ബാര്‍ ലൈസന്‍സ് വിട്ടുവീഴ്ചയ്ക്കില്ല: ചെന്നിത്തലയുടെ ഫോര്‍മുല സുധീരന്‍ തള്ളി

sudheran & ramesh chennithala

ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിലെ തര്‍ക്കം പരിഹരിക്കുന്നതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ഫോര്‍മുല കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തള്ളി. രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിട്ടുള്ള ഫോര്‍മുല സ്വീകാര്യമല്ല, ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണെന്ന് സുധീരന്‍ പറഞ്ഞു.

നിലവാരമില്ലാത്ത 418 ബാറുകളുടെ കാര്യത്തില്‍ പരിഹാരത്തിനായി മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചനടത്താനിരിക്കെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. പ്രസ് ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കെ.പി.സി.സി ആസ്ഥാനത്തേക്ക് മടങ്ങുംവഴി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് രമേശ് മുന്നോട്ട് വെച്ച ഫോര്‍മുല സ്വീകാര്യമല്ലെന്ന് സുധീരന്‍ വ്യക്തമാക്കിയത്. ‘തുറന്ന മനസ്സോട് കൂടി സംസാരിക്കുക.ചര്‍ച്ചചെയ്ത് ഏതെങ്കിലും സ്വീകാര്യമായ പരിഹാരമായ മാര്‍ഗം ആരായുകയാണ് ലക്ഷ്യമിടുന്നത്. നല്ല തീരുമാനം വരാന്‍ അതിന്റേതായ സമയമെടുക്കും’-സുധീരന്‍ പ്രതികരിച്ചു.

പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ടു സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കാമെന്ന നിര്‍ദേശമാണ് രമേശ് മുന്നോട്ട് വച്ചത്. നിലവാരമില്ലാത്തവയുടെ പട്ടികയില്‍പ്പെട്ട 418 ല്‍ ടു സ്റ്റാര്‍ സൗകര്യം ഉള്ളതോ, ഈ സൗകര്യം നേരത്തെ വാങ്ങുകയും പിന്നീട് പുതുക്കാതിരിക്കുകയും ചെയ്തവയ്ക്ക് അനുമതി നല്‍കാം. ഈ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ 60 -67 ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്ന് കരുതാം. ബാക്കി ബാറുകളുടെ ടു സ്റ്റാര്‍ സൗകര്യം പരിശോധിക്കാനായി ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങാം. ഇവയില്‍ ടു സ്റ്റാര്‍ സൗകര്യമുള്ളവയ്ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയാകും. 150-200 ബാറുകള്‍ക്ക് ഈ വിഭാഗത്തില്‍ അനുമതി നല്‍കാന്‍ കഴിയും. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 316 എണ്ണത്തിലും നിലവാരമില്ലാത്തവ പരിശോധിച്ച് പൂട്ടണം-ഇതായിരുന്നു രമേശിന്റെ നിര്‍ദേശം.

ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെ ഇന്ന് നിര്‍ണായക ചര്‍ച്ചനടക്കുന്നതിന് മുന്നോടിയായാണ് സുധീരന്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം പരസ്യമായി നല്‍കിയത്. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് സമവായം അകന്നുനില്‍ക്കുന്നത്. കോണ്‍ഗ്രസ്സില്‍ ഏകാഭിപ്രായം ഉണ്ടാകാത്തതിനാല്‍ ഇക്കാര്യം ചൊവാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിലും ചര്‍ച്ച ചെയ്തതുമില്ല.

എക്‌സൈസ് മന്ത്രി കെ. ബാബു ഇന്നലെ വി.എം. സുധീരനെ കണ്ടു. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍ ബാബുവിനെ അറിയിച്ചു. അതുകൊണ്ടുതന്നെ വിശദമായ സംസാരത്തിലേക്ക് ഇരുവരും പോയില്ല. ടു സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്നും ലൈസന്‍സ് ഇതിനോടകം നല്‍കിയവയില്‍ ഈ സൗകര്യം ഇല്ലാത്തവ പൂട്ടാമെന്നുമുള്ള നിര്‍ദേശം നേതാക്കളുടെ പരിഗണനയിലുണ്ട്. എന്നാല്‍ നിലവാരമില്ലാത്തവയ്ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഇനി സമയം നല്‍കേണ്ടെന്നും മദ്യലഭ്യത കുറയ്ക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നുമുള്ള നിലപാടില്‍ നിന്ന് സുധീരന്‍ പിന്നാക്കം പോയിട്ടില്ല.

അടുത്ത യു.ഡി.എഫ്. യോഗം മെയ് 20 നാണ് നിശ്ചയിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close