം കപിശ്രേഷ്ഠന് നഷ്ടമായി. അത് ഇന്ദ്രജിത്തിനും ഹനുമാനും മാത്രം മനസ്സിലായി. എന്നിട്ടും ഹനുമാന്‍ സ്വയം ബന്ധിതനായവനെപ്പോലെ പെരുമാറി. ഹനുമാനെ രാക്ഷസന്മാര്‍ പിടിച്ചുകെട്ടി രാവണ സന്നിധിയില്‍ എത്തിച്ചു. രണ്ടുപേരും പരസ്പരം നേര്‍ക്കുനേര്‍ കണ്ടു.

രാവണന്‍ ദേഷ്യം കൊണ്ട് ചുവന്ന്, സര്‍വാഭരണ വിഭൂഷിതനായി വെണ്‍ചാമരങ്ങള്‍ വീശുന്ന സുന്ദരിമാരായ പരിചാരികകളുടെ നടുവില്‍ സിംഹാസനത്തില്‍ ഇരിക്കുകയായിരുന്നു.

ഹനുമാന്‍ ഓര്‍ത്തു, ”സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഈ രാക്ഷസരാജാവ് അധര്‍മ്മി അല്ലാതിരുന്നെങ്കില്‍ ഇവനെ വെല്ലാന്‍ ആരുമുണ്ടാകില്ലായിരുന്നു ഈ ഉലകില്‍” എന്ന്.

രാവണനും ഹനുമാനെ ശ്രദ്ധിച്ചു. ഇവന്‍ വെറും ഒരു കുരങ്ങനല്ല. ഒരുപക്ഷേ, ഇന്ദ്രന്റേയോ വരുണന്റേയോ അല്ലെങ്കില്‍ കുബേരന്റേയോ ആശീര്‍വാദത്തോടെ എത്തിയവനാകാനാണ് സാധ്യത.

രാവണന്‍ ചോദിച്ചു ”ആരാണു നീ? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് നീ ലങ്കയില്‍ കടന്നത് പറയ്, സത്യം സത്യമായ് പറയ്.” ഇതുകേട്ട് ഹനുമാന്‍ പറഞ്ഞു. ”ഞാന്‍ വാനരരാജന്‍ സുഗ്രീവന്റെ ദൂതുമായി വന്നവനാണ്. സീതയെ നഷ്ടപ്പെട്ട രാമന്‍ സീതയെത്തേടി അലയുന്നതിനിടെ എന്റെ സ്വാമിയെ കണ്ടു. അദ്ദേഹത്തിനുവേണ്ടി രാമന്‍ ബാലിയെ വധിച്ച് രാജ്യം വീണ്ടെടുത്തുകൊടുത്തു. ഇപ്പോള്‍ നീ ഇപ്പോള്‍ നീ ഇവിടേയ്ക്കാണ് സീതയെ കൊണ്ടുവന്നത് എന്നറിഞ്ഞ് വേഗം തന്നെ സീതയെ വിട്ടയയ്ക്കുവാന്‍ നിന്നോട് ആവശ്യപ്പെടുന്നതിനാണ് സുഗ്രീവന്‍ എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നത്. ഇല്ലോങ്കില്‍ ഘോരമായ രാമബാണമേറ്റ് നീയും നിന്റെ കിങ്കരന്മാരും കാലപുരി പുല്‍കും.” ”എന്റെ രാജസദസ്സില്‍ കടന്ന് എന്നെ നിന്ദിക്കുന്നോ?” ”ഹും ഈ അഹങ്കാരിയെ ഇപ്പോള്‍ത്തന്നെ വധിക്കുക” രാവണന്‍ കല്പന പുറപ്പെടുവിച്ചു.
അപ്പോള്‍ രാജസദസ്സില്‍ ഉണ്ടായിരുന്ന വിഭീഷണന്‍ ഇടപെട്ട് തടഞ്ഞു. ”പ്രഭോ ദൂതനെ വധിക്കുവാന്‍ പാടില്ല. അത് കടുത്ത അധര്‍മ്മമാണ്.” ഇതുകേട്ട് രാവണന്‍ വിഭീഷണനോട് കോപത്തോടെ ചോദിച്ചു, ”പിന്നെ ഈ കുരങ്ങന്‍ ഇനിയും ജീവിക്കണമെന്നാണോ? ഇവന്‍ ലങ്കയില്‍ വരുത്തിയ നാശങ്ങള്‍ ഒന്നുകൊണ്ടുതന്നെ വധിക്കപ്പെടുവാന്‍ യോഗ്യനാണ്.”

