പുന:സംഘടന: മുഖ്യമന്ത്രി ഡല്‍ഹിക്ക്; ഐ ഗ്രൂപ്പ് ഇടയുന്നു

oommen chandy2

മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 24 ന് ഡല്‍ഹിയിലെത്തും. മന്ത്രിമാരെ മാറ്റുന്നതും പുതിയ സ്പീക്കറെ കണ്ടെത്തുന്നതും ഉള്‍പ്പടെയുള്ള വിഷയം ഹൈക്കമാന്‍ഡുമായി അദ്ദേഹം ചര്‍ച്ചചെയ്യും.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ രാജി പ്രഖ്യാപനത്തോടെ ഫലത്തില്‍ മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ അനൗദ്യോഗികമായെങ്കിലും തുടങ്ങിക്കഴിഞ്ഞു. വിദേശസന്ദര്‍ശനം കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തിരിച്ചെത്തുന്നതോടെ വിശദമായ ചര്‍ച്ചനടക്കും.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നീട് പലതവണ അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ കാര്‍ത്തികേയന്‍ സ്പീക്കര്‍ സഥാനം ഒഴിയുകാണെന്ന് പ്രഖ്യാപിച്ചതോടെ ഫലത്തില്‍ പുന:സംഘടനയ്ക്ക് വഴിതുറക്കലുമായത്. പുന:സംഘടനയെ ആദ്യം മുതല്‍തന്നെ എതിര്‍ക്കുന്ന ഐ ഗ്രൂപ്പ് പ്രസ്താവനകളും പ്രതികരണങ്ങളുമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.

കാര്‍ത്തികേയന്റെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ ചേരിതിരഞ്ഞ് അഭിപ്രായപ്രകടനവും നടന്നുവരുകയാണ്. പുന:സംഘടനയെ എതിര്‍ക്കുന്ന ഐ ഗ്രൂപ്പില്‍ കാര്‍ത്തികേയന്‍ സ്പീക്കറായി തുടരണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ അദ്ദേഹത്തിന് മന്ത്രിപദമോ പാര്‍ട്ടിപദവിയോ എന്തായാലും ഉചിതമായ സ്ഥാനം നല്‍കണമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. സ്പീക്കറായിരുന്നവര്‍ മന്ത്രിയായ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തികേയന്‍ മന്ത്രിയാകണമെന്ന വാദത്തിന് പിന്തുണ നല്‍കി എ ഗ്രൂപ്പും രംഗത്തുണ്ട്.

എ ഗ്രൂപ്പിനെ അപേക്ഷിച്ച് നിലവില്‍ ഒരുമന്ത്രിസ്ഥാനം അധികമുള്ള ഐ ഗ്രൂപ്പിന്റെ കൈവശമാണ് ആഭ്യന്തരം, റവന്യു, ആരോഗ്യം എന്നീ പ്രധാന വകുപ്പുകളെല്ലാം. പുന:സംഘടന നടക്കുന്ന പക്ഷം നഷ്ടം ഐ ഗ്രൂപ്പിനായിരിക്കുമെന്നതാണ് അവരുടെ എതിര്‍പ്പിന് കാരണവും

ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി കേരള സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ എയര്‍കേരളയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close