ബെയ്ജി എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തെന്ന് വിമതര്‍

00001

പത്തുദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബെയ്ജിയിലുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഐ എസ് ഐ എസ് വിമതര്‍ അവകാശപ്പെട്ടു. ഇറാഖിലെ എണ്ണ ശുദ്ധീകരണത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ബെയ്ജിയിലാണ്.

വിമത മുന്നേറ്റം തുടങ്ങിയശേഷം ഇന്ധന വിതരണത്തിന് ഇറാഖ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണശാല വിമതര്‍ കീഴടക്കിയതോടെ രാജ്യത്തെ ഇന്ധനക്ഷാമം രൂക്ഷമാകും. വിമതരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളുടെ ഇന്ധന ആവശ്യം നിറവേറ്റുന്നതിനുവേണ്ടിയാണ് അവര്‍ ബെയ്ജി പിടിച്ചെടുത്തതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഏറ്റുമുട്ടലിനിടെ എണ്ണശുദ്ധീകരണ ശാലയുടെ നിയന്ത്രണം പലതവണ ഏറ്റെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിമതര്‍ പിന്‍മാറാതെപോരാട്ടം തുടര്‍ന്നു. സലാഹുദീന്‍ പ്രവിശ്യയിലുള്ള ബെയ്ജി എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം പ്രാദേശിക ഐ എസ് ഐ എസ് നേതാക്കള്‍ക്ക് കൈമാറിയെന്ന് വിമത നേതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമാക്കിയുള്ള മുന്നേറ്റം തുടരുകയാണെന്നും വിമത നേതാവ് പറഞ്ഞു.

ഇറാഖിലെ വിവിധ നഗരങ്ങള്‍ കീഴടക്കി മുന്നേറുന്ന വിമതര്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂളും ഹാദിത നഗരത്തിന് സമീപമുള്ള അണക്കെട്ടും സിറിയ, ജോര്‍ദാന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളും വിമതരുടെ നിയന്ത്രണത്തിലാണ്.

Show More

Related Articles

Close
Close