മദ്യനയം: നിലപാടിലുറച്ച് സുധീരന്‍

sudheeran

മദ്യനയത്തില്‍ പ്രഖ്യാപിത നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കിയതോടെ ബാര്‍ ലൈസന്‍സ് വിഷയം യു.ഡി.എഫിനും സര്‍ക്കാരിനും കീറാമുട്ടിയാകുന്നു. സര്‍ക്കാര്‍ – കെ. പി. സി. സി. ഏകോപന സമിതിയില്‍ കടുത്ത ഭിന്നത ഉടലെടുത്ത വിഷയം ഇന്ന് ചേരിതിരിഞ്ഞു പ്രസ്താവനയിലേക്കും വളര്‍ന്നു. ബാര്‍ലൈസന്‍സ് വിഷയത്തില്‍ ഒരു വ്യക്തിയുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു ഇന്ന് പ്രതികരിച്ചതിന് പിന്നാലെ മറുപടിയായി സുധീരന്റെ പ്രസ്താവനയും വന്നു.

കെ.പി.സി.സി നിര്‍വാഹകസമിതിയിലെ അഭിപ്രായമാണ് ഏകോപനസമിതിയില്‍ അറിയിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കെ.പി.സി.സിയിലെ പൊതുവികാരം ഏകോപനസമിതിയില്‍ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. അത് വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടേയും യു.ഡി.എഫിന്റെയും പ്രഖ്യാപിത നയമാണ് മുന്നോട്ട് വച്ചത്. മദ്യവിരുദ്ധ ബ്രാന്‍ഡിന്റെ കുത്തക ഏറ്റെടുക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും സുധീരന്‍ പറയുന്നു. ഏകോപനസമിതിയില്‍ എല്ലാവരും തന്നെ എതിര്‍ത്തു എന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

രാവിലത്തെ പരാമര്‍ശം വിവാദമായതോടെ സുധീരനോട് വിഷയത്തില്‍ എതിര്‍പ്പുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് വിശദീകരിച്ച് മന്ത്രി ബാബു രംഗത്തുവന്നു. വാചകങ്ങള്‍ അടര്‍ത്തി മാറ്റി വാര്‍ത്ത നല്‍കുന്നത് മാധ്യമധര്‍മ്മമല്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ തനിക്ക് പിടിവാശിയോ വ്യക്തിതാത്പര്യമോ മുന്‍വിധിയോ ഇല്ല. പാര്‍ട്ടി തീരുമാനമാകും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close