പ്രതീക്ഷയോടെ ആറന്മുള സത്യാഗ്രഹത്തിന് 100 ദിവസം

aranmula 100

ആറന്മുള: മുപ്പതിനായിരത്തിലധികം സത്യാഗ്രഹികള്‍, 90 സംഘടനകള്‍, വിവിധ പ്രസ്ഥാനങ്ങളുടെ ദേശീയ-സംസ്ഥാന നേതാക്കള്‍, എല്ലാം ചേര്‍ന്ന പുതിയ സമവാക്യമായ ആറന്മുള സത്യാഗ്രഹത്തിന്  100 ദിവസം.
സമരകാലയളവില്‍ ദേശീയ, കേരള രാഷ്ട്രീയ കാലാവസ്ഥകളില്‍ ഉണ്ടായ മാറ്റങ്ങള്‍ സമരപ്പന്തലിനൊപ്പം നേതാക്കെളയും ആവേശത്തിലാക്കിയിട്ടുണ്ട്.
പ്രകടനപത്രികയില്‍ ‘വിമാനത്താവള നിരോധനം’ ഉറപ്പു നല്‍കിയ ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനെ സമരപ്പോരാളികള്‍ നൂറിന്റെ വെളിച്ചമായാണ് കാണുന്നത്. ഗ്രീന്‍ ട്രിബ്യൂണല്‍ കേസ്സിലെ ഈയാഴ്ച വിധിയുണ്ടായേക്കും.
ഇതോടൊപ്പം തിരഞ്ഞെടുപ്പില്‍ വിമാനത്താവളത്തിനെതിരെ ഉണ്ടായ ജനവികാരവും സമരപ്പന്തലിനെ സജീവമാക്കിയിട്ടുണ്ട്. ആന്റോ ആന്റണി എം.പിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേര്‍പകുതിയായതും വിമാനത്താവളത്തെ എതിര്‍ക്കുന്ന എല്‍.ഡി.എഫ്, ബി.ജെ.പി. പാര്‍ട്ടികള്‍ക്കുണ്ടായ വോട്ട് വര്‍ധനയും സമരത്തിന് സഹായകമായതായി നേതാക്കള്‍ പറയുന്നു.
കെ.പി.സി.സി. പ്രസിഡന്റായി വി.എം.സുധീരന്‍ എത്തിയതും അദ്ദേഹത്തിന്റെ നിലപാടുകളിലെ കടുംപിടിത്തവും സമരക്കാരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഫിബ്രവരി 11ന് തുടങ്ങിയ സത്യാഗ്രഹത്തില്‍ കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും സത്യാഗ്രഹികള്‍ പങ്കെടുത്തു. 100 പേരടങ്ങുന്ന സംഘത്തെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും മിക്ക ദിവസങ്ങളിലും ഇത് 500 നും മുകളിലായി.
സമരപ്പന്തലിലെത്തുന്നവര്‍ക്ക് സൗജന്യമായി നടത്തിവന്ന അന്നദാനം, സമരസമവാക്യങ്ങളില്‍ത്തന്നെ മാറ്റംവരുത്തി. പരസ്പരം പോരാടിനില്‍ക്കുന്ന രാഷ്ട്രീയ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് ആഹാരം കഴിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുവെന്ന അപൂര്‍വതയ്ക്കും ആറന്മുള സമരപ്പന്തല്‍ സാക്ഷ്യംവഹിക്കുന്നു.
100-ാം ദിവസമായ ബുധനാഴ്ച രാവിലെ സത്യാഗ്രഹികള്‍ ആറന്മുളയിലെ മൂന്നു സ്ഥലങ്ങളില്‍നിന്ന് പ്രകടനം തുടങ്ങി ഐക്കര ജങ്ഷനില്‍ ഒത്തുചേരും. തുടര്‍ന്ന് 100 സ്ഥലങ്ങളില്‍ നിന്നും 100 സംഘടനകളില്‍ നിന്നുമെത്തുന്ന സത്യാഗ്രഹികള്‍ വിളക്കുതെളിച്ച് വിമാനത്താവളവിരുദ്ധ പ്രതിജ്ഞയെടുക്കും. സുഗതകുമാരി സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close