പദ്മതീര്‍ഥക്കുളം വൃത്തിയാക്കല്‍ : സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് അമിക്കസ്‌ക്യൂറി

padmanabhaswamy temple

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പദ്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. കുളം വൃത്തിയാക്കുന്നതിനുള്ള ടെന്‍ഡറില്‍ അട്ടിമറി നടത്താനുള്ള നീക്കം തടഞ്ഞുവെന്നും അദ്ദേഹം ബുധനാഴ്ച കോടതിയെ അറിയിച്ചു.

കോടതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ വിദഗ്ധസമിതിയുടെ ഓഫീസിനുമുന്നില്‍ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ വലിച്ചുകീറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ക്ഷേത്രത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ, എ.കെ. പട്‌നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട് മനസ്സിലാക്കിയ കാര്യങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 34 ദിവസം തുടര്‍ച്ചയായി തിരുവനന്തപുരത്ത് താമസിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ശേഖരിച്ചത്. കേസ് 22-ന് പരിഗണിക്കും.

പദ്മതീര്‍ഥക്കുളം ശുചീകരിക്കുന്നതിന് 29 ലക്ഷം രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, അത് പിന്നീട് 69 ലക്ഷമായും തുടര്‍ന്ന് 1.19 കോടിയായും ഉയര്‍ത്തിയതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഇതെങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് പറഞ്ഞ അമിക്കസ്‌ക്യൂറി, ഇപ്പോള്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ പുഷ്‌കരണി തീര്‍ഥക്കുളം വൃത്തിയാക്കിയവരെ പദ്മതീര്‍ഥക്കുളം വൃത്തിയാക്കാന്‍ കൊണ്ടുവന്നുവെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കേരളസര്‍ക്കാറിനോട് കോടതി ആരാഞ്ഞു.

മിത്രാനന്ദപുരം കുളവും വൃത്തിയാക്കിയിട്ടില്ല. അവിടെ കുളിക്കുന്നവര്‍ക്ക് ത്വഗ്രോഗങ്ങള്‍ പിടികൂടുന്നു. എന്നാല്‍, കുളം കോര്‍പ്പറേഷന്റെ കീഴിലാണെന്നുപറഞ്ഞ് സര്‍ക്കാര്‍ തലയൂരുന്നുവെന്ന് അമിക്കസ്‌ക്യൂറി കുറ്റപ്പെടുത്തി.

അന്തരിച്ച ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു പകരം മൂലം തിരുന്നാള്‍ രാമവര്‍മയെ ക്ഷേത്രം കേസിലെ കക്ഷിയാക്കണമെന്ന അപേക്ഷ കോടതി സ്വീകരിച്ചു. ഇക്കാര്യത്തില്‍ എല്ലാ കക്ഷികള്‍ക്കും അഭിപ്രായം അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി.

photo: പ്രവീണ്‍കുമാര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close