പുതിയ സര്‍ക്കാര്‍ : ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം

modi rajnathsingh

തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിജയം ഉറപ്പെന്ന പ്രതീക്ഷയില്‍, ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരണവും സംഘടനാതലത്തിലെ മാറ്റങ്ങളും സംബന്ധിച്ച ചര്‍ച്ച സജീവമാക്കി. ഇതിന്റെ ഭാഗമായി ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് പാര്‍ട്ടി നേതാക്കളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെത്തി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി.

ആര്‍. എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ ഡല്‍ഹിയില്‍ പല തലത്തില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ഇത്. ആര്‍.എസ്.എസ്സിന്റെ പ്രതിനിധിയായാണ് ഗഡ്കരി എത്തിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അദ്വാനി പക്ഷത്തെ പ്രമുഖയുമായ സുഷമ സ്വരാജ് പങ്കെടുത്തില്ല. മോദിയുമായി അത്ര സുഖത്തിലല്ലാത്ത അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ തുടങ്ങിയവരെ സര്‍ക്കാറില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന ആലോചനയാണ് പ്രധാനമായും നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യം.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് മന്ത്രിസഭയിലേക്ക് പോയാല്‍ പകരം അധ്യക്ഷന്‍ ആര് എന്ന ആലോചനകളും നടക്കുന്നുണ്ട്. മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഇതിനായി ചരടുവലിക്കുന്നുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. അധ്യക്ഷ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു. എന്നാല്‍ രാജ്‌നാഥ് സിങ് മന്ത്രിസഭയില്‍ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള പുര്‍ത്തി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവിന് തടസ്സമായത്. ഗഡ്കരിക്കെതിരെ ഒരു കേസും നിലവിലില്ലെന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗഡ്കരി വീണ്ടും വരാനുള്ള സാധ്യത ഏറുന്നത്. നാഗ്പുര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരിക്കുകയാണ് ഗഡ്കരി ഇപ്പോള്‍.

സംഘപരിവാറിന്റെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായാല്‍ മെയ് അവസാനവാരം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്നേക്കും.

അദ്വാനി സര്‍ക്കാറില്‍ ചേരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. താരതമ്യേന ജൂനിയറായ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ ചേരുന്നതിനേക്കാള്‍ എന്‍.ഡി.എ. ചെയര്‍മാന്‍ പദവിയില്‍ തുടരാനാണ് സാധ്യത. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ ഈ പദവിക്ക് കൂടുതല്‍ ഗൗരവം ലഭിക്കും. അദ്വാനി തൃപ്തനാവുമെങ്കില്‍ സര്‍ക്കാറിന്റെ ഭാഗമാകാതെ ഈ പദവിയില്‍ തുടരും. എന്നാല്‍, പ്രധാനമന്ത്രി തന്നെ മുന്നണിയുടെ നേതൃത്വവും ഏറ്റെടുക്കണമെന്ന് മോദി ആഗ്രഹിക്കുന്നുണ്ട്്. അങ്ങനെയെങ്കില്‍ അദ്വാനിക്ക് മറ്റേതെങ്കിലും സ്ഥാനം നല്‍കേണ്ടി വരും.
സ്പീക്കര്‍ പദവിയാണ് പാര്‍ട്ടിയുടെ മുന്നിലുള്ള ഒരു പോംവഴി. അത് ഭരണഘടനാ സ്ഥാപനവുമാണ്, എന്നാല്‍ പ്രധാനമന്ത്രിയുടെ താഴെയുമല്ല. സ്പീക്കര്‍ പദവിയോട് അദ്വാനിക്ക് എതിര്‍പ്പില്ലെന്നാണ് സൂചനകള്‍.

സ്വന്തം പദവിയോടൊപ്പം തനിക്കൊപ്പമുള്ളവര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍ നേടിയെടുക്കാനും അദ്വാനി കരുനീക്കുന്നുണ്ട്. സുഷമയുെട കാര്യത്തിലാണ് കടുംപിടിത്തം. പ്രതിരോധം, ആഭ്യന്തരം, ധനകാര്യം എന്നിവയിലേതെങ്കിലും വകുപ്പ് സുഷമയ്ക്ക് നല്‍കണമെന്നാണ് അദ്വാനിയുടെ ആവശ്യം.

ഗഡ്കരിയും രാജ്‌നാഥ് സിങ്ങും ബുധനാഴ്ച രാവിലെ സുഷമയെ കണ്ടശേഷമാണ് ഗുജറാത്തിലേക്ക് പോയത്. ആഭ്യന്തര വകുപ്പിന് വേണ്ടി ആര്‍.എസ്.എസ്. പിടിമുറുക്കുന്നുണ്ട്. ഗഡ്കരിക്ക് വേണ്ടിയാണ് അവര്‍ ആഭ്യന്തരം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ വകുപ്പ് വിട്ടുകൊടുക്കുന്നതിനെ മോദി അനുകൂലിക്കുന്നില്ല. ഈയിടെ എന്‍.ഡി.എ.യിലെത്തിയ രാം വിലാസ് പാസ്വാന് ആരോഗ്യം-കൃഷി, അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനകാര്യം എന്നിങ്ങനെയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഗാന്ധിനഗറിലെ മോദിയുടെ ഔദ്യോഗിക വസതിയില്‍ വൈകിട്ട് അഞ്ചോടെ ആരംഭിച്ച ചര്‍ച്ച മണിക്കൂറോളം നീണ്ടു. അത്താഴത്തിന് ശേഷമാണ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close