പുനലൂരില്‍ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു

പുനലൂര്‍: റെയില്‍വേ ഗേജ്മാറ്റത്തിന്റെ ഭാഗമായി പുനലൂര്‍ ചൗക്കയില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക മണ്‍വേലകള്‍ പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ജോലികള്‍ നിര്‍ത്തിവച്ചിരുന്നു.

പാതയ്ക്കായി മണ്ണ് നീക്കംചെയ്ത ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം നീക്കംചെയ്ത് ബാക്കി ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയോടെ അടിത്തറ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.

ഗേജ്മാറ്റ ജോലികള്‍ നടക്കുന്ന പുനലൂര്‍ചെങ്കോട്ടപ്പാതയില്‍ ബ്രോഡ്‌ഗേജ് തീവണ്ടികള്‍ ഓടിത്തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാനാണ് ചൗക്കയില്‍ അടിപ്പാത നിര്‍മിക്കുന്നത്. നേരത്തെ മീറ്റര്‍ഗേജ് തീവണ്ടി ഓടുമ്പോള്‍, ചൗക്കകാര്യറ റോഡിലെ ലെവല്‍ ക്രോസ്സില്‍ ഏറെനേരം ഗതാഗതസ്തംഭനം അനുഭവപ്പെട്ടിരുന്നു.

ചൗക്കയില്‍ മുസ്‌ലിം പള്ളിക്ക് സമീപപ്രദേശവും കാര്യറ റോഡില്‍ സെന്റ് ഗോരേറ്റി സ്‌കൂളിന്റെ മുന്‍ഭാഗവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് അടിപ്പാത നിര്‍മിക്കുന്നത്.

പാത പൂര്‍ത്തിയാകുന്നതോടെ റെയില്‍പ്പാളവും ചൗക്കയില്‍നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡും പാതയുടെ മുകളിലാകും.
100 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ളതാകും പാത. ഇതിന്റെ നിര്‍മാണത്തിനായി റെയില്‍വേയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് നാലുകോടി രൂപയാണ് മുടക്കുന്നത്.

മൂന്നുമാസത്തിനുള്ളില്‍ അടിപ്പാത പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കനത്ത മഴയേത്തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ല. ഇതിനിടയില്‍ പാതയ്ക്കായി മണ്ണെടുത്ത കുഴിയിലേക്ക് മണ്ണിടിച്ചിലുണ്ടായത് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഗതാഗത മുടക്കവും സൃഷ്ടിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close