പാചകവാതക വിലയും വര്‍ധിപ്പിക്കാന്‍ നീക്കം

lpg

റെയില്‍വേ യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്.

ഇന്ധന സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഈവര്‍ഷത്തോടെ 1.40 ലക്ഷം കോടി രൂപ കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഇറാഖിലെ ആഭ്യന്തര യുദ്ധംമൂലം ഇന്ധനവിലയില്‍വരുന്ന വര്‍ധനയും വന്‍ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഉപഭോക്താക്കള്‍ക്ക് കനത്ത ബാധ്യത ഒറ്റയടിക്ക് അനുഭവപ്പെടാതിരിക്കാന്‍, ഡീസല്‍ വില പ്രതിമാസം 50 പൈസ നിരക്കില്‍ വര്‍ധിപ്പിച്ചത് മാതൃകയാക്കിയാണ് പുതിയ നിരക്ക് വര്‍ധന നടപ്പാക്കാനൊരുങ്ങുന്നത്. പ്രതിമാസം 10 രൂപനിരക്കില്‍ വിലവര്‍ധിപ്പിച്ച് സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനാണ് തീരുമാനം. അതേസമയം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തില്‍ തല്‍ക്കാലം കുറവ് വരുത്തേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

എണ്ണവില കഴിഞ്ഞ ഒമ്പതുമാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ സര്‍ക്കാരിന് കടുത്ത തീരുമാനമെടുക്കാതെ വഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത ബജറ്റില്‍ വിലവര്‍ധന പ്രഖ്യാപനം ഉണ്ടായേക്കും. പ്രെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.

Show More

Related Articles

Close
Close