പ്രിയങ്കയെ കൊണ്ടുവരാന്‍ വീണ്ടും ചര്‍ച്ചകള്‍

priyanka

പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചകള്‍. ഈ ആവശ്യം മുമ്പും ഉയര്‍ന്നിരുന്നുവെങ്കിലും പാര്‍ട്ടി ഉന്നതനേതൃത്വം മൗനം പാലിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണച്ചുമതല രാഹുല്‍ എറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റുമ്പോഴാണ് പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വീണ്ടും തുടങ്ങിയത്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയോട് എറെ അടുപ്പമുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി 1990-ല്‍ പ്രിയങ്കയ്ക്ക് രാഷ്ട്രീയത്തിലുള്ള താത്പര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ദ്വിവേദി ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ പ്രിയങ്ക ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദ്വിവേദിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലും പാര്‍ട്ടി മൗനം പാലിക്കുകയാണ്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക നേതൃനിരയിലേക്ക് വരുമെന്നതിന്റെ സൂചനയായി ദ്വിവേദിയുടെ പരാമര്‍ശങ്ങളെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.

അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രിയങ്കയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ച പാര്‍ട്ടിക്ക് ഗുണമാവില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലായ്മയായി ഇത് വ്യാഖ്യാനിക്കപ്പെട്ടേക്കാം.

ഇത്തവണ സോണിയാഗാന്ധി മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുമെന്നും റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നും നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാവുമെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍ നെഹ്രുകുടുംബത്തിന്റെ പരമ്പരാഗത സ്വാധീനമേഖലയായ റായ്ബറേലി, അമേഠി മേഖലകളില്‍ പ്രചാരണം നടത്തുന്നത് മാത്രമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ റോളെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close