ബ്രസീലിന് മാനം കാക്കണം

brasil practise

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം ഇന്ന് നടക്കും. ജര്‍മനിയോട് കനത്ത തോല്‍വി നേരിട്ട ബ്രസീലും അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണ ഹോളണ്ടും തമ്മിലാണ് മത്സരം ബ്രസീലിയയില്‍ ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് മത്സരം ജര്‍മനിയേല്‍പ്പിച്ച വന്‍ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള അവസാന അവസരമാണ് ബ്രസീലിന് ലൂസേഴ്സ് ഫൈനല്‍. ഒരു തിരിച്ചടി കൂടി താങ്ങാന്‍ ആരാധകര്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും കരുത്തുണ്ടാവില്ല.

നായകന്‍ തിയാഗോ സില്‍വ ടീമില്‍ തിരിച്ചെത്തുന്നു എന്നത് മാത്രമാണ് ഹോളണ്ടിനെ നേരിടുമ്പോള്‍ ബ്രസീലിന് ആശ്വാസം പകരുന്നത് ജര്‍മനിയ്ക്കെതിരായ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങളോടെയാകും ആതിഥേയര്‍ ഇറങ്ങുക.

ഇത് വരെ ഫോം കണ്ടെത്താത്ത ഫ്രെഡിനെ ഇനിയും വിശ്വസിക്കാന്‍ സ്കൊളാരി തയ്യാറാവില്ല. സെമി ഫൈനലിന് ശേഷം രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ ടീമിലെ ഏക സ്ട്രൈക്കര്‍ക്കെതിരെ പ്രതികരിച്ചത്. വില്യനാകും ഫ്രെഡിന് പകരം കളിയ്ക്കാനിറങ്ങുക. വിംഗ് ബാക്കുകളായി മൈക്കണിനും മാഴ്സലോയ്ക്കും പകരം ആര്‍വ്സും മാക്സ്‌വെല്ലുമാകും ഇറങ്ങുക കനത്ത തോല്‍വിയില്‍ പ്രതിഷേധിച്ച് ആരാധകര്‍ ടീമിനെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ കളിക്കാര്‍ക്ക് പ്രചോദനവുമായി കൂടെ നില്‍ക്കണെമന്ന് ക്യാപ്റ്റന്‍ തിയാഗോ സില്‍വ ആരാധകരോട് ആവശ്യപ്പെട്ടു.

ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ അര്‍ജന്റിനയോട് തോല്‍വി വഴങ്ങിയതിന്റെ നിരാശയിലാണ് ഹോളണ്ട്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ സ്വപ്നമായി അവശേഷിച്ചെങ്കിലും മൂന്നാം സ്ഥാനവുമായി തല ഉയര്‍ത്തി മടങ്ങാനാണ് റോബനും സംഘവും ഇറങ്ങുന്നത്. സെമിയില്‍ നിറം മങ്ങിയെങ്കിലും റോബന്‍-വാന്‍പേഴ്സി കൂട്ടുകെട്ട് തന്നെയാണ് ഹോളണ്ടിന്റെ കരുത്ത്. ഇരുവരും ഇതിന് മുമ്പ് 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 3 വീതം വിജയങ്ങളുമായി ബ്രസീലും ഹോളണ്ടും ഒപ്പത്തിനൊപ്പമാണ്. ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ അല്‍പം മേധാവിത്വം ഹോളണ്ടിനാണ്. ഹോളണ്ട് രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബ്രസീല്‍ ജയിച്ചത്. അവസാനം ഏറ്റമുട്ടിയ കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ജയം യൂറോപ്യന്‍മാര്‍ക്കൊപ്പം നിന്നു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ട് ഗോള്‍ ‌‍ തിരിച്ചു വാങ്ങിയായിരുന്നു ബ്രസീലിന്റെ തോല്‍വി. എന്നാല്‍ ഇത്തവണ മാനം കാക്കാന്‍ ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്ന ബ്രസീലിനെ വാന്‍ ഗാല്‍ എങ്ങനെ നേരിടും എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close