പരുമല പള്ളി

parumala palli

പരുമല പള്ളി

പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീര്‍ഥാടന കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി അഥവാ പരുമല പള്ളി. ഭാരതത്തിലെ ക്രൈസ്തവ സഭകളില്‍ നിന്ന് ആദ്യം പരിശുദ്ധസ്ഥാനം നേടിയ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം തിരുവല്ലയില്‍ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും അകലെയാണ്.മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഈ പള്ളി പല തവണ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ കാതോലിക്കാ സ്ഥാനാരോഹണം നടന്നിട്ടുള്ളതും പരുമല പള്ളിയില്‍ വെച്ചാണ്.

ചരിത്രം

മലങ്കര സഭയിലെ വൈദിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് കോട്ടയത്തിന് തെക്കായി ഒരു സെമിനാരി കൂടി വേണമെന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ആഗ്രഹിക്കുകയും അതിന്‍ പ്രകാരം അദ്ദേഹം കണ്ടെത്തുകയും ചെയ്ത സ്ഥലമാണ് പരുമല. പമ്പാനദി ഇരമല്ലിക്കര വെച്ച് രണ്ടായി പിരിഞ്ഞ് പന്നായി പാലത്തിന് കിഴക്കു വശത്തായി വീണ്ടും കൂടി ചേരുന്ന പത്തു ചതുരശ്ര കിലോമീറ്റര്‍ പരുമല ദ്വീപിന്റെ ഒരു ഭാഗം നിരണം ഇടവകക്കാരനായിരുന്ന അരികുപുറത്ത് കോരുത് മാത്തന്റെ വകയായിരുന്നു. അതില്‍ നിന്നും 2 ഏക്കര്‍ സ്ഥലം അദ്ദേഹം 1872-ല്‍ മാര്‍ ദീവന്നാസിയോസിന് സെമിനാരി സ്ഥാപനത്തിന് വിട്ടു കൊടുത്തു.

ഇവിടെ നിര്‍മ്മിച്ച ഒരു ചെറിയ കെട്ടിടത്തില്‍ താമസിച്ച് കൊണ്ട് മാര്‍ ദീവന്നാസ്യോസ് വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ തുടങ്ങി. വൈദിക വിദ്യാര്‍ത്ഥികല്‍ “അഴിപ്പുര” എന്ന ഒരു പഴയ കെട്ടിടത്തിലും താമസിച്ചു. ഇതിനടുത്തായി കോരുതു മാത്തന്‍ സ്ഥാപിച്ച ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. എന്നാല്‍ പരുമലയിലെ പനയന്നാര്‍ കാവിന്റെ തെക്കുഭാഗത്തായി പനക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശം അന്ന് ഭയപ്പെടുത്തുന്ന ഏകാന്തത നിറഞ്ഞതായിരുന്നു. ഭൂതപ്രേതാദികളുടെ കേളീരംഗമായി സാധാരണക്കാര്‍ കരുതിയിരുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ഭയത്തെ മുതലെടുത്ത് സാമൂഹിക വിരുദ്ധര്‍ കവര്‍ച്ചയും കൊള്ളിവെയ്പും നടത്തിയിരുന്നു. ഇതു പോലെയൊരു സ്ഥലത്ത് തന്നോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ അനുയോജ്യനായി പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് കണ്ടെത്തിയ വ്യക്തിയായിരുന്നു അന്നു വെട്ടിക്കല്‍ സെന്റ്.തോമസ് ദയറയില്‍  താമസിക്കുകയായിരുന്ന ചാത്തുരുത്തില്‍  ഗീവര്‍ഗീസ് കോറെപ്പിസ്ക്കോപ്പ. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കോറെപ്പിസ്ക്കോപ്പാക്ക് റമ്പാന്‍ സ്ഥാനം നല്‍കുകയും പരുമലയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും ചെയ്തു. പരുമലയിലെത്തിയ ഗീവര്‍ഗീസ് റമ്പാന്‍ വൈദികപരിശീലനമടക്കമുള്ള സഭാകാര്യങ്ങളില്‍ മാര്‍ ദീവന്നാസ്യോസിനെ സഹായിച്ചു വന്നു. പിന്നീട് ഇദ്ദേഹം ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി നിരണം ഭദ്രാസനത്തിന്റെ അധികാരം ഏറ്റെടുത്തപ്പോഴും ഭദ്രാസനചുമതലയോടൊപ്പം ശെമ്മാശന്മാരെപരിശീലിപ്പിക്കുന്നതിനായി തന്റെ താമസം പരുമല സെമിനാരിയില്‍ തന്നെ തുടര്‍ന്നു. ഇക്കാലയളവില്‍ പള്ളിയും സ്ഥലവും കൂടി കോരുത് മാത്തന്റെ മുന്‍ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന്റെ മക്കള്‍ സഭക്കായി എഴുതി നല്‍കി. പരുമല തിരുമേനി എന്നറിയപ്പെടാന്‍ തുടങ്ങിയ മാര്‍ ഗ്രീഗോറിയോസ് പള്ളിയുടെ വികസനത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. മുളയിലും പലകയിലും തീര്‍ത്ത പള്ളി പൊളിച്ച് മാറ്റി ദീര്‍ഘകാലത്തെ പ്രയത്നഫലമായി മൂന്ന് ത്രോണോസുകളോടു കൂടിയ സാമാന്യം വലിയ പള്ളി സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. തന്റെ യെരുശലേം തീര്‍ത്ഥാടനത്തിന് തൊട്ടു മുന്‍പായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിനൊപ്പം 1895 മകരം 15 (ജനുവരി 27) -ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതായി പരുമല തിരുമേനി തന്റെ ഊര്‍ശ്ലേം യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പരുമല തിരുമേനിയെ അദ്ദേഹത്തിന്റെ കാലശേഷം പരിശുദ്ധനായി സഭ പ്രഖ്യാപിക്കുകയും പരുമല പള്ളി കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാകുകയും ചെയ്തു. ധാരാളമായി വന്നെത്തുന്ന തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിനും കാലപ്പഴക്കത്താലുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനഭാഗങ്ങള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് പള്ളി വിപുലമായ രീതിയില്‍ പുതുക്കി പണിയുകയുണ്ടായി. പരുമലയില്‍ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തുശില്പിയായ ചാള്‍സ് കൊറയ ആയിരുന്നു. പരുമല പള്ളിയുടെ രൂപകല്പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും ഈജിപ്റ്റിലെ ചില കോപ്റ്റിക് ദേവാലയങ്ങളും ചാള്‍സ് കൊറയ സന്ദര്‍ശിച്ചിരുന്നു. കൊറയ അവതരിപ്പിച്ച മാതൃക 1993-ല്‍ അംഗീകരിക്കപ്പെട്ടു. 1995 മാര്‍ച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂര്‍ത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബര്‍ 27,28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തില്‍ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകള്‍ക്ക് ആരാധനയില്‍ സംബന്ധിക്കാന്‍ സൗകര്യമുണ്ട്.

പെരുന്നാള്‍

എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് ഇവിടുത്തെ പെരുന്നാള്‍. കൊടിയേറ്റ് നടക്കുന്ന ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ തീര്‍ത്ഥാടന വാരം ആയി ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികള്‍ നടത്തപ്പെടുന്നുണ്ട്. അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close