പ്ലസ് വണ്‍; പ്രവേശനം നിര്‍ത്തിവച്ചു

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്യാത്ത സ്‌കൂളുകളില്‍ പ്ലസ് വണ്‍ അനുവദിച്ചതു റദ്ദാക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കോടതി തീരുമാനമുണ്ടാകുന്നതുവരെ പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചു നയപരമായ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചു. അര്‍ഹതയുണ്ടായിട്ടും ബാച്ചുകള്‍ ലഭിക്കാതിരുന്ന സ്‌കൂളുകളുടെ പരാതികള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ തയാറാണെന്നും കോടതിയെ അറിയിക്കും. ഈ വര്‍ഷം 40 കുട്ടികളും അടുത്ത വര്‍ഷം 50 കുട്ടികളും ഇല്ലാത്ത ബാച്ചുകള്‍ക്ക് അംഗീകാരമുണ്ടായിരിക്കില്ലെന്നു സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും കൃത്യമായ നിബന്ധനകള്‍ വച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ തയാറാക്കിയ പട്ടികയ്ക്കു പുറമെ ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നു പുതിയ ബാച്ചുകള്‍ക്ക് ആവശ്യമുയര്‍ന്നു. ഇവയില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്കാണു പുതിയ ബാച്ചുകള്‍ അനുവദിച്ചത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിച്ച ഉപസമിതിക്ക് ഈ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.

ഉപസമിതിയുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കും. ഇന്നലെ വയനാട്ടിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും കോടതിവിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും നിയമവശങ്ങളും ചര്‍ച്ച ചെയ്തു. അതിനിടെ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആദ്യം സര്‍ക്കാരിനു സമര്‍പ്പിച്ച സ്‌കൂളുകളുടെ യോഗ്യതാപട്ടികയില്‍ ക്രമക്കേടുണ്ടെന്നു വിദ്യാഭ്യാസ സെക്രട്ടറി നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നു വ്യക്തമായി.

കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അയോഗ്യരായ 22 സ്‌കൂളുകള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഹൈക്കോടതിയുടെ വിലക്കിന്റെ അടിസ്ഥാനത്തില്‍ ഇരുനൂറില്‍ കൂടുതല്‍ ബാച്ചുകള്‍ നഷ്ടമാകുമെന്നാണു ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ അനുവദിച്ച 103 അധിക ബാച്ചുകളും ഇക്കൂട്ടത്തില്‍പ്പെടും. നഷ്ടമാകുന്ന ബാച്ചുകളുടെ കൃത്യം കണക്ക് ഇനിയും തയാറായിട്ടില്ല. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കണക്ക് ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close