ബിഹാറില്‍ ബിജെപിയെ നേരിടാന്‍ ലാലുവും നിതീഷും ഒന്നിക്കുന്നു

nitish lallu

ബിഹാറില്‍ ലാലു പ്രസാദ് യാദവിനെ ഒപ്പം കൂട്ടി വിശാല മതേതര സര്‍ക്കാരുണ്ടാക്കാന്‍ ജെഡിയു ശ്രമം തുടങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്നലെ രാജിവെച്ച പശ്ചാത്തലത്തിലാണ് ജെഡിയുവിന്റെ പുതിയ നീക്കം. ബീഹാറിലെ നാല്പത് സീറ്റീല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ നിതീഷിന്റ ജനതാദള്‍ യൂണൈറ്റഡിന് നേടാനായത്.

നാലിടത്ത് മാത്രമേ പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്ത് എത്താനായുള്ളു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് യാദവും മധേപുരയില്‍ തോറ്റു. തനിക്കെതിരെ പാര്‍ട്ടിയില്‍ കലാപം ഉണ്ടാകും എന്നത് മുന്നില്‍ കണ്ടാണ് നിതീഷ്‌കുമാര്‍ ഉച്ചയ്ക്ക് ഗവര്‍ണ്ണറെ കണ്ട് രാജി നല്കിയത്. ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. നിയമസഭ പിരിച്ചുവിടാന്‍ നീതീഷ്‌കുമാര്‍ ശുപാര്‍ശ നല്കിയില്ല.

ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയെയും ഒപ്പം കൂട്ടി വിശാല മതേതര സഖ്യം രൂപീകരിക്കാനുളള ശ്രമം ഇതിനിടെ ശരദ് യാദവ് തുടങ്ങി. ലാലുവിനെ ഒപ്പം കൊണ്ടുവരുന്നതില്‍ സന്തോഷമേയുള്ളു എന്ന് ശരദ് യാദവ് പറഞ്ഞു. നിതീഷിനു പകരം പുതിയ നേതാവിനെ ഞായറാഴ്ച ജെഡിയു തെരഞ്ഞെടുക്കും. പഴയ ജനതാദള്‍ പുനരൂജ്ജീവിപ്പിച്ച് ബിജെപിയെ ചെറുക്കുക എന്നതാണ് ശരദ് യാദവിന്റെ ലക്ഷ്യം.

243 അംഗ ബീഹാര്‍ നിയമസഭയില്‍ നിതീഷ് കുമാറിന് 115 എം എല്‍ എമാരാണുള്ളത്. 91 എം എല്‍ എ മാരുള്ള ബിജെപി ജെഡിയു പിളര്‍ത്തി മന്ത്രിസഭ രൂപീകരിക്കും എന്ന് നേരത്തെ സൂചന നല്കിയിരുന്നു. എന്തായാലും ബീഹാറിലെ നിതീഷിന്റെയും ശരദ് യാദവിന്റെയും ഈ രാഷ്ട്രീയ നീക്കം നരേന്ദ്ര മോദിക്ക് ആദ്യ തലവേദനയാകുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close