ഭൂവനേശ്വര്‍ തിളങ്ങി ഇംഗ്ലണ്ട് പരുങ്ങലില്‍

ഭൂവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ ബോളിങ്ങില്‍ പ്രതിസന്ധിയിലായ ഇംഗ്ലണ്ട് കര കയറുന്നു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അവര്‍ 67 ഒാവറില്‍ നാലു വിക്കറ്റിന് 165 എന്ന നിലയിലാണ്. ചായസമയത്ത് നാലിന് 125 റണ്‍സ് എന്ന നിലയിലായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഗാരി ബല്ലാന്‍സും (79), മൊയീന്‍ അലിയുമാണ് (18) ക്രീസില്‍. നേരത്തേ, ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 295 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്‍പതിന് 290 എന്ന നിലയില്‍ ആദ്യദിനം അവസാനിപ്പിച്ച ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യ- 295
ഇംഗണ്ട് നാലു വിക്കറ്റിന് 165

മൂന്നു വിക്കറ്റു പിഴുതു മുന്‍നിരക്കാരെ മടക്കിയ ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തില്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ബല്ലാന്‍സും മൊയീന്‍ അലിയും ചേര്‍ന്നാണ് ആതിഥേയരെ രക്ഷപ്പെടുത്തിയത്. ആദ്യടെസ്റ്റില്‍ ബാറ്റ് കൊണ്ടും ബോളു കൊണ്ടും മികച്ച പ്രകടനം നടത്തിയ ഭൂവനേശ്വര്‍ കുമാര്‍ രണ്ടാം ടെസ്റ്റിലും അതേ പ്രകടനം തുടര്‍ന്നതോടെയാണ് ലോര്‍ഡ്സില്‍ ഇന്ത്യയ്ക്കു നേരിയ മുന്‍തൂക്കം ലഭിച്ചത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ബല്ലാന്‍സിനെ പിടികൂടാന്‍ കിട്ടിയ അവസരം എം.എസ്. ധോണി പാഴാക്കിയതും തിരിച്ചടിയായി. ബല്ലാന്‍സ് അപ്പോള്‍ 32 റണ്‍സേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ.

അലസ്റ്റയര്‍ കുക്കായിരുന്നു ഭുവനേശ്വറിന്റെ ആദ്യത്തെ ഇര. 10 റണ്‍സെടുത്ത ഇംഗ്ലിഷ് ക്യാപ്റ്റനെ ധോണി പറന്നു പിടിക്കുകയായിരുന്നു. 11-ാം ഓവറിലെ ആദ്യപന്തിലെ ഈ വിക്കറ്റ് വീഴ്ച ആതിഥേയരെ പ്രതിസന്ധിയിലാക്കി. നാല് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഭുവനേശ്വറിന്റെ രണ്ടാം പ്രഹരം. സാം റോബ്സണ്‍ 17 റണ്‍സോടെ പുറത്ത്. ധോണിതന്നെയാണ് ക്യാച്ചെടുത്തത്. ഉച്ചഭക്ഷണസമയത്ത് രണ്ടിന് 59 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തിരിച്ചെത്തി ഏറെ വൈകാതെ വിശ്വസ്തനായ ഇയാന്‍ ബെല്ലിനേയും ഭുവനേശ്വര്‍തന്നെ പറഞ്ഞയച്ചു.

രവീന്ദ്ര ജഡേജയ്ക്കായിരുന്നു ഇക്കുറി ക്യാച്ച്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രക്ഷിച്ച ജോ റൂട്ടിന്റെ ഊഴമായിരുന്നു പിന്നീട്. ആക്രമണത്തിനു നിയോഗിക്കപ്പെട്ട ജഡേജ ധോണിയുടെ വിശ്വാസം കാത്തു. 50 പന്തു നേരിട്ട് 13 റണ്‍സെടുത്ത റൂട്ട് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പന്ത് ബാറ്റില്‍ തട്ടിയ ശേഷമാണ് കാലില്‍ കൊണ്ടതെങ്കിലും അംപയറുടെ ശ്രദ്ധയില്‍ പെട്ടില്ല. നാലിന് 113 എന്ന നിലയില്‍നിന്നാണ് ബല്ലാന്‍സ്- മൊയീന്‍ അലി സഖ്യം പിടിച്ചുകയറിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close