മന്ത്രിസഭാ പുനഃസംഘടനയെ എതിര്‍ത്ത് ഐ ഗ്രൂപ്പ്‌

kpcc

മന്ത്രിസഭാ പുനഃസംഘടന കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പ് പോരുകള്‍ക്ക് കളമൊരുക്കുന്നു. മന്ത്രിസഭാ പുനഃസംഘടന ആവശ്യമാണെന്ന് മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിച്ചതിന് തൊട്ടുപിന്നാലെ പുനഃസംഘടന ഇപ്പോള്‍ വേണ്ടെന്ന വാദവുമായി ഐ ഗ്രൂപ്പും കേന്ദ്ര നേതൃത്വത്തെ സമീപിക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ വികാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. ഡല്‍ഹിയിലെത്തിയ രമേശ് സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ കാണുന്നുണ്ട്.

മന്ത്രിസഭ പുനഃസംഘടിപ്പിച്ചാല്‍ ഏത് നിലക്കും ഐ ഗ്രൂപ്പിനാണ് നഷ്ടമെന്നതാണ് ഇതിനെ എതിര്‍ക്കാനുള്ള പ്രധാന കാരണം. കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെങ്കില്‍ ഏതെങ്കിലും ഒരു ഐ ഗ്രൂപ്പ് മന്ത്രിക്കായിരിക്കും സ്ഥാനം പോകുക. ഗണേഷ് രാജിവെച്ച ഒഴിവിലാണ് രമേശ് ചെന്നിത്തല മന്ത്രിയായത്. എന്നാല്‍ രമേശ് മന്ത്രിയായപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് നഷ്ടമായില്ലേയെന്ന ചോദ്യം ഇതിന് മറുപടിയായി ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്. എങ്കിലും മന്ത്രിസഭയിലെ ഗ്രൂപ്പ് സന്തുലനത്തിന്റെ പേരില്‍ ഗണേഷ് വന്നാല്‍ ഐ ഗ്രൂപ്പ് മന്ത്രിതന്നെയാകും രാജിവെയ്‌ക്കേണ്ടി വരിക.

പുതിയ മന്ത്രിവരാതെ വകുപ്പുകളുടെ പുനഃസംഘടന മാത്രം നടന്നാലും ഐ പക്ഷത്തിനാണ് നഷ്ടം വരാന്‍ സാധ്യത. ഇപ്പോള്‍ റവന്യൂവും ആഭ്യന്തരവും അടക്കമുള്ള പ്രധാന വകുപ്പുകള്‍ ഐ ഗ്രൂപ്പിനാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടിയത് ഈ ടീമിനെ െവച്ചായതിനാല്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് നല്ല അന്തരീക്ഷം കളയേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. പുനഃസംഘടന വേണമോയെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയരുമ്പോള്‍ തന്നെ മന്ത്രിസഭയില്‍ മാറ്റംവേണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. മന്ത്രിസഭയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് ഹൈക്കമാന്‍ഡ് മുന്‍തൂക്കം നല്‍കുകയെന്നതും സ്വാഭാവികം.

ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്നത് മെല്ലെമതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ബാലകൃഷ്ണപിള്ളയുടെ ഭീഷണിയുടെ കാലം കഴിയട്ടെയെന്ന് അദേഹം അടുത്ത സഹപ്രവര്‍ത്തകരോട് പറയുന്നുമുണ്ട്. ഗണേഷിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പല മന്ത്രിമാരെയും രാജിവെയ്പിക്കാനുള്ള വക തന്റെ പക്കലുണ്ടെന്ന യു.ഡി.എഫ്. യോഗത്തിലെ പിള്ളയുടെ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് തന്നെ വിനയായി മാറുകയായിരുന്നു.

ഇതിനിടെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സജീവമായി. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാനനിമിഷംവരെ പരിഗണിക്കപ്പെട്ട സ്പീക്കര്‍ ജി. കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കും കാര്‍ത്തികേയനെയായിരുന്നു മുഖ്യമന്ത്രി പിന്തുണച്ചത്. അവസാനം വരെ കാര്‍ത്തികേയന്റെ പേര് മുന്നോട്ടുെവച്ചിട്ടും അത് നടക്കാതെ പോകുകയും ചെയ്തതിന്റെ ബുദ്ധിമുട്ട് മുഖ്യമന്ത്രിക്കുണ്ട്.

കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്ക് വന്നാല്‍ മന്ത്രിസഭയിലുള്ള ആരെങ്കിലുമാകും സ്പീക്കര്‍ സ്ഥാനത്തേക്ക് വരിക. എ.പി. അനില്‍കുമാറിന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പിന്നാക്കക്ഷേമ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ് നോക്കുന്ന ജയലക്ഷ്മിയെ ഏല്പിക്കും. കാര്‍ത്തികേയന്‍ വന്നാല്‍ വകുപ്പുകളിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. സ്പീക്കര്‍ സ്ഥാനത്തേക്ക് മന്ത്രി കെ.സി. ജോസഫിനെ കൊണ്ടുവന്നുകൊണ്ടുള്ള ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ തീരുമാനത്തിലെത്തുക എളുപ്പമല്ല. കെ.പി.സി.സി. പ്രസിഡന്റുമായി ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഒരുപരിധിവരെ സ്വാതന്ത്ര്യം നല്‍കികൊണ്ട് ചര്‍ച്ച നടന്നാലെ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നും നേതാക്കള്‍ ചൂണ്ടികാട്ടുന്നു.

ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നെങ്കില്‍ മാത്രമെ കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു മന്ത്രി രാജിവെയ്‌ക്കേണ്ട സാഹചര്യമുള്ളൂ. ഗണേഷിനെ മന്ത്രിയാക്കുന്നില്ലെങ്കില്‍ ഒരു എം.എല്‍.എയുള്ള കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനും മന്ത്രിസ്ഥാനം വേണ്ടെന്ന വാദവും മുന്നണിയിലുണ്ട്. ഗണേഷിനോട് മാത്രം അയിത്തം വേണ്ടെന്നതാണ് ഈ വാദത്തിനടിസ്ഥാനം. ഒരു എം.എല്‍.എ. മാത്രമുള്ള ആര്‍.എസ്.പിക്ക് മൂന്നംഗങ്ങള്‍ ആയതോടെയാണ് ഈ വാദത്തിന് ബലം കിട്ടിയത്. എന്നാല്‍ അനൂപിനെ മാത്രമായി ഒഴിവാക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വകുപ്പുകളുടെ പുനഃക്രമീകരണം വന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് ചിലപ്പോള്‍ അനൂപിന് നഷ്ടപ്പെട്ടേക്കാം.

മന്ത്രിസഭാ പുനഃസംഘടനാ കാര്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റിനോട് മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും നിയമസഭാ സമ്മേളന കാലത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നേക്കുമെന്നാണ് കരുതുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close