ഭീകരരെ നേരിടാന്‍ ഇറാഖിന് എന്തുസഹായവും നല്‍കും: യു.എസ്.
ഇറാഖില്‍ തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമിട്ട് മുന്നേറുന്ന ഭീകരരെ പ്രതിരോധിക്കാന്‍ എന്ത് സഹായവും നല്‍കുമെന്ന് അമേരിക്ക. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാഖില്‍ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഈ ഉറപ്പ് നല്‍കിയത്.
അതേസമയം, ന്യൂനപക്ഷങ്ങളായ സുന്നികളുമായും കുര്‍ദുകളുമായും ഭരണം പങ്കുവെക്കാന്‍ അധികാരത്തിലിരിക്കുന്ന ഷിയ ഭൂരിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, സലാഹുദീന്‍ പ്രവിശ്യയിലുള്ള ബെയ്ജി എണ്ണ ശുദ്ധീകരണശാല ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ നിയന്ത്രണം സംഘടനയുടെ പ്രാദേശിക നേതാക്കള്‍ക്ക് കൈമാറിയതായും ഭീകരര്‍ പറഞ്ഞു. അതേസമയം, എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഇപ്പോഴും സൈന്യത്തിനാണെന്ന് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരി അവകാശപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണ് ബെയ്ജിയിലേത്. ഇറാഖിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ മൂന്നിലൊന്നും ശുദ്ധീകരിക്കുന്നത് ഇവിടെ നിന്നാണ്. എണ്ണശാലയുടെ നിയന്ത്രണത്തിനുവേണ്ടി ഒരാഴ്ചയായി ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ പോരാട്ടത്തിലായിരുന്നു.
ഭീകരരുടെ മുന്നേറ്റം തുടങ്ങിയശേഷം ഇന്ധന വിതരണത്തിന് ഇറാഖ് നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ബെയ്ജി കീഴടക്കിയതോടെ രാജ്യത്തെ ഇന്ധനക്ഷാമം രൂക്ഷമാകും. വിമതരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളുടെ ഇന്ധന ആവശ്യം നിറവേറ്റുന്നതിനുവേണ്ടിയാണ് എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തതെന്നാണ് വിലയിരുത്തല്‍.
ബെയ്ജി നഗരത്തിലും വടക്കുപടിഞ്ഞാന്‍ അതിര്‍ത്തിയായ ഹുസൈബയിലും രൂക്ഷമായ പോരാട്ടം തുടരുകയാണ്. ബെയ്ജിയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുസൈബയില് ഏഴ് ഭീകരര്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു.
ഇറാഖില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയ അമേരിക്ക 300 സൈനിക ഉപദേശകരെ കഴിഞ്ഞയാഴ്ച അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രേത്യക ദൗത്യവുമായി യു.എസ്. വിദേശകാര്യ സെക്രട്ടറി ബാഗ്ദാദിലെത്തിയത്. പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിക്ക് പുറമെ ഷിയ ഭൂരിപക്ഷവുമായി ഇടഞ്ഞ് നില്ക്കുന്ന സുന്നി, കുര്‍ദ് വിഭാഗങ്ങളുമായി ജോണ്‍ കെറി കൂടിക്കാഴ്ച നടത്തി. ഇറാഖിന്റെ ചരിത്രത്തില്‍ ഏറ്റവും നിര്ണായകഘട്ടമാണിതെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്വയംഭരണ പ്രദേശമായ കുര്‍ദ് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. 2006-ല്‍ കോണ്ടലിസ റൈസിന് ശേഷം ആദ്യമായാണ് ഒരു യു.എസ്. വിദേശകാര്യ സെക്രട്ടറി ഇവിടം സന്ദര്‍ശിക്കുന്നത്. കുര്‍ദ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ ബര്‍സാനി, ഇറാഖികള്‍ ഐക്യത്തോടെ നില്ക്കുക ബുദ്ധിമുട്ടാണെന്നും കെറിയോട് സൂചിപ്പിച്ചു. മാലിക്കി രാജിവെക്കണമെന്നും ബര്‍സാനി ആവശ്യപ്പെട്ടു.