ബ്രസീലിന് മരണക്കളി

neymar1

ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ബ്രസീല്‍ ഇന്ന് കാമറൂണിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 ന് ബ്രസീലിയയിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയുമായി നാല് പോയിന്റുള്ള ബ്രസീലിന് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കാന്‍ ജയം അനിവാര്യമാണ്. മെക്സിക്കോയ്ക്കെതിരെ ഗില്ലര്‍മോ ഒച്ചോവയെന്ന ഗോളിക്കുമുന്നില്‍ പാഴായിപ്പോയ അവസരങ്ങളുടെ നടുക്കത്തിലാണ് ബ്രസീല്‍.

ടൂര്‍ണമെന്റിലിതുവരെ പെരുമയ്ക്കൊത്ത് പന്ത് തട്ടാന്‍ ബ്രസീലിനായിട്ടില്ല. സൂപ്പര്‍ താരം നെയ്മര്‍ മാത്രമാണ് രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ടീമിലെ ഏക സ്ട്രൈക്കറായ ഫ്രെഡ് രണ്ട് മത്സരങ്ങളില്‍ വട്ടപ്പൂജ്യമായി. മധ്യ നിരയില്‍ പൗലീഞ്ഞോയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഓസ്കര്‍ മാര്‍ക്ക് ചെയ്യുപ്പെട്ടതോടെ ബ്രസീല്‍ ആക്രമണം നെയ്മറിലേക്ക് മാത്രം ചുരുങ്ങുന്ന സ്ഥിതിയാണ്. മുന്നേറ്റത്തിലെ പോരായ്മ പരിഹരിക്കാന്‍ ഫ്രഡിന് പകരം ജോയും പൗലീഞ്ഞോയ്ക്ക് പകരം ഹെര്‍ണെയന്‍സും ആദ്യ ഇലവനില്‍ ഇടം പിടിക്കും. മെക്സിക്കോയ്ക്കെതിരെ നിരാശപ്പെടുത്തിയ റാമിറസിനെ മാറ്റി ഹള്‍ക്കിനെ തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ട്.

മറുവശത്ത് രണ്ട് കളികളും തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായതിനാല്‍ ആശ്വാസ ജയം തേടിയാണ് കാമറൂണ്‍ ഇറങ്ങുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിയ്ക്കാനാകും ആഫ്രിക്കക്കാരുടെ നീക്കം. ‌ ക്രൊയേഷ്യയ്ക്കെതിരെ ചുവപ്പ് കാര്‍ഡ് കണ്ട അലക്സ് സോങിന് ഇന്ന് കളിയ്ക്കാനാവില്ല. എന്നാല്‍ പരിക്ക് മാറി സാമുവല്‍ എറ്റു തിരിച്ചെത്തും.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തി മെക്സിക്കോ ക്രൊയേഷ്യയെ നേരിടും. ബ്രസീലിനെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തിലാണ് ടീം. എന്നാല്‍ കാമറൂണിനെ ഗോളില്‍ മുക്കിയ ക്രൊയേഷ്യയെ മറികടക്കാന്‍ അത്ര എളുപ്പമാകില്ല. മുന്നോട്ടുള്ള പ്രയാണത്തില്‍ മത്സര ഫലം ഏറെ നിര്‍ണായകമായതിനാല്‍ ജീവന്‍ മരണ പോരാട്ടം തന്നെയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

Show More
Close
Close