ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു

 

 

 

 

 

bhuller

ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. ഭുള്ളറുടെ ശിക്ഷ ഇളവ് ചെയ്യുന്നതിന് അനുകൂലമാണെന്ന സര്‍ക്കാര്‍ നിലപാടും ഇതോടൊപ്പം ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസവും ഭുള്ളറുടെ മാനസികനിലയും കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്.

ഭുള്ളറുടെ ഭാര്യ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

1993ല്‍ ഡല്‍ഹിയില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദിയാണ് ദേവിന്ദര്‍പാല്‍ സിങ് ഭുള്ളര്‍. ഡല്‍ഹി റെയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് പുറത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. വിചാരണക്കോടതി 2001 ആഗസ്തിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. ഡല്‍ഹി ഹൈക്കോടതി 2002ല്‍ ഇത് ശരിവെച്ചു. സുപ്രീംകോടതിയും അതേവര്‍ഷംതന്നെ വിധി ശരിവെച്ചിരുന്നു.

അതേസമയം,ഭുള്ളര്‍ 2003ല്‍ത്തന്നെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എട്ടുകൊല്ലത്തിനുശേഷം 2011ലാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. ദയാഹര്‍ജികളില്‍ തീര്‍പ്പുണ്ടാകാന്‍ വൈകുന്നത് ക്രൂരതയും ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നുണ്ട്.

ഭുള്ളറുടെ അഭിഭാഷകരും കോടതിയില്‍ ഇക്കാര്യമാണ് ഉയര്‍ത്തിക്കാട്ടിയത്. വധശിക്ഷ കാത്ത് വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവന്നത് ഭുള്ളറെ മാനസികമായി തളര്‍ത്തിയതായി അവര്‍ വാദിച്ചു. കോടതി ഈ വാദവും അംഗീകരിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close