പോര്‍ച്ചുഗലിന് ജയിച്ചേ തീരൂ.

 

ഗ്രൂപ്പ് ജിയിലെ നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗല്‍ അമേരിക്കയെ നേരിടും. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത നാല് ഗോളിന് തകര്‍ന്നടിഞ്ഞ പോര്‍ച്ചുഗലിന് ജയത്തില്‍ കുറഞ്ഞതെന്തും മരണ തുല്യമാകും. എന്നാല്‍ തോല്‍വിയുടെ ആഘാതത്തിനൊപ്പം പ്രമുഖ താരങ്ങളുടെ പരിക്കും ഡിഫന്‍ഡര്‍ പെപെയുടെ അസാന്നിധ്യവും കൂടിയാകുമ്പോള്‍ പോര്‍ച്ചുഗീസ് ക്യാമ്പ് ആശങ്കയിലാണ്. ജര്‍മനിയ്ക്കെതിരെ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ പെപെയ്ക്ക് കളിയ്ക്കാനാവില്ല. പരിക്ക് മൂലം കോയിന്‍ട്രാവോ കൂടി പുറത്തിരിക്കുന്നതിനാല്‍ പ്രതിരോധം ദുര്‍ബലമാകും. ടീമിന്റെ പ്രതീക്ഷ മുഴുവന്‍ പേറുന്ന ക്രിസ്ത്യാനോയും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെങ്കിലും കാല്‍മടമ്പിലെ വേദന കാരണം റൊണാള്‍ഡോ നേരത്തെ ഗ്രൗണ്ട് വിട്ടിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ റൊണാള്‍ഡോയെ കളിപ്പിക്കാന്‍ തന്നെയാണ് കോച്ച് പൗലോ ബെന്റോയുടെ തീരുമാനം. മറു വശത്ത് ആദ്യ മത്സരത്തില്‍ ഘാനയെ തോല്‍പ്പിച്ച അമേരിക്ക അത്ര നിസാരരല്ല. ജര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന തന്ത്രശാലിയായ കോച്ചാണ് അവരുടെ പ്രധാന കരുത്ത്. മത്സരത്തിന്റെ ഗതിക്കനുസരിച്ച് ടീമിനെ വിന്യസിക്കാന്‍ പ്രത്യേക മിടുക്കുണ്ട് ക്ലിന്‍സ്മാന്. ഘാനയ്ക്കെതിരെ ലോകകപ്പിലെ വേഗതയേറിയ ഗോള്‍ കണ്ടെത്തിയ ക്ലിന്റ് ഡെംപ്സിയെ മുന്‍ നിര്‍ത്തിയാണ് അമേരിക്കയുടെ നീക്കങ്ങള്‍. ക്രിസ്ത്യാനോയ്ക്ക് പ്രതിരോധം തീര്‍ത്ത് പോര്‍ച്ചുഗീസ് ആക്രമണത്തിന്റെ മുനയൊടിക്കുക എന്നത് തന്നെയാകും അമേരിക്കയുടെ തന്ത്രം. എന്നാല്‍ ജര്‍മനിക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ റൊണാള്‍ഡോ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗീസ് ടീം. ഗ്രൂപ്പ് ജിയില്‍ ഒരു ജയവും സമനിലയുമായി ജര്‍മനിയാണ് മുന്നില്‍. അമേരിക്കയ്ക്ക് മൂന്നും ഘാനയ്ക്ക് ഒരു പോയിന്റുമുണ്ട്. ഇനിയുള്ള രണ്ട് മത്സങ്ങളിലും മികവ് വീണ്ടെടുത്താല്‍ പോര്‍ച്ചുഗലിന് മുന്നോട്ട് കുതിക്കാനാകും.

Show More
Close
Close