പോരാട്ടം കനത്തു; കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി

000004

സൈന്യവും ഐഎസ്ഐഎസ് വിമതരും തമ്മില്‍ രൂക്ഷ പോരാട്ടം തുടരുന്ന ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഈയാഴ്ച 600 പേരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

പ്രശ്നബാധിതമല്ലാത്ത മേഖലകളില്‍നിന്ന് ഇതിനകം 94 പേര്‍ മടങ്ങിക്കഴിഞ്ഞു. തിക്രിത്തിലുള്ള നഴ്സുമാര്‍ സുരക്ഷിതരാണെന്നും അവര്‍ക്കു വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാവുന്ന സാഹചര്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നജഫ്, ബഗ്ദാദ്, കര്‍ബല, ബസ്റ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യക്കാര്‍ മടങ്ങുന്നത്. ഈ സ്ഥലങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഇന്ത്യക്കാരുടെ മടക്കയാത്രയ്ക്കു സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റിനു പണമില്ലാത്തതും തൊഴില്‍ കരാര്‍ നിലവിലുണ്ടെന്നതും യാത്രയ്ക്കു തടസ്സമാകില്ല; ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

സാധാരണ യാത്രാ വിമാനങ്ങളിലാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ മടങ്ങുന്നത്. എന്നാല്‍, അടിയന്തര സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ മറ്റു
സംവിധാനങ്ങള്‍ സജ്ജമാണ്. തിക്രിത്തിലുള്ള നഴ്സുമാര്‍ക്കു ഭക്ഷണവും മറ്റും ലഭ്യമാക്കുന്നുണ്ട്. അവരുടെ താമസസ്ഥലത്തെക്കുറിച്ച് ഇറാഖിലെ സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. നഴ്സുമാര്‍ ഏറ്റുമുട്ടലിനിടയില്‍പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നും സയ്യദ് അക്ബറുദ്ദീന്‍ വിശദീകരിച്ചു.

ഇതേസമയം, വടക്കന്‍ നഗരമായ തിക്രിത്തിന്റെ നിയന്ത്രണം വിമതരില്‍ നിന്നു തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം രൂക്ഷ പോരാട്ടം തുടരുകയാണ്. സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ നിന്നു വിമതരെ തുരത്തുന്നതിന് സൈന്യത്തിന് യുഎസ് സൈനിക വിദഗ്ധര്‍ വിദഗ്ധോപദേശം നല്‍കുന്നുണ്ട്. ഇതിനിടെ, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇറാഖിന്റെയും സിറിയയുടെയും ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഖിലാഫത്ത് ഭരണം (ജനകീയഭരണം) സ്ഥാപിച്ചതായി ഐഎസ്ഐഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close