അതിന് മറുപടിയായി വിഭീഷണന്‍ പറഞ്ഞു ”പ്രഭോ, അങ്ങ് കോപം വെടിഞ്ഞാലും. ഇവനെ വധിച്ചാല്‍ നമ്മുടെ യഥാര്‍ത്ഥ ശത്രുക്കളെ നമുക്ക് കണ്ടെത്താനാകില്ല. ഇവന്‍ മടങ്ങിപ്പോയാല്‍ മാത്രമേ അവര്‍ ഇവിടെയെത്തുകയുള്ളൂ. അപ്പോള്‍ നമുക്ക് ശത്രുക്കളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാം.”

ഇതുകേട്ട് രാവണന്‍ വിഭീഷണന്റെ അഭിപ്രായം അംഗീകരിച്ചു. പകരം ഹനുമാന്റെ അഹങ്കാരം കുറയ്ക്കാന്‍ വാലില്‍ പന്തംകെട്ടി തീ കൊളുത്താന്‍ ഉത്തരവിട്ടു.

രാക്ഷസര്‍ ചുറ്റും കൂടി. ഹനുമാന്‍ തന്റെ ദേഹം വലുതാക്കി. അതനുസരിച്ച് പഴയ തുണിചുറ്റി പന്തം കണക്ക് വാലിന് എണ്ണ ഒഴിച്ച് തീ പിടിപ്പിച്ചു. പിന്നെ ബന്ധിതനാക്കി തെരുവുനീളെ പ്രദര്‍ശിപ്പിച്ചു. സീതയുടെ ചുറ്റും കൂടിയ രാക്ഷസികള്‍ പറഞ്ഞ് വാലിന് തീപിടിപ്പിച്ച് ലങ്കയിലൂടെ നടത്തപ്പെടുന്ന ഹനുമാനെക്കുറിച്ച് അറിഞ്ഞു. അതുകേട്ട് മനം തകര്‍ന്ന സീത അഗ്നിഭഗവാനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു. ”എന്റെ പ്രാര്‍ത്ഥന സത്യമാണെങ്കില്‍, ഞാന്‍ പതിവ്രതയെങ്കില്‍ അഗ്നി ഹനുമാന് മഞ്ഞുപോലെയാകണം അനുഭവപ്പെടേണ്ടത്.”

സീതയുടെ ആവശ്യം അഗ്നി കൈക്കൊണ്ടു. എത്ര തീ കത്തിയിട്ടും ഒരു മഞ്ഞുതുള്ളി തൊടുന്ന അനുഭവം മാത്രമേ ഹനുമാന് അനുഭവിച്ചുള്ളൂ. തീ തന്നെ പൊള്ളിക്കുന്നില്ല എന്നുകണ്ട് അത് രാമന്റേയും സീതയുടേയും അനുഗ്രഹം തന്നയാണെന്ന് ഹനുമാനും കണക്കു കൂട്ടി.
കുറച്ച് നേരം രാവണകിങ്കരന്മാരുടെ കൂത്താട്ടത്തിന് സ്വയം വഴങ്ങിയ ഹനുമാന്‍ പിന്നെ ഒരുനിമിഷം വൈകാതെ കെട്ട് പൊട്ടിച്ച് തീപിടിച്ച വാലുമായി ലങ്കയിലെ മണിമന്ദിരങ്ങള്‍ക്ക് മുകളിലൂടെ ഓടിനടന്നു.

ലങ്ക അഗ്നി വിഴുങ്ങി. വിഭീഷണന്റെ ഗൃഹമൊഴികെ അശോകവനികയിലെ ശിംശപാ വൃക്ഷമൊഴികെ ബാക്കി എല്ലായിടത്തും സര്‍വ്വത്ര നാശം വിതച്ച് ഹനുമാന്‍ സീതയോട് യാത്രാമൊഴി ചൊല്ലി തിരികെ വടക്കേ കടല്‍ക്കരയില്‍ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ആകാശമാര്‍ഗ്ഗത്തില്‍ തിരികെയെത്തി.

