മദ്യനയം നടപ്പാക്കുന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യം -കെ. ബാബു

സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കുകയെന്നത് എക്‌സൈസ് വകുപ്പിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന് മന്ത്രി കെ. ബാബു. ശുഷ്‌കമായ സൗകര്യങ്ങള്‍ വെച്ചാണ് വകുപ്പ് മുന്നോട്ടു പോകുന്നത്. മദ്യനയം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഒരുക്കണം. സര്‍ക്കാറെടുത്ത തീരുമാനം പൂര്‍ണമായും നടപ്പാക്കുകയെന്നതാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയം നടപ്പാക്കുന്നതില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അത് പരിഹരിക്കുന്നതിന് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
മദ്യവിമുക്തമായ കേരളം എന്നതാണ് സര്‍ക്കാറിന്റെ നയം. അതിലേക്കുള്ള സുപ്രധാന പടിയാണ് പുതിയ മദ്യനയം. ഇത് അല്പം വേഗത്തിലായെന്നു മാത്രം. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും ഒരാള്‍ക്കുള്ളതാണെന്ന് പറയാനാകില്ല. എല്ലാ ഘടകകക്ഷി നേതാക്കളും ഒരുമിച്ചെടുത്ത തീരുമാനമാണിത്. അത് സര്‍ക്കാറിന്റെ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

തീരുമാനത്തിനെതിരെ ബാറുടമകള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. നിയമത്തിന്റെ പഴുതുകളില്ലാതെയാണ് നയം രൂപവത്കരിച്ചിരിക്കുന്നത്. അത് നടപ്പാക്കുമ്പോഴുള്ള വെല്ലുവിളികളെ ശക്തമായി നേരിടും. മദ്യദുരന്തം ഉണ്ടാകുമോയെന്ന ആശങ്കയൊന്നും തനിക്കില്ല. മദ്യവില്പന കുറയുന്നതുവഴി ഉണ്ടാകുന്ന റവന്യൂ നഷ്ടം നികത്താന്‍ ധനമന്ത്രി ബദല്‍ മാര്‍ഗം കണ്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുവര്‍ഷമായി എക്‌സൈസ് മന്ത്രിയായി തുടരുന്ന തനിക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിട്ടില്ല. അടുത്ത രണ്ടുവര്‍ഷവും ഇതേ സ്ഥാനത്ത് തുടര്‍ന്നാലും ആരോപണങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം. തന്റെയോ അടുത്ത ബന്ധുക്കളുടെയോ പേരില്‍ ബാറില്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close