ബസ് ചാര്‍ജ് കൂട്ടി: മിനിമം ചാര്‍ജ് ഏഴു രൂപ

private bus

സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് രണ്ട് രൂപ വര്‍ധിപ്പിച്ചു. ഈ മാസം 20 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

ബുധനാഴ്ച ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാര്‍ജ് വര്‍ധനവിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏകദേശം അതേപടി നടപ്പാക്കുകയായിരുന്നുവെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസിന് കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍ നിന്ന് 64 പൈസയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് ഒരു രൂപയും വര്‍ധിപ്പിച്ചു.

സിറ്റി ഫാസ്റ്റ് സര്‍വീസിന് കിലോമീറ്റര്‍ ചാര്‍ജ് ആറ് പൈസ വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജില്‍ ഒരു രൂപയാണ് വര്‍ധന. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കി ഉയര്‍ത്തി. സൂപ്പര്‍ഫാസ്റ്റ് ബസിന്റെ കിലോമീറ്റര്‍ ചാര്‍ജ് 65 പൈസയില്‍ നിന്ന് 75 പൈസയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 13 രൂപയാക്കി ഉയര്‍ത്തി. സൂപ്പര്‍ എക്‌സ്പ്രസിന്റെ മിനിമം ചാര്‍ജ് 17 രൂപയില്‍ നിന്നും 20 രൂപയായും ഉയര്‍ത്തി. ലക്ഷ്വറി സര്‍വീസിന് മിനിമം ചാര്‍ജ് 35 രുപയില്‍ നിന്നും 40 രൂപയായും വോള്‍വോ സര്‍വീസിന്റേതും 35 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്തി.

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധന സംബന്ധിച്ച് വിശദമായി പഠിച്ചതിന് ശേഷം മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനയല്ലാതെ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. 2012ന് ശേഷം ഡീസല്‍ നിരക്കില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തേയ്മാന ചെലവുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ചാര്‍ജ് വര്‍ധനയല്ലാതെ മറ്റൊരു വഴിയും സര്‍ക്കാരിന് മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ കെ.എസ്. ആര്‍.ടി.സിക്ക് പ്രതിദിനം ഒരു കോടിയുടെ അധിക വരുമാനം ലഭിക്കും. നിലവില്‍ 4.7 കോടിയാണ് പ്രതിദിന വരുമാനം.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012 സപ്തംബറിലാണ് ഒടുവില്‍ നിരക്ക് വര്‍ധിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close