ബ്രസീല്‍ ഇനിയും പഠിച്ചില്ല, ഹോളണ്ടിന് മൂന്നാം സ്ഥാനം

brasil lf

ജര്‍മനിയേല്‍പ്പിച്ച മുറിവില്‍ കുത്തിനോവിച്ച് ഹോളണ്ടും ക്രൂരത കാട്ടി. ആശുപത്രിക്കിടക്കയില്‍ നിന്നും സഹതാരങ്ങള്‍ക്ക് മനോവീര്യം പകരാന്‍ സ്റ്റേഡിയത്തിലെത്തിയ നെയ്മര്‍ ആ വേദനയില്‍ പുളഞ്ഞു. ഒപ്പം മരവിച്ച ഹൃദയവുമായി കളികണ്ടിട്ടും വിങ്ങിപ്പൊട്ടി ബ്രസീലുകാര്‍. ദുരന്ത യാത്രക്ക് അനിവാര്യമായ പരിസാമപ്തിയെന്നോണം ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനോടും തോറ്റ് ബ്രസീല്‍ നാണം കെട്ടു. ജര്‍മനി ഏഴെണ്ണം അടിച്ചു കയറ്റിയ വലയില്‍ വാന്‍പേഴ്സിയുടെയും സംഘത്തിന്റെയും വക നിക്ഷേപം 3 എണ്ണം. മാനം കാക്കാന്‍ പോലും ഒന്നും തിരിച്ചു നല്‍കാനുമായില്ല.

ക്യാപ്റ്റന്‍ തിയാഗോ സില്‍വ വന്നിട്ടും ബെലോഹൊറിസോണ്ടയില്‍ ദുരന്തം വരുത്തിവച്ച പ്രതിരോധം നന്നായില്ല.  ഫ്രെഡിന് പകരം ജോ വന്നിട്ടും ആക്രമണത്തിന് മൂര്‍ച്ച വെച്ചതുമില്ല. എല്ലാം പഴയ പോലെ, അല്‍പം മാറ്റം സ്കോര്‍ബോര്‍ഡില്‍ മാത്രം. കിക്കോഫ് മുഴങ്ങിമൂന്നാം മിനുട്ടില്‍ തന്നെ ബ്രസീലിന്റെ വിധി കുറിച്ചിരുന്നു. റോബനും വാന്‍ പേഴ്സിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം തടയാന്‍ റോബനെ വലിച്ചിടുകയല്ലാതെ തിയാഗോ സില്‍വയ്ക്ക് മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. വലിച്ചത് ബോക്സിന് പുറത്ത് നിന്നാണെങ്കിലും വിദഗ്ധനായ റോബന്‍ വീണത് കൃത്യം ബോക്സില്‍. പെനാല്‍റ്റി കിക്കെടുത്ത വാന്‍പേഴ്സിയ്ക്ക് ടൂര്‍ണമെന്റിലെ നാലാം ഗോള്‍. ബ്രസീല്‍ 0 – ഹോളണ്ട് 1 ഗാലറിയുടെ ഞെട്ടല്‍ മാറുംമുമ്പെ അടുത്ത ഗോള്‍, സൗകര്യമൊരുക്കിയത് ബ്രസീല്‍ പ്രതിരോധം. ഡി ഗുസ്മാന്‍ കോരിയിട്ട പന്ത് ഡേവിഡ് ലൂയിസ് കുത്തിയൊഴുവാക്കിയത് ബ്ലിന്‍ഡിന്റെ കാലിലേക്ക്. തടയാന്‍ ഈച്ചപോലുമുണ്ടായിരുന്നില്ല ബ്ലിന്‍ഡിനരികില്‍, ഒരു വന്‍ ദുരന്തം ബ്രസീല്‍ ഒരിക്കല്‍ കൂടി മുന്നില്‍ക്കണ്ടു. തിരിച്ചടിക്കാന്‍ ബ്രസീല്‍ നടത്തിയ ശ്രമങ്ങളൊക്കെ പെനാല്‍റ്റി ബോക്സിന് പുറത്ത് അവസാനിച്ചു. ഒടുവില്‍ 90 ാം മിനുട്ടില്‍ ബ്രസീല്‍ ഫുട്ബോളിന്റെ ശവക്കുഴിയിലേക്ക് അവസാന പിടി മണ്ണെന്നോണം വിയ്നാന്‍ഡമിന്റെ ഗോള്‍. സ്വന്തം ജനതയ്ക്കുമുന്നില്‍ മഞ്ഞപ്പട തലകുനിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഒരു പടി താഴ്ന്ന് മൂന്നിലെത്തിയെങ്കിലും ഓറഞ്ച് പടയ്ക്ക് ആത്മാഭിമാനത്തോടെ തന്നെ മടങ്ങാം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close