പ്രധാന നിയമനങ്ങളില്‍ അന്തിമവാക്ക് പ്രധാനമന്ത്രിയുടേത്‌

ഭരണത്തിന്റെ സമസ്തമേഖലകളിലും അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്‌സണല്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന സകല നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെടുന്നു.

ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രാലയത്തില്‍ ലഭിച്ച കത്തില്‍ ജോയന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ ഓഫീസര്‍മാരുടെയും പുതിയ നിയമനം സ്ഥലംമാറ്റം തുടങ്ങിയവ പ്രധാനമന്ത്രിയുടെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും എന്ന് വ്യക്തമാക്കുന്നു.
ഭരണഘടനാപദവികളായ ലോക്പാല്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി.), യു.പി.എസ്.സി. തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവസാന വാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ.) ആയിരിക്കും. ഐ.എ.എസ്., ഐ.പി.എസ്. പ്രൊബേഷണര്‍മാരുടെ കേഡറുകള്‍ നിശ്ചയിക്കുന്നതും പി.എം.ഒ.യായിരിക്കും.

യു.പി.എസ്.സി. ചെയര്‍മാന്‍ നിയമനം, രാജി, അധികാരത്തില്‍നിന്ന് നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ പി.എം.ഒ.യുടെ പരിധിയിലായിരിക്കും. വിവരാവകാശ നിയമവുമായി (ആര്‍.ടി.ഐ.) ബന്ധപ്പെട്ട നിര്‍ണായക നയങ്ങള്‍, പുതിയ അഖിലേന്ത്യാ സര്‍വീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയവയിലും പൂര്‍ണ അധികാരവും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിക്കുതന്നെ. ആര്‍.ടി.ഐ. നിയമത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഭേദഗതിക്ക് മുന്‍കൂര്‍ അനുമതി വേണ്ടി വരും. സി.ബി.ഐ. ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്. ഐ.എ.എസ്., കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍വീസ് ഓഫീസര്‍മാര്‍, സി.ബി.ഐ. ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെയുള്ള അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട കേസുകളും പ്രധാനമന്ത്രി തീരുമാനിക്കും.

ഇതിനിടെ, കാബിനറ്റ് നിയമനസമിതി (എ.സി.സി.) നടത്തിയ നിയമന നടപടികള്‍ വേഗത്തിലാക്കാന്‍ എല്ലാ മന്ത്രാലയങ്ങളുടെയും നോ!ഡല്‍ ഓഫീസര്‍മാരുടെ യോഗം പേഴ്‌സണല്‍ മന്ത്രാലയം വിളിച്ചുചേര്‍ത്തിട്ടുണ്ട്. എ.സി.സി. നടത്തുന്ന നിയമനങ്ങള്‍ക്കുള്ള നിരീക്ഷണസംവിധാനം നിലവില്‍ കാര്യക്ഷമമല്ലെന്നും ഇത് പരിഹരിക്കാനാണ് യോഗമെന്നും പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ കത്തില്‍ പറയുന്നു. ഇരുപത്തഞ്ചിനോ ഇരുപത്താറിനോ ആയിരിക്കും യോഗം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close