ഭഗവദ് കഥകള്‍ പാടാനും പറയാനും മള്ളിയൂരിന്റെ കൊച്ചുമകനും

ഒന്‍പതാം ക്ലാസ്സുകാരന്റെ കുട്ടിത്തമല്ല ആ മുഖത്തുള്ളത്; തന്റെ വേനലവധിക്കാലം ഉല്ലാസത്തിനുള്ള സമയമായുമല്ല ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കൊച്ചു മകന്‍ എം.പി. ശ്രീശിവന്‍ നമ്പൂതിരി കാണുന്നത്. ഭാഗവത സപ്താഹവേദികളില്‍ നിന്ന് വേദികളിലേക്ക് പോവുകയാണ്. സാധാരണക്കാരന്റെ നാവുകള്‍ക്ക് വഴങ്ങാത്ത സംസ്‌കൃതശ്ലോകങ്ങള്‍ ഭക്തമനസ്സുകളിലേക്ക് വിളമ്പുന്നതില്‍ തനിക്ക് ലഭിച്ച അനുഗ്രഹം ഇക്കാലയളവിനുള്ളില്‍ ശ്രീശിവന്‍ തെളിയിച്ചു കഴിഞ്ഞു.

അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഭാഗവതവും ജീവിതത്തിന്റെ ഭാഗമാക്കി. മുത്തച്ഛന്‍ ഭാഗവതഹംസത്തിന്റെ മുന്നില്‍ ഒരാവര്‍ത്തി വായിച്ചു. പിന്നീട് മള്ളിയൂര്‍ ഗണപതിക്ക് മുന്നില്‍ പലയാവര്‍ത്തി.

2011 മെയ് 13നായിരുന്നു ശ്രീശിവന്റെ ഉപനയനം. മുത്തച്ഛന്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് ശ്രീശിവന്‍ ഉപനയന ചടങ്ങുകളിലേക്ക് കടന്നത്. ശ്രീശിവന്റെ അച്ഛന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ഗായത്രി ഉപദേശിച്ചത്. ഉപനയനത്തിന് ശേഷമുള്ള കാലയളവില്‍ വേദങ്ങളും ഉപനിഷത്തും ചൊല്ലി. മന്ത്രോച്ചാരണത്തിന്റെയും പൂജാകര്‍മ്മങ്ങളുടെയും പരിശീലനവും നേടി.

മള്ളിയൂരിന്റെ ഉപാസനാ മൂര്‍ത്തിയായ വൈഷ്ണവ ഗണപതിയുടെ സ്വര്‍ണധ്വജ പ്രതിഷ്ഠാ ഉത്സവ വേളയിലാണ് സമാവര്‍ത്തനം നടന്നത്. ആറാട്ട് ദിനമായ 2012 ജൂലായ് 2ന് രാവിലെ മഹാഗണപതിക്ക് ആദ്യ പൂജാകര്‍മ്മം നിര്‍വ്വഹിച്ചു. ബ്രഹ്മചര്യത്തില്‍നിന്ന് ബ്രാഹ്മണ്യത്തിലേക്ക് കടന്ന ശ്രീശിവന്‍ സമാവര്‍ത്തനത്തിന്റെ നാലാം നാളിലാണ് ശ്രീകോവിലിനുള്ളില്‍ കടന്ന് പൂജകള്‍ ചെയ്തു തുടങ്ങിയത്.

2013 ലെ വേനലവധിക്കാലത്താണ് ആദ്യമായി ശ്രീശിവന്‍ പൊതുവേദിയിലെ സപ്താഹ ചടങ്ങില്‍ ആദ്യാവസാനക്കാരനാകുന്നത്. തിരുനവനന്തപുരം കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹവേദിയില്‍ അച്ഛന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്കൊപ്പം ആദ്യാവസാനം ശ്രീശിവനും ആചാര്യനായി.

മൂന്ന് പതിറ്റാണ്ടോളം മുമ്പ് മുത്തച്ഛന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അദ്ധ്യക്ഷനായി ഭാഗവതസത്രത്തിന് തുടക്കം കുറിച്ച കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന് ഭദ്രദീപം തെളിച്ച് തുടക്കക്കാരനായി. അന്ന് അവിടെയായിരുന്നു ആദ്യത്തെ പൊതുവേദിയിലെ പാരായണം.

ഈ വര്‍ഷം വേനലവധിക്ക് സ്‌കൂള്‍ അടച്ച് അധിക ദിവസം പിന്നിടുംമുമ്പേ ശ്രീശിവന്‍ കേശവപുരം ക്ഷേത്രത്തിലെ യജ്ഞവേദിയില്‍ ആചാര്യനായി എത്തി. ഇപ്പോള്‍ മാഞ്ഞൂര്‍ തെക്കുംഭാഗം ഭഗവതി മഠത്തിലെ യജ്ഞവേദിയിലാണ്. അടുത്തത് തിരുവനന്തപുരം പേയാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. വൈകാതെ വാഴക്കുളത്തും ശ്രീശിവന്‍ യജ്ഞവേദിയില്‍ ആചാര്യനായി എത്തും.

ഇക്കഴിഞ്ഞ ശബരിമല മാളികപ്പുറം മേല്‍ശാന്തിക്ക് പെരുങ്കുറ്റിയില്‍ദേശം നല്‍കിയ സ്വീകരണ ചടങ്ങിലെ മുഖ്യാതിഥി ശ്രീശിവനായിരുന്നു. കൂത്താട്ടുകുളം കോഴിപ്പിള്ളി ക്ഷേത്രം, പൊന്‍കുന്നത്ത് കാവ് ദേവീക്ഷേത്രം, എരമല്ലൂര്‍ തോട്ടപ്പിള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ശ്രീശിവന്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close