ഇസ്രയേലിന്‍റേത് യുദ്ധക്കുറ്റം: യുഎന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കും

ഗാസയിലെ ഇസ്രായേല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണര്‍ നവി പിള്ള. എന്നാല്‍ ഇസ്രായേലിനു നേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ നവി പിള്ള അപലപിച്ചു. ഗാസ വിഷയത്തില്‍ യു.എന്‍. മനുഷ്യാവകാശ സമിതി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള.

”ഇസ്രായേല്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുണ്ട്. ഇത് യുദ്ധക്കുറ്റമാണ്. റോക്കറ്റാക്രമണങ്ങളുടെ പേടികൂടാതെ ജീവിക്കാന്‍ ഇസ്രായേലികള്‍ക്കും സ്വാതന്ത്ര്യമുണ്ട്”- നവി പിള്ള പറഞ്ഞു. ഇസ്രായേലിന്റേത് നിഷ്ഠുരമായ കുറ്റകൃത്യമാണെന്ന് പലസ്തീന്‍ വിദേശമന്ത്രി റിയാദ് അല്‍മാലികി യോഗത്തില്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളും 2500 വീടുകളും പാടേ തകര്‍ന്നതായി മാലികി വ്യക്തമാക്കി. അറബ് രാജ്യങ്ങളുള്‍പ്പെടെയുള്ളവയുടെ ആവശ്യത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തത്.

ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യോഗത്തില്‍ വോട്ടിനിടുന്നുണ്ട്. സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

ബുധനാഴ്ച 40 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 678 ആയി. 32 ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗാസയില്‍നിന്നുള്ള റോക്കറ്റ് ടെല്‍ അവീവിലെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കടുത്ത് പതിച്ചതോടെ ബുധനാഴ്ച ഇസ്രായേലിലെ വ്യോമഗതാഗതം താറുമാറായി

അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍നിന്നുള്ള സര്‍വീസുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. യൂറോപ്യന്‍ വിമാനങ്ങളും ടെല്‍ അവീവിലേക്കുള്ള വിമാന ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

ഗാസയില്‍ വെടിനിര്‍ത്താനുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് യു.എസ്. വിദേശ സെക്രട്ടറി ജോണ്‍കെറി ജെറുസലേമില്‍ പറഞ്ഞു. എന്നാല്‍, തീരുമാനത്തിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നും കെറി പറഞ്ഞു. ജെറുസലേമില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കെറി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബാന്‍ കി മൂണും പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കെറി ചര്‍ച്ച നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close