മഞ്ഞക്കടല്‍ ഇരമ്പി ഫോര്‍ട്ടലേസയിലെ മഞ്ഞക്കടല്‍ സാക്ഷി

brasil sp8

സെമി ഫൈനലിലേക്ക് കുളമ്പടിച്ച് കുതിക്കാനെത്തിയ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് മഞ്ഞക്കിളികള്‍ സെമി ഫൈനലിലേക്ക് ചിറകടിച്ച് പറന്നു. 2002 ന് ശേഷം ബ്രസീലിന്റെ ആദ്യ സെമി ഫൈനല്‍ പ്രവേശനം. സെമിയില്‍ ശക്തരായ ജര്‍മനിയാണ് ബ്രസീലിന്റെ എതിരാളികള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ട ബ്രസീലായിരുന്നില്ല കൊളംബിയയെ നേരിട്ടത്. അട്ടിമറി ഭീതിയില്‍ ആക്രമിച്ച് കളിച്ച നെയ്മറും സംഘവും കൊളംബിയയെ നിലം തൊടാന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഒരിക്കല്‍പോലും ബ്രസീല്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ റോഡ്രിഗസും സംഘത്തിനും ആയില്ല. മുന്‍ നിര ഗോള്‍ കണ്ടെത്താന്‍ മറന്നപ്പോള്‍ പ്രതിരോധ നിരക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ഫോര്‍ട്ടലേസയില്‍ കണ്ടത്. 7ാം മിനുട്ടില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയാണ് ബ്രസീലിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയ ആദ്യ ഗോള്‍ നേടിയത്. നെയ്മറിന്റെ ഫ്രീകിക്ക് വലയിലേക്ക് തിരിച്ചു വിടാന്‍ ഫ്രെഡ് പരാജയപ്പെട്ടപ്പോള്‍ ആ ഉത്തരവാദിത്വം ക്യാപ്റ്റന്‍ സ്വയം ഏറ്റെടുത്തു. ഗോള്‍ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണമായും ബ്രസീലിന്റെ കയ്യിലായി.

എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ അല്‍പം പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ കൊളംബിയ പതിയെ പിടിച്ചു കയറാന്‍ തുടങ്ങി. റോഡ്രിഗസും ക്വാഡ്രാഡോയും ബ്രസീല്‍ ഗോള്‍ മുഖത്ത് ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ 69 ാം മിനുട്ടില്‍ മനോഹരമായ ഫ്രീ കിക്കിലൂടെ ഡേവിഡ് ലൂയീസ് ബ്രസീലിന്റെ ലീഡുയര്‍ത്തി. അതോടെ തോല്‍വി മുന്നില്‍ക്കണ്ട കൊളംബിയന്‍ താരങ്ങള്‍ തങ്ങളുടെ ശക്തി പരീക്ഷിക്കാനുള്ള കേന്ദ്രമായി ബ്രസീല്‍ താരങ്ങളെ ഉപയോഗിച്ചു. ഏതാണ്ട് എല്ലാ ബ്രസീലിയന്‍ താരങ്ങളും കടുത്ത ഫൗളിന് വിധേയരായി. 79ാം മിനുട്ടില്‍ കാര്‍ലോസ് ബക്കയെ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളി സെസാറിന് പിഴച്ചതോടെ ബ്രസീലിന് എതിരായി പെനാല്‍റ്റി വിധിച്ചു.

പന്ത് വലയിലെത്തിച്ച ജയിംസ് റോഡ്രിഗസ് കൊളംബിയ തിരിച്ചുവരുമെന്ന തോന്നലുണ്ടാക്കിയെങ്കിലും ബ്രസീല്‍ പ്രതിരോധം ഉറച്ചു നിന്നു. ലോകകപ്പില്‍ റോഡ്രിഗസിന്റെ ആറാം ഗോളാണിത്. തുടര്‍ച്ചയായി 5 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന റിവാര്‍ഡോയുടെയും അരങ്ങേറ്റ ലോകകപ്പില്‍ തുടര്‍ച്ചയായി 5 മത്സരങ്ങളില്‍ ഗോള്‍ നേടിയ ടോഫിലോ കുബില്ലാസിന്റെയും റെക്കാര്‍ഡിനൊപ്പമെത്താനും റോഡ്രിഗസിനായി. അവസാന മിനുട്ടുകളില്‍ കൊളംബിയ കളി കൂടുതല്‍ പരുക്കനാക്കി. ബ്രസീല്‍ താരങ്ങലെ ഭയപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു അവരുടെ തന്ത്രം. 88ാം മിനുട്ടില്‍ സുനിഗയുടെ മാരക ഫൗളില്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ താഴെ വീണു. നട്ടെല്ലിന് സുനിഗയുടെ മുട്ടു കാലിടിച്ച നെയ്മറിന്റെ ലോകകപ്പിലെ വരും മത്സരങ്ങളില്‍ ബ്രസീലിന് ലഭ്യമാകില്ല. തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച തിയാഗോ സില്‍വ കൂടി പുറത്തിരിക്കുന്നതോടെ മുന്നേറ്റ നിരയിലും പ്രതിരോധത്തിലും രണ്ട് നെടുംതൂണുകളില്ലാതെയാകും സെമിയില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടുക.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close