പ്രാര്‍ത്ഥനാഭരിതരായി വിശ്വാസികള്‍ വലിയബാവയ്ക്ക് വിടചൊല്ലി

 ഫോട്ടോ & റിപ്പോര്‍ട്ട്: അശ്വിന്‍ പഞ്ചാക്ഷരി

bava podu

പത്തനാപുരം: ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവയുടെ സംസ്‌കാരശുശ്രൂഷയ്ക്ക് എത്തിയത് പത്തനാപുരം കണ്ട ഏറ്റവുംവലിയ ജനസഞ്ചയമായിരുന്നു. മൗണ്ട് താബോര്‍ ദയറ ചാപ്പലില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ജനപ്രവാഹം ഉച്ചയായപ്പോഴേക്കും നിയന്ത്രണാതീതമായി. സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും പ്രധാന റോഡുവരെ നീണ്ട നിരയിലും നിന്നവര്‍ പൊരിവെയലില്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് വലിയബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വളണ്ടിയേഴ്‌സിന് കഴിയാതെവന്നതോടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ചടങ്ങുകള്‍ക്ക് തടസ്സംവരാത്ത രീതിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വരി ഏര്‍പ്പെടുത്തി പരാതിയില്ലാത്തവിധം പോലീസ് തിരക്ക് നിയന്ത്രിച്ചു. ഇതിനിടെ സ്ഥലത്ത് എത്തിക്കൊണ്ടിരുന്ന പ്രധാനവ്യക്തികള്‍ക്ക് റീത്ത് സമര്‍പ്പിക്കാനും സംസാരിക്കാനും സംഘാടകര്‍ അവസരം ഒരുക്കിയിരുന്നു.
വന്‍ ജനത്തിരക്ക് മുന്നില്‍ക്കണ്ട് പോലീസ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. മൗണ്ട് താബോര്‍ ചാപ്പലിന്റെ സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സെന്റ് സ്റ്റീഫന്‍സ് മൈതാനത്തും വാഹനങ്ങള്‍ നിറഞ്ഞതോടെ മുന്‍നിശ്ചയപ്രകാരം മഞ്ചള്ളൂരും കല്ലുംകടവിലും വച്ച് വാഹനങ്ങള്‍ തടഞ്ഞു. എന്‍.എസ്.എസ്. ഗ്രൗണ്ട്, കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ശാലേപുരം സെന്റ് ആന്‍സ് ചര്‍ച്ച്, അല്‍-അമീന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ ഗതാഗതതടസ്സം മാറി. എന്നാല്‍ വാഹനങ്ങളില്‍നിന്നും ഇറങ്ങി ഒരു കിലോമീറ്ററിലേറെ നടന്ന് ദയറയില്‍ എത്തേണ്ടിവന്നത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടായി. ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ളവ തടസ്സംകൂടാതെ നടത്താന്‍ പോലീസ് നടപടി സഹായകവുമായി.
ചാപ്പല്‍ പരിസരത്തും പന്തലുകളിലും മരത്തണലിലും നിറഞ്ഞ വിശ്വാസികള്‍ക്ക് വിശപ്പും ദാഹവും അകറ്റാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സൗജന്യ ഉച്ചഭക്ഷണവും കുടിവെള്ളവിതരണവും ലഘുഭക്ഷണപായ്ക്കറ്റ് വിതരണവും ആള്‍ക്കാര്‍ക്ക് സഹായകമായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close