ഭരണത്തിനകത്തും വിവാദ ശല്യക്കാര്‍: മോദി

 

സര്‍ക്കാര്‍ സംവിധാനത്തിന് അകത്തുനിന്നും പുറത്തുനിന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഒരുസംഘമാളുകളാണു ഡല്‍ഹിയില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചു. സര്‍ക്കാരിന്റെ ആദ്യമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയുള്ള ലേഖനത്തിലാണു പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തു ഗുണകരമായ മാറ്റങ്ങള്‍ വരുത്താനുള്ള ആത്മാര്‍ഥശ്രമങ്ങളെക്കുറിച്ച് ഈ സംഘത്തെ ബോധ്യപ്പെടുത്തുകയെന്നതു വെല്ലുവിളിയാണ്.

സര്‍ക്കാരിനു പങ്കൊന്നുമില്ലാത്ത കാര്യങ്ങളിലും വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങളുണ്ടായി. ആരെയും കുറ്റപ്പെടുത്താനില്ലെങ്കിലും സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ശരിയായ വിവരങ്ങള്‍, ശരിയായ സമയത്ത്, ശരിയായ ആള്‍ക്കാരിലാണ് എത്തുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാ പുതിയ സര്‍ക്കാരുകള്‍ക്കും മധുവിധു കാലമുണ്ടെന്നാണു മാധ്യമ സുഹൃത്തുക്കള്‍ പറയാറുള്ളത്. മുന്‍സര്‍ക്കാരുകള്‍ക്കു നൂറുദിവസവും അതിലുമപ്പുറവും ദീര്‍ഘിച്ച മധുവിധുവിന്റെ ആര്‍ഭാടമുണ്ടായെങ്കിലും തന്റെ സര്‍ക്കാരിന് അതുണ്ടായില്ലെന്നു മോദി പരിഭവം പ്രകടിപ്പിച്ചു. നൂറുദിവസം പോകട്ടെ, നൂറു മണിക്കൂറിനകം ഗുരുതര ആരോപണങ്ങളുയര്‍ന്നു. പക്ഷേ, രാജ്യസേവനമെന്ന ഏകലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്നമാകില്ല.
മുന്‍ സര്‍ക്കാരുകള്‍ ഭരിച്ച 67 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുമാസം നിസ്സാര കാലയളവാണെങ്കിലും ഓരോ നിമിഷവും ജനക്ഷേമം ലക്ഷ്യമിട്ടാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ആയിരുന്നു.

ഒരുമാസം മുന്‍പ് അധികാരമേല്‍ക്കുമ്പോള്‍ സ്ഥലവും ആള്‍ക്കാരുമൊക്കെ പുതിയതായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സങ്കീര്‍ണതകള്‍ ഗ്രഹിക്കാന്‍ തനിക്ക് ഒരു വര്‍ഷമോ രണ്ടുവര്‍ഷമോ വേണ്ടിവരുമെന്നു കരുതിയവരുണ്ട്. ഒരുമാസം പിന്നിടുമ്പോള്‍ ഏതായാലും ആ ചിന്ത മനസ്സിലില്ല. ആത്മവിശ്വാസവും ലക്ഷ്യബോധവും വലിയതോതില്‍ വളര്‍ന്നു. ജനങ്ങളുടെ സ്നേഹവും ഉദ്യോഗസ്ഥരുടെ പിന്തുണയും ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

മന്ത്രിമാരും ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളെക്കുറിച്ചു നടത്തിയ വിശദമായ അവതരണങ്ങളും ചര്‍ച്ചകളും ഭരണത്തിനു മികച്ച മാര്‍ഗരേഖയുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു. ഏറെ മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനെത്തി. ഭാവിയിലും അവരുമൊത്തു യോജിച്ചു മുന്നേറാനാണ് ആഗ്രഹിക്കുന്നത്.
മന്ത്രിസഭയുടെ ആദ്യമാസം പൂര്‍ത്തിയായ ദിവസമെന്ന പ്രാധാന്യത്തിനൊപ്പം 1975ല്‍ അടിയന്തരാവസ്ഥ തുടങ്ങിയ ദിനമെന്ന സവിശേഷതയും ജൂണ്‍ 26ന് ഉണ്ട്. അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് ഏറെ ഓര്‍മകളുണ്ട്.

അഭിപ്രായസ്വാതന്ത്യ്രവും പത്രസ്വാതന്ത്യ്രവും നിഷേധിക്കപ്പെടുന്നതിന്റെയും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുന്നതിന്റെയും അപകടങ്ങള്‍ ഓര്‍മിപ്പിക്കുന്നതാണ് അടിയന്തരാവസ്ഥയുടെ ഇരുണ്ട ചരിത്രം. അഭിപ്രായസ്വാതന്ത്യ്രം ഉറപ്പാക്കിയില്ലെങ്കില്‍ ജനാധിപത്യത്തിന് അതിജീവിക്കാനാകില്ല. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ ആവര്‍ത്തിക്കാനുള്ള അവസരമാണ് ഇൌ ദിവസം എന്നും മോദി വ്യക്തമാക്കി.

Show More

Related Articles

Close
Close