പോളിയുടെ ടെക്നിക് കളുമായി പൊളിടെക്നിക്

polytechnic

2003ല്‍ ‘അമ്മക്കിളിക്കൂട്’ എന്ന സിനിമയുമായാണ് സംവിധായകന്‍ എം.പത്മകുമാറിന്റെ അരങ്ങേറ്റം. തുടര്‍ന്നുള്ള പതിനൊന്ന് വര്‍ഷങ്ങളിലായി ഒമ്പത് സിനിമകള്‍ കൂടി പത്മകുമാര്‍ ചെയ്തു. എല്ലാം ഒന്നിനൊന്ന് ഗൗരവമേറിയ പ്രമേയങ്ങള്‍. ഇതില്‍ പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത വാസ്തവവും മോഹന്‍ലാല്‍ ചിത്രം ശിക്കാറും റോഡ് മൂവിയായ തിരുവമ്പാടി തമ്പാനുമെല്ലാമുള്‍പ്പെടും. ഇതാദ്യമായി ഒരു മുഴുനീള കോമഡിചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് സംവിധായകന്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി പത്മകുമാര്‍ ഒരുക്കിയ പുതിയ ചിത്രം ‘പോളിടെക്‌നിക്ക്’ ഏപ്രില്‍ 11ന് തിയേറ്ററുകളിലെത്തും.

”പോളി എന്ന സാധാരണ ചെറുപ്പക്കാരന്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന ടെക്‌നിക്കുകളാണ് സിനിമയുടെ പ്രമേയം. ഉയര്‍ന്ന രീതിയിലുള്ള ജീവിതം സ്വപ്നം കാണുന്ന പോളി കാട്ടിക്കൂട്ടുന്നതെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കും. കുഞ്ചാക്കോ ബോബന്റെ സിനിമകളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ പത്മകുമാര്‍ സിനിമയല്ല, നൂറുശതമാനവും ചാക്കോച്ചന്റെ സിനിമയാണിത്”- പോളിടെക്‌നിക്കിനെക്കുറിച്ച് സംവിധായകന്‍ നയം വ്യക്തമാക്കുന്നു. ഭാവനയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്. പോളിയുടെ നാട്ടിലെ സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഭാവനയ്ക്ക്. അജു വര്‍ഗീസ്, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഗിന്നസ് പക്രു എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. നിഷാദ് കോയയുടേതാണ് പോളിടെക്‌നിക്കിന്റെ തിരക്കഥ.
ഒരു മുഴുനീള കോമഡി ചിത്രമൊരുക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ‘ഹ്യൂമറിന്റെ ട്രാക്കില്‍ കഥ പറയുകയെന്നത് എനിക്ക് അത്ര പരിചിതമായ കാര്യമല്ല. അതുകൊണ്ടുതന്നെ അല്പം ഭയത്തോടെയാണ് സിനിമ തുടങ്ങിയത്. പക്ഷേ വിചാരിച്ചതിനേക്കാള്‍ എളുപ്പമായിരുന്നു കാര്യങ്ങള്‍. ഹ്യൂമര്‍ സീനുകള്‍ നന്നായിട്ടുണ്ടെന്ന് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞു. ഇനിയെല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.’- പത്മകുമാറിന്റെ വാക്കുകള്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close