ബ്രസീല്‍ നാമാവശേഷമായി

brasil 7-1

കരഞ്ഞ് കണ്ണീര്‍ വറ്റിയിരിക്കുന്നു ബ്രസീലുകാര്‍ക്ക്. കണ്‍തടത്തില്‍ അവശേഷിച്ച അവസാന കണ്ണീര്‍ തുള്ളിയില്‍ അവ്യക്തമായി അവര്‍ ആ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു. ജര്‍മന്‍ ബുള്‍ഡോസറുകള്‍ ചവിട്ടിത്തുപ്പിയ ചണ്ടികള്‍ മാത്രമായിരുന്നു ബെലോ ഹൊറിസോണ്ടയില്‍ അവശേഷിച്ചത്. ബ്രസീല്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സമ്മാനിച്ച് ജര്‍മനി ഫൈനലിലേക്ക്. ഒന്നിനെതിരെ മഞ്ഞ വലയില്‍ പതിഞ്ഞത് ചേതോഹരമായ 7 ഗോളുകള്‍. 2002 ലോകകപ്പ് ഫൈനലില്‍ ബ്രസീലില്‍ നിന്നേറ്റ തോല്‍വിയ്ക്ക് ഇതിലും ക്രൂരമായി പ്രതികാരം ചെയ്യാനാവില്ല.

ഇന്ന് നടക്കുന്ന അര്‍ജന്റീന ഹോളണ്ട് മത്സര വിജയികളാണ് ഫൈനലില്‍ ജര്‍മനമിയുടെ എതിരാളികള്‍.

നെയ്മറിന്റെയും നായകന്‍ ‌‍തിയാഗോ സില്‍വയുടെയും അസാന്നിധ്യത്തില്‍ വൈകാരികമായാണ് ബ്രസീലുകാര്‍ കളിയെ സമീപിച്ചത്. നെയ്മറുടെ ജേഴ്സി ഗ്രൗണ്ടില്‍ കൊണ്ടു വന്നും ദേശീയ ഗാനാലാപനത്തിന്റെ സമയത്ത് അത് നെഞ്ചോട് ചേര്‍ത്തും അവര്‍ വികാരാധീതരായി. ഈ സമയത്തൊഴികെ മറ്റൊരു സമയത്തും ബെലോ ഹൊറിസോണ്ടയിലെ എണ്‍പതിനായിരം വരുന്ന മഞ്ഞക്കടലിനെ ആവേശത്തിലാഴ്ത്താന്‍ ബ്രസീലിനായില്ല. മാരക്കാന ലക്ഷ്യമിട്ടെത്തിയ ബ്രസീല്‍ ഒരിക്കലും മറക്കാത്ത ദുരന്തത്തിന്റെ തുടക്കമായിരുന്നു പിന്നീട്. കൃത്യമായ യുദ്ധ തന്ത്രവുമായി വന്ന ജര്‍മനി കാനറികളെ കശാപ്പ് ചെയ്തു. ആദ്യ പത്ത് മിനുട്ടില്‍ ബ്രസീലിനെ നിരീക്ഷിച്ച ലാമും സംഘവും 11ാം മിനുട്ടില്‍ പണി തുടങ്ങി. ആദ്യ ബോംബ് തോമസ് മുള്ളറില്‍ നിന്ന് ഗോള്‍ മടക്കാനുള്ള വെപ്രാളത്തില്‍ ബ്രസീല്‍ പ്രതിരോധം മറന്നു. അല്ലെങ്കില്‍ അങ്ങനെയൊന്ന് അവര്‍ക്കില്ലായിരുന്നു. തുറന്ന വാതില്‍ പോലെ ഒഴിച്ചിട്ട ബ്രസീല്‍ ഗോള്‍മുഖം കണ്ട ജര്‍മനിക്കാര്‍ അവസരം മുതലെടുത്തു.

ചരിത്രം കുറിച്ച് ക്ലോസെയുടെ അടി. ബ്രസീലിന്റെ റൊണാള്‍ഡോയുടെ 15 ഗോളിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പദവി സ്വന്തമാക്കി. ഇനി ടോണി ക്രൂസിന്റെ അവസരം. 24 ാം മിനുട്ടിലും 26ാം മിനുട്ടിലും ക്രൂസ് ഗോളടിക്കുന്നത് അവിശ്വസനീയതയോടെ ബ്രസീല്‍ താരങ്ങള്‍ നോക്കി നിന്നു. 29ാം മിനുട്ടിലെ സമി കദീരയുടെ ഗോളിന് ശേഷം ജര്‍മനി തല്‍ക്കാലം ആ പണി അവസാനിപ്പിച്ചു. അപ്പോഴേക്കും ബ്രസീലിന്റെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 6 മിനുട്ടിനിടെ ബ്രസീലിന്റെ വലയിലെത്തിയത് 4 ഗോളുകള്‍ രണ്ടാം പകുതി ബ്രസീല്‍ മാനം കാക്കാനുള്ള പരിശ്രമത്തിലായിരുന്നു. എന്നാല്‍ 2 ഗോള്‍ കൂടി അടിച്ചു കയറ്റി ഷൂര്‍ലെ പിന്നെയും അവരെ നാണിപ്പിച്ചു.

പ്രതിരോധത്തിലെ പിഴവായിരുന്നു 7 ഗോളിനും കാരണം. എതിരാളികള്‍ പന്തുമായി ഗാലറിയിലെ കാഴ്ചക്കാരുടെ മനക്കരുത്ത് പോലും പ്രൊഫഷണലുകളായ ബ്രസീല്‍ താരങ്ങള്‍ക്കുണ്ടായില്ല. നെയ്മറുടെ അഭാവത്തേക്കാള്‍ തിയാഗോ സില്‍വയുടെ കുറവാണ് ബ്രസീലിനെ ആഴക്കയത്തിലേക്ക് മറിച്ചിട്ടത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗാലറിയിലെ നല്ലൊരു ശതമാനം ബ്രസീല്‍ ആരാധകരും സ്ഥലം കാലിയാക്കിയിരുന്നു. 90ാം മിനുട്ടില്‍ ഓസ്കര്‍ നേടിയ ഗോളിന് ആശ്വസിപ്പിക്കാന്‍ പോലും കരുത്തുണ്ടായിരുന്നില്ല. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. 1920 ല്‍ ഉറുഗ്വെയോട് 6-0 ന് തോറ്റതാണ് ഇതുവരെയുള്ള വന്‍ തോല്‍വി. ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേരിടുന്ന വന്‍ തോല്‍വിയും ഇത് തന്നെ.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close