പരാതി തീര്‍ക്കാന്‍ മെസ്സിയും സംഘവും

arg training
 ലോകകപ്പ് ഫുട്ബോല്‍ എഫ് ഗ്രൂപ്പില്‍  അര്‍ജന്റീനക്ക് ഇന്ന് രണ്ടാം മത്സരം. താരതമ്യേന ദുര്‍ബലരായ ഇറാനെതിരെ ജയത്തിനപ്പുറം മികച്ച പ്രകടനം കൂടി ലക്ഷ്യമിട്ടാണ് ലയണല്‍ മെസ്സിയും സംഘവും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കന്നിക്കാരായ ബോസ്‌നിയക്കെതിരെ ജയിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ നിരാശപ്പെടുത്തുന്നതായിരുന്നു അര്‍ജന്റീനയുടെ പ്രകടനം. അതേ സമയം ആഫ്രിക്കന്‍ കഴുകന്‍മാരെ പിടിച്ചുകെട്ടിയ ഇറാന്‍ ടൂര്‍ണമെന്റിലെ ആദ്യ സമനില നേടിയിരുന്നു. ബോസ്‌നിയയുടെ പ്രകടനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് അട്ടിമറിക്കൊരുങ്ങിയാകും ഇറാന്‍ ഇറങ്ങുന്നത്. രാത്രി 9.30ന് ബെലോ ഹൊറിസോണ്ടയിലാണ് മത്സരം. ബോസ്‌നിയക്കെതിരെ അര്‍ജന്റീനക്ക് പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിരുന്നില്ലെന്ന്  ലയണല്‍ മെസ്സി തന്നെ സമ്മതിച്ചിരുന്നു. അത് കൊണ്ട് തന്നെ എല്ലാ പരാതികളും വിമര്‍ശനങ്ങളും തീര്‍ക്കുക എന്നത് തന്നെയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. പ്രതിരോധ ഫുട്ബോളിന്റെ മികവിലാണ് ഇറാന്റെ കരുത്ത്. ബോസ്‌നിയയെ പോലെ അര്‍ജന്റീനയുടെ മുന്‍നിരയെ വിയര്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പേര്‍ഷ്യന്‍ പട്ടാളം. എന്നാല്‍, നൈജീരിയയെ നേരിട്ടതു പോലെ എളുപ്പമാകില്ല അര്‍ജന്റീനക്കെതിരെ കളിക്കുമ്പോള്‍ എന്നത് ടീമിനെ ഒന്നുകൂടി ഒരുക്കി നിര്‍ത്താന്‍ കോച്ച് കാര്‍ലോസ് ക്വിറോസിനെ നിര്‍ബന്ധിതനാക്കും. അര്‍ജന്റീനന്‍ മുന്നേറ്റ നിരയെ പിടിച്ചുകെട്ടുമെന്ന് ക്വിറോസ് വ്യക്തമാക്കിക്കഴിഞ്ഞു. നൈജീരിയക്കെതിരെ തിളങ്ങാതെ പോയ ഫുള്‍ഹാം താരം അഷ്‌കാന്‍ ദിജാഗയായിരിക്കും അര്‍ജന്റീനയുടെ പ്രതിരോധം പരീക്ഷിക്കുന്നത്. ചരിത്രത്തിലിതുവരെ ഒരിക്കല്‍ മാത്രമാണ് ഇറാനും അര്‍ജന്റീനയും കണ്ടുമുട്ടിയത്. 1977ലെ സൗഹൃദ മത്സരത്തില്‍ 1-1 ആയിരുന്നു ഫലം.
Show More
Close
Close