ബ്ലേഡ് മാഫിയയ്ക്കെതിരെ വ്യാപക നടപടി

operation Kubera

ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് നടത്തി. കോട്ടയത്ത് ആപ്പിള്‍ ട്രീ ചിട്ടികമ്പനി ഉടമയും ഡി സി സി സെക്രട്ടറിയുമായ കെ ജെ ജയിംസിന്റെ വീട്ടിലും ഉന്നതബന്ധമുള്ള പണമിടപാടുകാരന്‍ മാലം സുരേഷിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ചില പണമിടപാട് രേഖകള്‍ ഇരുവരുടേയും വീട്ടില്‍ നിന്ന് കണ്ടെടുത്തതായാണ് സൂചന. മാലം സുരേഷിന്റെ കോട്ടയത്തും മണര്‍കാടുമുള്ള വീടുകളില്‍ അതീവ രഹസ്യമായി റെയ്ഡ് നടത്തിയ പൊലീസ് ചില രേഖകളും പിടിച്ചെടുത്തു. സുരേഷിനെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി വിവാഹത്തട്ടിപ്പിനടക്കം 22 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ഇയാളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്പി നേരത്തെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിസഭയിലെ ഒരംഗവും സര്‍ക്കാര്‍ ചീഫ് വിപ്പും മാലം സുരേഷിനെ പിന്തുണച്ചതോടെ നടപടി ഉണ്ടായില്ല. ചീഫ് വിപ്പ് സ്വന്തം ലെറ്റര്‍ ഹെഡിലാണ് മാലം സുരേഷിനനുകൂലമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചത്. ഉന്നത ബന്ധങ്ങളുള്ള മാലം സുരേഷിനെതിരെ നടപടി എടുക്കുന്നില്ലെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ഇയാളുടെ വീടുകള്‍ റെയ്ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായത്. ഇതോടൊപ്പം കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ അനുഗ്രഹാശിസുകള്‍ ഉള്ള ഡി സി സി സെക്രട്ടറി കെ ജെ ജയിംസിന്റെ വീടും പൊലീസിന് റെയ്ഡ് ചെയ്യേണ്ടി വന്നു.

മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പറയുമ്പോഴും ഉന്നതര്‍ക്കെതിരായ നടപടികള്‍ വെറും റെയിഡില്‍ ഒതുങ്ങുമോ എന്ന ആശങ്കയുമുണ്ട്. ഇന്ന് ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ മുണ്ടക്കയകത്ത് അനധികൃത ധനകാര്യ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവുമുണ്ടായി. ജോസ്‌ന ഫൈനാന്‍സിയേഴ്‌സിലാണ് റെയ്ഡ് നടന്നത്.. സ്ഥാപനമുടമ സേവ്യര്‍ സജിതിന്റെ നേതൃത്വത്തിലാണ് ക്യാമറ തല്ലിത്തകര്‍്കകുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കോടികളുടെ അനധികൃത ഇടപാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവടക്കം രണ്ടു പേരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ പി വി സെബാസ്റ്റ്യനാണ് വയനാട്ടില്‍ അറസ്റ്റിലായത്. കണ്ണൂരിലും അനധികൃതപണമിടപാടുകാരുടെ വീടുകളില്‍ റെയ്ഡ് നടന്നു. ശ്രീകണ്ഠാപുരത്ത് നിന്ന് കാവുങ്കല്‍ ബെന്നി, ഇരിട്ടിയില്‍ നിന്ന് അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മുദ്രപത്രം, ചെക്ക് എന്നിവയടങ്ങിയ രേഖകള്‍ പിടികൂടി. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരുവ സ്വദേശി ജോണ്‍ അടക്കം നാല് പേരയാണ് പൊലീസ് പിടികൂടിയത്.

ആലുവ നഗരത്തിലെ അംഗീകൃത ചിട്ടിക്കമ്പനിയാണ് ഗോള്‍ഡന്‍ ചിട്ട്സിലും പൊലീസ് റെയ്ഡ് നടത്തി. ചിട്ടി കുറവായതിനാല്‍ പലിശയ്ക്ക് പണം നല്‍കിയെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ്. പൊലീസ് നടത്തിയ തെരച്ചിലില്‍ മുദ്ര പത്രങ്ങളും, ചെക്കുകളും പ്രോമിസറി നോട്ടുകളും ഇവിടെ നിന്നും പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ കാലടി സ്വദേശി ടോമി മാനേജര്‍ മിഥുന്‍ എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ക്ക് സ്വന്തമായി ഒരു ജ്വല്ലറി കൂടിയുണ്ട്. ഇവിടെ നിന്നും നിരവധി രേഖകള്‍ പിടിച്ചെടുത്തു. റൂറല്‍ എസ് പി സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് ആലുവയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാല് പേരെ ഇന്ന് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കൂടുതല്‍ റെയ്ഡ് നടത്താനാണ് പൊലീസ് തീരുമാനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close