ബ്രൗണ്‍ഷുഗര്‍ കടത്താനുള്ള ശ്രമം അന്വേഷിക്കാന്‍ പ്രത്യേകസംഘം

കുവൈത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക സംഘം രൂപവത്കരിച്ചു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വടകരയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് അന്വേഷണസംഘത്തിന് രൂപം നല്‍കിയത്.
ഇതുവരെയുള്ള അന്വേഷണപുരോഗതി യോഗം വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം ചോദ്യം ചെയ്ത ചെമ്മരത്തൂരിലെ ചാക്കീരി ശ്രീജിത്തിനെ (36) തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കേസന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്. മരണത്തിനുപിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കലാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. ആ നിലയ്ക്ക് അന്വേഷണം മുന്നോട്ടുപോവുന്നുണ്ടെങ്കിലും ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതിയില്ലാത്തത് എക്‌സൈസ് വകുപ്പിന് മുന്നില്‍ വിലങ്ങുതടിയാവുന്നുണ്ട്.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. സി.ഐ. പി.എ.സലീം, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.എന്‍. ബൈജു, ശ്രീനിവാസന്‍, ഷാജഹാന്‍, അസി.ഇന്‍സ്‌പെക്ടര്‍ ജോബ്, പ്രിവന്റീവ് ഓഫീസര്‍ എം.കെ. മോഹന്‍ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി. പ്രജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞദിവസം ആത്മഹത്യചെയ്ത ശ്രീജിത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ ഒരാള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ബ്രൗണ്‍ഷുഗര്‍ അടങ്ങിയ പാക്കറ്റ് കൊണ്ടുപോവാന്‍ താന്‍ നടുവണ്ണൂര്‍ സ്വദേശി ജറീഷിനോട് പറഞ്ഞതെന്ന് ശ്രീജിത്ത് നേരത്തേ മൊഴിനല്‍കിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് തിങ്കളാഴ്ച ശ്രീജിത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ഇതിനുശേഷം ശ്രീജിത്തിന് ഗള്‍ഫില്‍നിന്ന് നിരവധി ഫോണ്‍കോളുകള്‍ വന്നതായി സൂചനയുണ്ട്. അന്വേഷണത്തില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ണായകമാവുമെന്നാണ് സൂചന. പക്ഷേ, അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എക്‌സൈസ് വകുപ്പിന് തടസ്സമുള്ളതാണ് പ്രശ്‌നമാവുന്നത്.
നേരത്തേ, ഇത്തരം ഘട്ടങ്ങളില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ വഴിയാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഇങ്ങനെ നല്‍കുന്നത് മൂന്നുമാസം മുമ്പ് പോലീസ് അവസാനിപ്പിച്ചു. ജേക്കബ് പുന്നൂസ് ഡി.ജി.പി. ആയിരുന്ന സമയത്താണ് പോലീസ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. കെ.എസ്. ബാലസുബ്രഹ്മണ്യം ഡി.ജി.പി. ആയതോടെ ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കി.
എക്‌സൈസിന്റെ പല അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. ഈ നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാനസര്‍ക്കാറിനോട് എക്‌സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാങ്കേതിക തടസ്സങ്ങളെല്ലാമുണ്ടെങ്കിലും അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണര്‍ വി.ജെ.മാത്യു, അസി.കമ്മീഷണര്‍ പി.കെ.സുരേഷ് തുടങ്ങിയവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close