മദ്യനയത്തില്‍ സര്‍ക്കാറിന് സ്ഥിരത ഇല്ല: വെള്ളാപ്പള്ളി

vellappally natesan

മദ്യനയത്തില്‍ സര്‍ക്കാറിന് സ്ഥിരത ഇല്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഉളിപ്പും ഇല്ലാതെയാണ് സര്‍ക്കാര്‍ നിലപാടുകള്‍ മാറ്റുന്നത്. വ്യക്തമായ മദ്യനയം തിരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കണം. ഭരണത്തിലുള്ളവര്‍ക്ക് ഒരു വിലയും ഇല്ല. എല്ലാം കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനിക്കുന്നതെങ്കില്‍ മന്ത്രിസഭയ്ക്ക് പ്രസക്തി ഇല്ല. ചില ബിഷപ്പുമാര്‍ക്കുവേണ്ടി പ്രസ്താവന ഇറക്കരുത്. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്ന് പറഞ്ഞാല്‍ ബീവറേജസിന്റെ വില്പന കേന്ദ്രങ്ങള്‍ പൂട്ടുമോ?- വെള്ളാപ്പള്ളി ചോദിച്ചു.

9,500 കോടി രൂപയുടെ മദ്യവില്പനയില്‍ 7,500 കോടിയും സര്‍ക്കാര്‍ ചില്ലറവില്പനശാലകള്‍ വഴിയാണ്. പ്രാകൃതമായ സംവിധാനമാണ് ഇത്തരം മദ്യവില്പനശാലകളില്‍ ഉള്ളത്. മുപ്പതിനായിരത്തോളം വരുന്ന മദ്യവ്യവസായ തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നയമാണ് ഇപ്പോഴത്തേത്. മദ്യവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം. ബാറുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നല്ലതാണ്. സാങ്കേതികമായ കുറവ് ഉണ്ടായാല്‍ പരിഹരിക്കാന്‍ സമയപരിധി കൊടുക്കണമെന്നത് സാമാന്യനീതിയാണ്. ഭരണക്കാര്‍ക്ക് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നിയന്ത്രണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സീറ്റ് കുറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പരാജയത്തില്‍നിന്ന് മുന്‍കൂര്‍ജാമ്യം എടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ്സുകാര്‍ പരസ്പരം പഴിചാരുന്നത്.

ബി.ജെ.പി.യുടെ വോട്ട് വര്‍ധിക്കും. സമുദായം രാഷ്ട്രീയശക്തി അല്ലാത്തതിനാലാണ് സമുദായ നേതാക്കളെ രാഷ്ട്രീയത്തില്‍ വേട്ടയാടുന്നത്. ഡി. സുഗതന്‍ സത്യം പറഞ്ഞു എന്നതാണ് തെറ്റ്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ആലപ്പുഴയിലെ ഡി.സി.സി. പ്രസിഡന്റ് തന്നെ കൊത്തുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈ അല്പത്തരം മറ്റ് ഡി.സി.സി. പ്രസിഡന്റുമാര്‍ക്കൊന്നും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close