ഭാഗ്യം! ഹോളണ്ട് രക്ഷപ്പെട്ടു

holland sp8

119 മിനുട്ട് വരെ കാഴ്ചക്കാരനായി ഇരുന്ന തിമോത്തി മൈക്കല്‍ ക്രൂള്‍ എന്ന ടിം ക്രൂളിന്റെ ദിനമായിരുന്നു ഇന്നലെ. അവസാന നിമിഷം ഹോളണ്ട് പരിശീലകന്‍ വാന്‍ഗാല്‍ നടത്തിയ ചൂതാട്ടം ഹോളണ്ടിന് ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നല്‍കി. അതുവരെ വലകാത്ത സിയസെറെ മാറ്റി അത്ര പരിചിതനല്ലാത്ത ടിം ക്രൂളിനെ ഇറക്കാനുള്ള വാന്‍ഗാലിന്റെ തന്ത്രം വിജയിച്ചു. 120 മനിട്ട് കളിച്ചിട്ടും ഗോള്‍ വീഴാതിരുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയെ ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പ്പിച്ചാണ് ഹോളണ്ടിന്റെ മുന്നേറ്റം. രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞിട്ട് ടിം ക്രൂള്‍ ഹോളണ്ടിന്റെ ഹീറോയായി.

ഇതുവരെ ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ വിജയം കണ്ടിട്ടില്ല എന്ന നടുക്കുന്ന ഓര്‍മകളുമായാണ് ഹോളണ്ട് ഭാഗ്യ പരീക്ഷണം നേരിട്ടത്. ആദ്യം കിക്കെടുത്തത് കോസ്റ്റാറിക്കയുടെ ബോന്‍ഗസ്. പന്ത് ക്രൂസിനെ മറികടന്ന് വലയില്‍. ഹോളണ്ടിനായി കിക്കെടുത്ത വാന്‍പേഴ്സിയും നിരാശപ്പെടുത്തിയില്ല. എന്നാല്‍ റൂയിസിന്റെ രണ്ടാം കിക്ക് തടഞ്ഞ് ക്രൂസ് ആദ്യ സൂചന നല്‍കി. ഹോളണ്ടിനുവേണ്ടി രണ്ടാമത്തെ കിക്കെടുത്ത റോബനും കോസ്റ്ററിക്കയ്ക്കുവേണ്ടി മൂന്നാമത്തെ കിക്കെടുത്ത ഗോണ്‍സാലസും ഹോളണ്ടിനുവേണ്ടി മൂന്നാമത്തെ കിക്കെടുത്ത വെസ്ലി സ്‌നൈഡറും കോസ്റ്ററിക്കയ്ക്കുവേണ്ടി നാലാമത്തെ കിക്കെടുത്ത ബൊലാനോസും ഹോളണ്ടിനുവേണ്ടി നാലാമത്തെ കിക്കെടുത്ത ക്യൂറ്റും പിഴവുകളൊന്നുമില്ലാതെ വല ചലിപ്പിച്ചതോടെ കോസ്റ്റാറിക്കയുടെ അവസാന കിക്ക് നിര്‍ണായകമായി. ഉമാനയെടുത്ത അഞ്ചാമത്തെ കിക്കില്‍ ക്രൂള്‍ ഒരിക്കല്‍ മാന്ത്രികനായി. ഉജ്വലമായൊരു സേവിലൂടെ ക്രൂള്‍ ഹോളണ്ടിനെ സെമിയിലെത്തിച്ചു. 120 മിനുട്ടും കോസറ്റാറിക്കയുടെ വല കാത്ത് വിസ്മയം തീര്‍ത്ത് കീലന്‍ നവാസിന് ഷൂട്ടൗട്ടില്‍ ആ മികവ് തുടരാനായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹോളണ്ട് സെമിയിലെത്തുന്നത്.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും 120 മിനുട്ടിലും ഗോള്‍ നേടാന്‍ പുകല്‍പെറ്റ ഓറഞ്ച് പടയ്ക്കായില്ല. ആര്യന്‍ റോബനും വാന്‍പേഴ്സിയും സ്നൈഡറും ക്യുയിറ്റുമൊക്കെ നിരന്തരം വെടിയുതിര്‍ത്തു കൊണ്ടിരുന്നു. എന്നാല്‍ അതെല്ലാം അക്ഷോഭ്യനായി നേരിട്ട കീലര്‍ നവാസിന് മുന്നില്‍ ഓലപ്പടക്കം മാത്രമായി. 20 ലധികം ഗോള്‍ ഷോട്ടുകളാണ് കോസ്റ്റാറിക്കന്‍ ഗോളി തടുത്തിട്ടത്. ക്ലോസ് റേഞ്ചറും ലോംഗ് റേഞ്ചറും അടക്കം അറിയാവുന്ന രീതിയിലെല്ലാം കോസ്റ്റാറിക്കന്‍ വല കുലുക്കാന്‍ റോബന്‍ ശ്രമിച്ചെങ്കിലും നവാസിനെ മറികടക്കാന്‍ അതൊന്നും മതിയായിരുന്നില്ല. അവസാന നിമിഷം വരെ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധിച്ച കോസ്റ്റാറിക്ക അധിക സമയത്തിന്റെ അവസാന മിനുട്ടുകളിലാണ് വിശ്വരൂപം കാണിച്ചത്. 115ാം മിനുട്ടില്‍ ഉരേനയും ബൊളോനയും പായിച്ച ഷോട്ടുകളില്‍ ഗോളൊഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. ബുധനാഴ്ച അര്‍ജന്റീനയുമായാണ് ഹോളണ്ടിന്റെ സെമി ഫൈനല്‍ മത്സരം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close