മന്ത്രാലയങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി ഇടപെടുന്നു

modi

വിവിധമന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി ഇടപെടുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കി. ചില കാര്യങ്ങളില്‍ അദ്ദേഹം ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയും ചെയ്തു.

തത്കാലം പുതിയ നിയമനങ്ങളൊന്നും ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുഖ്യമായ നിര്‍ദേശം. പുതിയ തസ്തികകള്‍ എന്നുവെച്ചാല്‍ കൂടുതല്‍ ബാധ്യത എന്നാണ് അര്‍ഥം. നിലവിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ജോലിയിലെ കാര്യക്ഷമത നോക്കി വേതനത്തില്‍ മാറ്റംവരുത്തും.

കേന്ദ്രജീവനക്കാരുടെ ജോലിസമയം രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ആക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു നിര്‍ദേശം. ഉച്ചഭക്ഷണസമയം വേണമെങ്കില്‍ രണ്ടുമണിക്കൂറാക്കാം. ചൂടും തണുപ്പും രണ്ടറ്റംവരെ പോകുകയും പ്രതികൂലകാലാവസ്ഥ ഉണ്ടാവുകയും ചെയ്യുന്ന ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ലെന്ന് ചില സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏതായാലും ഈ നിര്‍ദേശം പരിശോധിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഒറ്റ ഫയല്‍പോലും കെട്ടിക്കിടക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഫീസ് സമയം കൃത്യമായി പാലിക്കണം. ഓഫീസ് സമയം കഴിയുംമുമ്പ് ആരും വീട്ടില്‍ പോകരുത്. സര്‍ക്കാര്‍ ജോലിയും സ്വകാര്യ ഏര്‍പ്പാടുകളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ല. ഒഴിവുസമയങ്ങളില്‍ ചീട്ടുകളിപോലുള്ള ഏര്‍പ്പാടുകള്‍ പാടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കുകയും ഫയലുകള്‍ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

സര്‍ക്കാര്‍ഓഫീസുകള്‍ വൃത്തിയുടേയും വെടിപ്പിന്റേയും കാര്യത്തില്‍ കോര്‍പ്പറേറ്റ് ഓഫീസുകളെപ്പോലെ ആവണം. വൃത്തിയുടേയും ശുചിത്വത്തിന്റേയും കാര്യത്തില്‍ ഫണ്ട് തടസ്സമാവില്ല. ഉദ്യോഗസ്ഥര്‍ വൃത്തിയായി വേഷം ധരിക്കണം. വൃത്തിയും വെടിപ്പും നോക്കാന്‍ താന്‍ നേരിട്ട് മന്ത്രാലയങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ താമസംകൂടാതെ പരിഹരിക്കുകയും ഫയലുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കുകയും വേണം. ജനങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അത് തന്നെ നേരിട്ട് അറിയിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ സമീപിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഓഫീസും പരിസരങ്ങളും വൃത്തിയാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് വെള്ളിയാഴ്ചതന്നെ ഫലം കണ്ടുതുടങ്ങി. തലസ്ഥാനത്ത് പല മന്ത്രാലയങ്ങളിലും ശുചീകരണപ്രക്രിയ ആരംഭിച്ചു. ഇടനാഴികളിലുംമറ്റും കൂടിക്കിടന്ന പൊട്ടിയ ഫര്‍ണിച്ചര്‍ മാറ്റുകയും വൃത്തിയാക്കല്‍ ആരംഭിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പെയിന്റടിച്ച് മോടി പിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നടത്തിയ യോഗത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രാലയ സെക്രട്ടറിമാര്‍ താഴെത്തട്ടിലേക്ക് ഉത്തരവുകള്‍ അയച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close