ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ സ്വീകരിക്കും; കോണ്‍ഗ്രസ്‌ നിലപാട് വ്യക്തമാക്കി എംഎം ഹസന്‍

ബിഡിജെഎസ് എന്‍ഡിഎ വിട്ടാല്‍ യുഡിഎഫിലെടുക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മതേതര പക്ഷത്തേക്ക് വരാന്‍ അവര്‍ തയ്യാറാകണമെന്നും ഹസന്‍ പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബിഡിജെഎസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ അന്നു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങൾ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിരുന്നു. സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ട് അവ നൽകിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി നടേശൻ  കുറ്റപ്പെടുത്തിയിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിളിച്ച യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. എന്‍ഡിഎയുടെ പ്രവര്‍ത്തനം ഫലപ്രദമായി താഴെത്തട്ടിലെത്തിയിട്ടില്ലെന്നാണ് ബിഡിജെഎസിന്റെ ആരോപണം.

Show More

Related Articles

Close
Close