ബ്ലാക്ക് ബോക്‌സ് നിലയ്ക്കാന്‍ ഒരാഴ്ച

 

 

 

 

 

mh black box search

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇതിനായി യു.എസ്. നിര്‍മിത അത്യന്താധുനിക ഉപകരണവുമായി ഓസ്‌ട്രേലയിന്‍ നാവികകപ്പലായ ‘ഓഷ്യന്‍ ഷീല്‍ഡ്’ പെര്‍ത്തില്‍നിന്ന് പുറപ്പെട്ടു. ഇതിനുപുറമെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താന്‍ ശേഷിയുള്ള ആളില്ലാ അന്തര്‍വാഹിനിയും പെര്‍ത്തില്‍നിന്ന് 1100 കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരച്ചില്‍മേഖലയിലേക്ക് ഉടന്‍ എത്തും. അമേരിക്കന്‍ ആളില്ലാ അന്തര്‍വാഹിനിയായ ‘ബ്ലൂഫിന്‍’ നേരത്തേതന്നെ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിമാനത്തിന് എന്തുസംഭവിച്ചുവെന്ന് വ്യക്തമാകണമെങ്കില്‍ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുക്കേണ്ടതുണ്ട്. എന്നാല്‍, വിമാനം തകര്‍ന്ന് മുപ്പത് ദിവസം കഴിഞ്ഞാല്‍ ബാറ്ററി തീര്‍ന്ന് ബ്ലാക്ക്‌ബോക്‌സ് പ്രവര്‍ത്തനരഹിതമാകും. മാര്‍ച്ച് എട്ടിന് കൊലാംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നിട്ട് 22 ദിവസം പിന്നിട്ടു. എട്ട് ദിവസത്തിനകം ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താനായില്ലെങ്കില്‍ അപകടകാരണം എന്തെന്ന് മനസ്സിലാക്കാനുള്ള അവസാന സാധ്യതയും അടയും.

വിമാനം എവിടെയാണ് തകര്‍ന്നതെ ന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനുള്ള പ്രധാന തടസ്സം. വിശാലമായ മേഖലയിലാണ് തിരച്ചില്‍ നടത്തുന്നതെന്നും അതുകൊണ്ടുതന്നെ സമയം കൂടുതല്‍ എടുക്കുമെന്നും യു.എസ്. നാവികസേനാ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് മാത്യൂസ് പറഞ്ഞു. ബ്രസീലിന് സമീപം തകര്‍ന്ന ഫ്രഞ്ച് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടുകിട്ടാന്‍ രണ്ടുവര്‍ഷത്തോളമെടുത്തെന്നും അദ്ദേഹം ഒര്‍മിപ്പിച്ചു.

വിവിധരാജ്യങ്ങളില്‍നിന്നുള്ള പത്ത് വീതം കപ്പലുകളും വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഒട്ടേറെ വസ്തുക്കള്‍ അമേരിക്കയുടേയും ചൈനയുടേയും കപ്പലുകള്‍ ശേഖരിച്ചെങ്കിലും മലേഷ്യന്‍ വിമാനത്തിന്റേതായിരുന്നില്ല. തിരച്ചിലിന് നേതൃത്വംനല്‍കുന്ന ഓസ്‌ട്രേലിയ, വ്യോമ സേനാമേധാവി ആംഗസ് ഹൂസ്റ്റണിന് ദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതല നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍തമ്മില്‍ മേഖലയുടെ അവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഓസ്‌ട്രേലിയ പുറത്തിറക്കി.
ഇതിനിടെ, വിമാനത്തിലെ ചൈനക്കാരായ യാത്രക്കാരുടെ ബന്ധുക്കള്‍ കൊലാലംപുരിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. സംഭവം മലേഷ്യ കൈകാര്യംചെയ്ത രീതിക്കെതിരെ പ്രതിഷേധമറിയിക്കാനായിരുന്നു കൂടിക്കാഴ്ച.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close