മഅദനി പുറത്തിറങ്ങി

madani pti

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായതിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ജാമ്യത്തില്‍ പുറത്തിറങ്ങി. ചികില്‍സയ്ക്കായി സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മഅദനി തിങ്കളാഴ്ച വൈകുന്നേരം 7.45 ഓടെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ദൈവവിശ്വാസിയായ എനിക്ക് ഉറപ്പുണ്ടെന്നും മഅദനി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തുകയെന്നതാണ് സ്വപ്‌നമെന്നും ചികില്‍സയ്ക്കായി കൂടുതല്‍ സമയം സുപ്രീം കോടതിയോട് ചോദിക്കുമെന്നും മഅദനി പറഞ്ഞു. ജയിലില്‍ നിന്ന് നേരെ ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ഹെല്‍ത്ത് സെന്ററിലേക്കാണ് മഅദനി പോയത്. മഅദനിയുടെ ജയില്‍മോചനം സംബന്ധിച്ച് വൈകുന്നേരം വരെ നിലനിന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് ജയില്‍ അധികൃതരില്‍ നിന്ന് അനുകൂല സമീപനമുണ്ടായത്.

സ്വീകരിക്കാനെത്തിയ ബന്ധുക്കളും മക്കളും പി.ഡി.പി. പ്രവര്‍ത്തകരും മഅദനിയെ ആസ്പത്രിയിലേക്ക് അനുഗമിച്ചു. ജയില്‍ പരിസരത്ത് ശക്തമായ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കേരളത്തിലും ബാംഗ്ലൂരിലുമായി മോചനത്തിനായുള്ള നിയമ നടപടികളിലായിരുന്നു അഭിഭാഷകരും പി.ഡി.പി. പ്രവര്‍ത്തകരും.

മഅദനിയുടെ ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് രാവിലെ തന്നെ പരപ്പന അഗ്രഹാര ജയിലിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളിലും ജാമ്യ നടപടികള്‍ രാവിലെ തന്നെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വൈകുന്നേരത്തോടെ വിചാരണക്കോടതിയില്‍ നിന്ന് വിടുതല്‍ ഉത്തരവ് ലഭിച്ചു. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കോടതികളില്‍ നിന്നുള്ള പ്രൊഡക്ഷന്‍ വാറന്റുകള്‍ തിരിച്ച് വിളിച്ചത് സംബന്ധിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് ജയില്‍ അധികൃതര്‍ക്ക് വൈകുന്നേരം ആറരയോടെ സമര്‍പ്പിച്ചു. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള വാറന്റ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് രാവിലെ തന്നെ ജയില്‍ അധികൃതര്‍ക്ക് എത്തിച്ചിരുന്നു. ഇതിന് ശേഷമാണ് എറണാകുളം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ നിന്നുള്ള വാറന്റ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ജയിലില്‍ എത്തിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഉത്തരവിന്റെ ഒറിജിനല്‍ വേണമെന്ന ജയില്‍ അധികൃതരുടെ നിലപാട് ഏറെ നേരം അനിശ്ചിതാവസ്ഥയ്ക്കിടയാക്കി. മഅദനിയുടെ അഭിഭാഷകര്‍ ജയില്‍ ഡി.ഐജിയുമായി ചര്‍ച്ച നടത്തിയെങ്കിലും ബാംഗ്ലൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ യഥാര്‍ഥ കോപ്പി വേണമെന്ന നിലപാട് ജയില്‍ അധികൃതര്‍ ആവര്‍ത്തിച്ചു. എന്നാല്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ കേരള സര്‍ക്കാറുമായി ബന്ധപ്പെടുകയും പീന്നിട് സര്‍ക്കാര്‍ തലത്തില്‍ നടന്ന സമ്മര്‍ദത്തെ തുടര്‍ന്ന് മഅദനിയെ ജാമ്യത്തില്‍ വിടാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകുകയുമായിരുന്നു.

റംസാനായതിനാല്‍ നോമ്പ്തുറ സമയം കഴിഞ്ഞാണ് മഅദനിയെ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. മഅദനിയെ സൗഖ്യ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹന സൗകര്യവും പി.ഡി.പി. പ്രവര്‍ത്തകര്‍ ജയില്‍ അങ്കണത്തില്‍ സജ്ജീകരിച്ചിരുന്നു. മക്കളായ സലാഹുദ്ദീന്‍ അയൂബി, ഉമര്‍ മുക്താര്‍, ഷമീറ എന്നിവര്‍ ജയിലില്‍ നേരത്തെ തന്നെ എത്തി. പി.ഡി.പി. നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ്, മുജീബ് റഹ് മാന്‍ എന്നിവരടക്കമുള്ള പ്രവര്‍ത്തകര്‍ ജയിലിലെത്തി. എറണാകുളം എന്‍.ഐ.എ.കോടതിയുടെ അനുവാദം ലഭിക്കാത്തതിനാല്‍ ഭാര്യ സൂഫിയ മഅദനി തിങ്കളാഴ്ച ബാംഗ്ലൂരിലെത്തിയിരുന്നില്ല. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസില്‍ പ്രതിയായതിനാല്‍ എന്‍.ഐ.എ. കോടതിയുടെ അനുവാദത്തിനായി സൂഫിയ മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.

സൗഖ്യ ഹെല്‍ത്ത് സെന്ററില്‍ എത്തിയ മഅദനിയെ പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. വിദഗ്ധമായ പരിശോധനയ്ക്കുശേഷം മാത്രമേ ചകില്‍സ സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയൂവെന്നും ഒരു മാസം കൊണ്ട് ചികില്‍സ പൂര്‍ത്തിയാകില്ലെന്നും ഡോ ഐസക്ക് മത്തായി പറഞ്ഞു.

മണിപ്പാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, അഗര്‍വാള്‍ കണ്ണാസ്പത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും മഅദനിയെ പരിശോധിക്കും.
കണ്ണിന്റെ കാഴ്ച തിരിച്ച് കിട്ടുന്നതിനായുള്ള ശസ്ത്രക്രിയ അഗര്‍വാള്‍ കണ്ണാസ്പത്രിയില്‍ നടത്തും.

കഴിഞ്ഞ വര്‍ഷം ജനവരിയില്‍ 45 ദിവസത്തെ ചികില്‍സ സൗഖ്യ ഹെല്‍ത്ത് സെന്ററില്‍ നല്‍കിയിരുന്നു. 2010 ആഗസ്ത് 17ന് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തിന് ശേഷം ആദ്യമായാണ് മഅദനി ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close