ഹനുമാന്‍ തിരികെയെത്തിയതറിഞ്ഞ് എല്ലാവരും ചുറ്റും കൂടി. കാര്യങ്ങള്‍ വിശദമായി എല്ലാവരോടും പറഞ്ഞുകേള്‍പ്പിച്ചു. അത്രനാള്‍ മുള്‍മുനയില്‍ കഴിച്ചുകൂട്ടിയ വാനരന്മാര്‍ അന്ന് ആഹ്ലാദത്തോടെ സുഗ്രീവനടുത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. യുദ്ധത്തില്‍ പങ്കെടുത്ത് സുഗ്രീവനോടുള്ള കടമ നിറവേറ്റാന്‍ വെമ്പല്‍കൊണ്ട് ചാടിമറിഞ്ഞ് തിമിര്‍ത്ത് വാനരന്മാര്‍ തിരികെ യാത്ര ചെയ്തു. ഇടയ്ക്ക് സുഗ്രീവന്‍ തന്റെ മാതുലനായ ദധിമുഖനെക്കൊണ്ട് പരിപാലിപ്പിക്കുന്ന മധുവനം വാനരന്മാരുടെ ശ്രദ്ധയില്‍പ്പെട്ടു. അതുകണ്ട് ഏവര്‍ക്കും അവിടെക്കയറി മധുപാനം ചെയ്യണം എന്നായി. ഹനുമാന്‍ അതിന് അനുവാദം നല്കിയതോടെ വാനരര്‍ മധുവനത്തില്‍ കടന്ന് ആവോളം മധു പാനം ചെയ്ത് മദോന്മത്തരായി അവിടമാകെ നാശമാക്കുവാന്‍ തുടങ്ങി. മത്തരായ മര്‍ക്കടന്മാരെ എതിരിടാനാകാതെ ദധിമുഖന്‍ വേഗം സുഗ്രീവനടുത്തേക്ക് പാഞ്ഞു. എന്നിട്ട് വാനരര്‍ കാട്ടുന്ന അക്രമത്തെക്കുറിച്ച് പറഞ്ഞു.

കാര്യങ്ങള്‍ കേട്ട സുഗ്രീവന്‍ സന്തോഷിച്ചു. അദ്ദേഹം രാമനോട് പറഞ്ഞു ”പ്രഭോ അവര്‍ സീതയെ കണ്ടെത്തിയിരിക്കുന്നു. അതാണ് എന്റെ നിയന്ത്രണത്തിലുള്ള മധുവനത്തില്‍ പ്രവേശിച്ച് മധു പാനം ചെയ്യുവാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടായത്.”

ദധിമുഖനെ രാമന്‍ സമാധാനിപ്പിച്ച് തിരിച്ചയച്ചു. തിരികെ എത്തിയ ദധിമുഖന്‍ മത്ത് ഇറങ്ങിയ വാനരരോട് വേഗം സുഗ്രീവസന്നിധിയില്‍ എത്തുവാന്‍ ആവശ്യപ്പെട്ടു. ഏവരും സുഗ്രീവ സന്നിധിയിലെത്തി. അവിടെ പ്രാണനാഥയെക്കുറിച്ച് അറിയുവാനായി വെമ്പിനിന്ന രാമനെ കണ്ടു. പിന്നെ അദ്ദേഹത്തിനുവേണ്ടി ഹനുമാന്‍ സീത പറഞ്ഞയച്ച ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞുകേള്‍പ്പിച്ചു. ഒപ്പം ചൂഡാമണി കണ്ട് രാമന്‍ സീതയെ ഓര്‍ത്ത് ദീനമായി കരഞ്ഞു. ഇനിയും ഈ വിവരം സഹിക്കാനാകില്ലെന്ന് ഓര്‍ത്ത് എത്രയും വേഗം രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുക എന്ന തീരുമാനം കൈക്കൊണ്ടു ഏവരും.

സുന്ദരകാണ്ഡം സമാപ്തം

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close