ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാല് മരണം

ബിഹാറില്‍ തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. ന്യൂഡല്‍ഹി – ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് (12236) ആണ് ചപ്രയ്ക്ക് സമീപമുള്ള ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് പാളംതെറ്റിയത്.

തീവണ്ടിയുടെ 12 കോച്ചുകള്‍ പാളംതെറ്റിയെന്ന് റെയില്‍വെ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ബി ഒന്ന് മുതല്‍ ബി നാല് വരെയുള്ള കോച്ചുകളും പാന്‍ട്രി കാറും പാളംതെറ്റി മറിഞ്ഞു. ബി അഞ്ച് മുതല്‍ പത്തുവരെയുള്ള കോച്ചുകളും പവര്‍ കാറും പാളം തെറ്റിയെങ്കിലും മറിഞ്ഞില്ല. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

അപകത്തില്‍പ്പെട്ടവര്‍ക്ക് എത്രയുംവേഗം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരും റെയില്‍വെ മെഡിക്കല്‍ സംഘവും അപകടം നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടകാരണം വ്യക്തമായിട്ടില്ല. അതിനിടെ, സംഭവത്തിന് പിന്നില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചപ്ര, സംസത്പുര്‍, ഹാജിപുര്‍, സോന്‍പുര്‍, ബറൗണി, മുസാഫര്‍പുര്‍, ലഖ്‌നൗ, വാരണാസി, ബാലിയ, ഗുവഹാട്ടി, ദീബ്രുഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വെ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

Show More

Related Articles

Close
Close