ബി.ജെ.പി.-ടി.ഡി.പി. ചര്‍ച്ച വഴിമുട്ടുന്നു

tdp

ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശവുമായുള്ള ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിമുട്ടുന്നു. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ബി.ജെ.പി.യുടെ ആവശ്യം അംഗീകരിക്കാന്‍ തെലുങ്കുദേശം (ടി.ഡി.പി.) തയ്യാറാകാത്തതിനാലാണ് സഖ്യസാധ്യതകള്‍ പരാജയപ്പെടുന്നത്. 24 മണിക്കൂറിനുള്ളില്‍ സീറ്റുചര്‍ച്ചയില്‍ തീര്‍പ്പുണ്ടാക്കണമെന്ന് ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു ടി.ഡി.പി.ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറമെ കാലുറപ്പിക്കാന്‍ ബി.ജെ.പി. പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. വെങ്കയ്യനായിഡുവിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും പാര്‍ട്ടിക്ക് ഇവിടെ കര്‍ണാടകത്തിലേതുപോലുള്ള മുന്നേറ്റത്തിന് കഴിഞ്ഞിട്ടില്ല. മറ്റ് പാര്‍ട്ടികളുടെ കൂടെനിന്നുള്ള സാധ്യതകളാണ് ബി.ജെ.പി. പരീക്ഷിച്ചിട്ടുള്ളത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമാണ് ആന്ധ്രയില്‍. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച നടപടിയാണ് സീമാന്ധ്രയില്‍ ബി.ജെ.പി.യെ മാറ്റിനിര്‍ത്താന്‍ ടി.ഡി.പി.യെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍, തെലങ്കാനയില്‍ ടി.ഡി.പി.യെ ഒപ്പം കൂട്ടിയാല്‍ അപകടംചെയ്യുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി.ക്കുള്ളത്. തെലങ്കാനയെ ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവാണെന്നത് തിരിച്ചടിക്കുമെന്ന ഭയമാണ് ബി.ജെ.പി.ക്ക്. തെലങ്കാന മേഖലയില്‍ 119-ല്‍ 50 നിയമസഭാസീറ്റും 17-ല്‍ പത്ത് ലോക്‌സഭാസീറ്റുമാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. എന്നാല്‍ 35-ഉം ഏഴും സീറ്റുകള്‍ നല്‍കാമെന്നാണ് ടി.ഡി.പി.യുടെ വാഗ്ദാനം. സീമാന്ധ്രയില്‍ 25-ല്‍ അഞ്ച് ലോക്‌സഭാ സീറ്റും 175-ല്‍ 25 നിയമസഭാസീറ്റും വേണമെന്ന ആവശ്യവും ടി.ഡി.പി. അംഗീകരിച്ചിട്ടില്ല. പത്ത് നിയമസഭാസീറ്റും മൂന്ന് ലോക്‌സഭാ സീറ്റും നല്‍കാന്‍ അവര്‍ തയ്യാറാണ്. ഇരുപാര്‍ട്ടികളും നിരവധിതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. ബി.ജെ.പി.യുടെ രണ്ട് മേഖലയിലെ ഘടകങ്ങളോടും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ ടി.ഡി.പി.ക്ക് നേതാക്കളില്ലെങ്കിലും അണികളുണ്ട്. അതിനാല്‍, പിന്നാക്കവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഈ മേഖലയില്‍ ടി.ഡി.പി.യുടെ അണികളെ ഒപ്പം കൂട്ടണമെന്നാണ് ബി.ജെ.പി. പ്രാദേശികഘടകത്തിന്റെ താത്പര്യം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close