മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു
സ്കീയിങ്ങിനിടെ തല പാറക്കെട്ടിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആറുമാസമായി ചികില്‍സയിലായിരുന്ന ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന് മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു. അപകടമുണ്ടായ ഡിസംബര്‍ മുതല്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. അബോധാവസ്ഥയില്‍നിന്ന് മുക്തനായ അദ്ദേഹം ആശുപത്രി വിട്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ആശുപത്രി വിട്ടെങ്കിലും കാറോട്ട രംഗത്തേക്ക് ഉടന്‍ തിരിച്ചു വരാന്‍ ഷൂമാക്കറിന് കഴിയില്ല. നീണ്ട കാലത്തെ വിശ്രമ ജീവിതത്തിനു ശേഷമേ അദ്ദേഹത്തിന് കായിക രംഗത്ത് സജീവമാകാന്‍ കഴിയൂ. പൊതു ജനങ്ങളില്‍നിന്ന് മാറി രഹസ്യ കേന്ദ്രത്തിലായിരിക്കും ഷൂമാക്കറിന്റെ വിശ്രമമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ചികില്‍സയ്ക്ക് സഹായിച്ച ഡോക്ടര്‍മാരോടും നഴ്സുമാരോടും ഷുമാക്കറിനു വേണ്ടി പ്രാര്‍ത്ഥിച്ച ലോകമെങ്ങുമുള്ള ആരാധകരോടും കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. ഫ്രാന്‍സിലെ ഗ്രനോബിളിലെ ആശുപത്രിയിലായിരുന്നു ഇത്രയും കാലം അദ്ദേഹം.
ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന് മിക്കു (14) മൊത്ത് സ്കീയിങ് നടത്തുന്നതിനിടെയാണ് ഷുമാക്കര്‍ക്ക് അപകടം പിണഞ്ഞത്. ബാലന്‍സ് തെറ്റി ഷൂമാക്കര്‍ സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൌട്ടിയേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ഏഴുതവണ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അപകടം നടക്കമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും അത് തകരുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.